ഭാവനയും റഹ്മാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അനോമി’ എന്ന ചിത്രത്തിലെ ഭാവനയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. റിയാസ് മാരാത്ത് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൽ ‘സാറ ഫിലിപ്പ്’ എന്ന കഥാപാത്രമായാണ് ഭാവന എത്തുന്നത്. “ഹെർ കോഡ് ഈസ് ട്രൂത്ത്” എന്ന അടിക്കുറിപ്പോടെ പുറത്തിറങ്ങിയ പോസ്റ്റർ, ഭാവനയെ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ തീവ്രവും നിശ്ചയദാർഢ്യവുമുള്ള വ്യക്തിത്വമായി അവതരിപ്പിക്കുന്നു. വൈകാരിക ആഴവും ധീരമായ പ്രതിരോധവും സമന്വയിക്കുന്ന സാറ ഫിലിപ്പ്, ഭാവനയുടെ കരിയറിലെ ഏറ്റവും ശക്തമായ പ്രകടനങ്ങളിൽ ഒന്നായിരിക്കും എന്ന സൂചനയാണ് നൽകുന്നത്.
ഒരു സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ‘അനോമി’യുടെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ടി സീരീസും പനോരമ സ്റ്റുഡിയോസും ചേർന്ന് ആദ്യമായി മലയാളത്തിൽ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. സുജിത് സാരംഗ് ഛായാഗ്രഹണം നിർവഹിച്ചപ്പോൾ, ഹർഷ്വർധൻ രാമേശ്വർ സംഗീതവും കിരൺ ദാസ് എഡിറ്റിംഗും കൈകാര്യം ചെയ്തു. മുംബൈ, എറണാകുളം, പൊള്ളാച്ചി, കൊടൈക്കനാൽ, കോയമ്പത്തൂർ എന്നിവിടങ്ങളിലായി ഏഴ് ഷെഡ്യൂളുകളിലായി നൂറിലധികം ദിവസമാണ് ‘അനോമി’യുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

