Sun. Jul 26th, 2026

മലവും മൂത്രവും മുന്പും വലിയ രാഷ്ട്രീയ ചർച്ചയായിട്ടുള്ള നാടാണ് കേരളം. വർത്തമാന കാലത്ത് മല -മൂത്ര കരത്തിനെതിരെയുള്ള സമരത്തിലൂടെ വീണ്ടും മലവും മൂത്രവും രാഷ്ട്രീയ ചർച്ചയാക്കിയത് ഭൂമിക്കാരൻ ആന്ദ ആശ്രമത്തിൻറെ സാരഥികളായ ഭൂമിക്കാരൻ ജെപ്പിയും അദ്ദേഹത്തിൻറെ ജീവിതപങ്കാളിയായ ശ്രീകല ഭൂമിക്കാരനും കൂടി ആയിരുന്നു. ‘മല മൂത്ര ശങ്കയ്ക്ക് ഇടമെവിടെ?’ എന്നതാണ് അവർ അന്ന് പ്ലക്കാഡ് ആയി പിടിച്ചിരുന്നത്.

ഇപ്പോൾ ആലപ്പുഴ സ്വദേശിയായ ഒരു തൊഴിലാളി സ്ത്രീ അതേ ചോദ്യം ഉന്നയിച്ച് ഹൈക്കോടതി കയറി ഇറങ്ങുകയാണ്. കെട്ടിട നിർമ്മാണ മേഖലയിൽ സ്ത്രീ തൊഴിലാളികൾ പൈലിംഗ് കാലം മുതൽ ജോലിചെയ്യുന്നുണ്ടെങ്കിലും അവർക്ക് പ്രാഥമീക കർമ്മങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങൾ പോലും പല സൈറ്റുകളിലും ഇല്ലെന്നും സ്ത്രീകളിൽ പലരും ഷുഗർ ഉൾപ്പെടെ പല അസുഖങ്ങൾ ഉള്ളവരാണെന്നും, പാവപ്പെട്ട ഗർഭിണികളായ സ്ത്രീകൾ ഉൾപ്പെടെ നിർമ്മാണ മേഖലയിൽ ജോലിചെയ്യുന്നുണ്ടെന്നും എത്ര മൂത്രശങ്ക അനുഭവപ്പെട്ടാലും പിടിച്ചുവെക്കുകയോ ഏതെങ്കിലും പൊന്തക്കാടിൻറെ മറവിലോ ഒക്കെ കാര്യം സാധിക്കേണ്ട ഗതികേടാണെന്നും കെട്ടിട നിർമ്മാണത്തിന് പെർമിഷൻ കൊടുക്കുമ്പോൾ വർക്ക് സൈറ്റുകളിൽ താത്കാലിക ടോയ്‌ലറ്റ് സംവിധാനം ഉറപ്പാക്കിവേണം നൽകാനെന്നും കാണിച്ച് കേരളാ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

45 ലക്ഷത്തോളം അസംഘടിത തൊഴിലാളികൾ കേരളത്തിൽ ഉണ്ട്. ഇവരെക്കൂടാതെ പൊളി ടെക്നിക്കും ഐ ടി ഐ ഉം ഒക്കെ കഴിഞ്ഞശേഷം വർക്ക് സൈറ്റുകളിൽ സൂപ്പർ വൈസർമാരായി ജോലിനോക്കുന്ന പാവപ്പെട്ട ധാരാളം പെൺകുട്ടികൾ ഉണ്ട്. അവരിൽ പലരും ടോയിലെറ്റ് സംവിധാനം ഇല്ലാത്തതിന്റെ പേരിൽ ജോലി ഉപേക്ഷിച്ചവരും ഉണ്ട്.

ഹൈക്കോടതി രണ്ടുവർഷം മുൻപ് ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ട് ഹർജിക്കാരിയെ അഭിനന്ദിച്ചിരുന്നു, വളരെ ഗൗരവമുള്ള കാര്യമാണ് ഹർജിയിൽ ഉള്ളതെന്നും ഇത്തരം ഹർജികളാണ് ഉണ്ടാകേണ്ടതിനുമൊക്കെ വാക്കാൽ പറഞ്ഞെങ്കിലും സാധാരണ ഹൈക്കോടതിയിൽ നൽകുന്ന ഹർജികളിൽ രണ്ടോ മൂന്നോ സിറ്റിങ്ങിൽ തീരാത്ത കേസുകൾ പിന്നെ അനന്തമായി നീളുന്നതുപോലെ ഹർജിക്കാരിയുടെ മൂത്രം ഒഴിക്കാനുള്ള കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. വേറെ നോർത്ത് പറവൂർ ഉള്ള മറ്റൊരു സ്ത്രീയും ആദ്യം പറവൂർ കോടതിയെയും പിന്നീട് ഹൈക്കോടതിയെയും സമീപിച്ചിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. മിക്കവാറും ഇവരുടെ മരണശേഷമെങ്കിലും മൂത്രം ഒഴിക്കാനുള്ള കാര്യം തീരുമാനമായാൽ ഭാഗ്യം.

WCC ക്കാർ സിനിമാ നടിമാരുടെ മലമൂത്ര വിസർജ്ജന കാര്യത്തിൽ ഇതേ വിഷയങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ മാധ്യമങ്ങളുടെ ഭാഗത്തുനിന്നും രാഷ്ട്രീയക്കാരുടെ ഭാഗത്തുനിന്നുമൊക്കെ കിട്ടിയ പിന്തുണ പാവം നിർമ്മാണ തൊഴിലാളികളുടെ അപ്പിക്കും മൂത്രത്തിനും ലഭിക്കായ്ക സ്വാഭാവികമാണല്ലോ?

1937-ൽ “തൊഴിലാളി”മാസികയുടെ വിശേഷാൽ പ്രതിയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ വായിച്ചാൽ ആർ, സുഗതൻ ആലപ്പുഴ പട്ടണത്തിലെ തോട്ടികൾക്കിടയിൽ നടത്തിയ ഇടപെടലുകളെക്കുറിച്ച് മനസിലാകും. “സഖാവ് സുഗതന്റെ തെരഞ്ഞെടുത്ത ലേഖനങ്ങൾ” (പേജ് 52 –55) നാലു പുറങ്ങളിലായി അദ്ദേഹം തോട്ടികളെ കുറിച്ചെഴുതിയ ഒരു സുദീർഘ ലേഖനം ചേർത്തിട്ടുണ്ട്. പിന്നീട് 10 വർഷം കഴിഞ്ഞു 1947 ലാണ് തകഴിയുടെ ‘തോട്ടിയുടെ മകൻ’ പ്രസിദ്ധീകരിച്ചത്.

ഇന്ത്യയിൽ ആദ്യമായി തോട്ടിപ്പണിക്കാരെ സംഘടിപ്പിച്ചത് പ്രഭാവതി ഭാസ് ഗുപ്തയാണ്. കേരളത്തിൽ ജൂബാ രാമകൃഷ്ണ പിള്ളയും. പിന്നീട് തിരുവനന്തപുരത്ത് മുൻ എംപിയും, എം എൽ എയും ആയിരുന്ന കെ.അനിരുദ്ധനും കൊച്ചിയിൽ എം എം ലോറൻസും തോട്ടിത്തൊഴിലാളികളെ സംഘടിപ്പിച്ചിരുന്നു. കക്കൂസുകൾ വ്യാപകമായി നിലവിൽ വന്നതോടെ തോട്ടികൾ ഇല്ലാതായെങ്കിലും മൂത്രത്തിന്റെയും അപ്പിയുടെയും പ്രശ്നം വേറെ പലരൂപത്തിലും നിലനിന്നിരുന്നു, 21 ആം നൂറ്റാണ്ടിൽ വീണ്ടും മലമൂത്ര പ്രശ്നം ഉന്നയിച്ച് സമര രംഗത്ത് ഇറങ്ങിയത് ഭൂമിക്കാരനാണ്.

തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിലെ മുൻ ജീവനക്കാരൻ കെ. ജി. ഫ്രാൻസിസ് ആന്റണി വളരെ കുറഞ്ഞ ചിലവിൽ വെറും 10000 രൂപയ്ക്ക് വർക്ക് സൈറ്റുകളിൽ ഉപയോഗിക്കാവുന്ന ഒരു ടോയിലറ്റ് രൂപകൽപ്പന ചെയ്തിരുന്നു.

എന്തയാലും 10,000 രൂപയ്ക്ക് പരിഹാരം ഉണ്ടാക്കാവുന്ന ഈ വിഷയത്തിന് ആ പാവം പിടിച്ച നിർമ്മാണ തൊഴിലാളി സ്ത്രീ മറ്റു ചില സ്ത്രീ തൊഴിലാളികളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെ ഇതിനകം 35,000 രൂപ വക്കീലിന് കൊടുത്തുകഴിഞ്ഞു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതുവരെ മൂത്രം ഒഴിക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടുമില്ല! ഇങ്ങനെയാണ് നമ്മുടെ നിയമ സംവിധാനത്തിൽ നിന്നും പാവപ്പെട്ടവന് നീതി ലഭിക്കാനുള്ള അവസ്ഥ.

ഇതേക്കുറിച്ചു കെ. ജി. ഫ്രാൻസിസ് ആന്റണി പറയുന്നത് ഇങ്ങനെയാണ്: “കെട്ടിട നിർമ്മാണം തുടങ്ങുമ്പോൾ, തൊഴിലാളികൾക്കുവേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ പുണ്ണ്യകർമ്മം. അവർക്കു വേണ്ടി ഒരു താൽക്കാലിക ശുചിമുറി ഒരുക്കി നൽകുക എന്നതാണ്. വളരെ കുറഞ്ഞ സ്ഥല സൗകര്യത്തിൽ നിർമ്മിക്കാം. 7 അടി ഉയരത്തിൽ ചതുരാ ക്രിതിയിൽ സാധാരണ ഒരു ചെറിയ ശുചിമുറിയുടെ അളവിൽ കനം കുറഞ്ഞ സ്ക്വയർ M.S Tube കളിൽ ഫ്രെയിം തീർത്ത്, സ്വകാര്യതയ്ക്ക് ഭംഗം വരാത്ത വിധം സുഗമമായ വായുസഞ്ചാരം ഉറപ്പാക്കി ഫ്രെയിം നു ചുറ്റും പാർട്ടിഷ്യൻ ഷീറ്റുകൾ മറച്ച് മുൻഭാഗത്തായി അടച്ചുറപ്പുള്ള ഒരു വാതിലും ഘടിപ്പിക്കുക. വിസർജ്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കാവുന്നതിനായി താൽക്കാലിക ടാങ്കുകളും ഒപ്പം സ്ഥാപിക്കുക. ജല ഉപയോഗത്തിനായി ശുചിമുറിയിൽ വാട്ടർ കണക്ഷനും നൽകുക. വളരെ കുറഞ്ഞ ചിലവിൽ എളുപ്പം നിർമ്മിക്കാവുന്നതും, ആവശ്യശേഷം എളുപ്പം അഴിച്ചുമാറ്റാവുന്നതുമാണ്. തൊഴിലാളികളുടെ ശുചിത്വ ആവശ്യങ്ങൾ നിറവേറ്റി ആരോഗ്യരക്ഷയ്ക്കുപകരിക്കുന്ന ഇത്തരം താൽക്കാലിക ശുചിമുറി എല്ലാ കെട്ടിട നിർമ്മാണ സ്ഥലത്തും നിർബന്ധമായി സ്ഥാപിക്കേണ്ടതാണെന്നാണ് ഞങ്ങളുടെ പക്ഷം. ശുചിമുറി സൗകര്യമില്ലാതെ കെട്ടിട നിർമ്മാണ അനുമതി നൽകരുത്. ഇത് നിയമം മൂലം നടപ്പാക്കിയാൽ എല്ലാ തൊഴിലാളികൾക്കും ഏറെ സഹായകരമാകും, നല്ലൊരു തൊഴിൽ സംസ്കാരം പടുത്തുയർത്തുകയും ചെയ്യാം.”

(തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിലെ മുൻ ജീവനക്കാരനാണ് കെ. ജി. ഫ്രാൻസിസ് ആന്റണി. ഫോൺ: 7907301713)