മലയാള സിനിമയുടെ ആകാശത്ത് സൂര്യനെപ്പോലെ ജ്വലിച്ചു നിൽക്കുന്ന താരമാണ് മമ്മൂട്ടി. വെറും ഒരു നടനല്ല മമ്മൂട്ടി, മലയാള സിനിമയുടെ ചരിത്രത്തിലെ ഒരദ്ധ്യായമാണ്. ഇപ്പോഴിതാ ഭരതൻ, മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ‘അമരം’ മുപ്പത്തിനാല് വർഷങ്ങൾക്ക് ശേഷം റീ റിലീസിന് ഒരുങ്ങുന്നു. 1991 ൽ പുറത്തിറങ്ങിയ ചിത്രം മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നാണ്. കെപിഎസി ലളിതയ്ക്ക് മികച്ച സഹ നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത ചിത്രം കൂടിയാണ് അമരം.
മമ്മൂട്ടിക്കൊപ്പം മുരളി, അശോകൻ, മാധു, കെപിഎസി ലളിത തുടങ്ങിയ താരങ്ങളുടെ മികച്ച പ്രകടനവും അമരത്തെ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി ഇന്നും നിലനിർത്തുന്നു. ലോഹിതദാസ് തിരക്കഥയെഴുതിയ ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മധു അമ്പട്ട് ആണ്. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മധു അമ്പാട്ട് റെട്രോസ്‌പെക്റ്റീവ് വിഭാഗത്തിൽ ‘അമരം’ പ്രദർശിപ്പിച്ചിരുന്നു. രവീന്ദ്രൻ സംഗീതം നൽകിയ ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയത് ജോൺസണായിരുന്നു. ചിത്രം 4K ഡോൾബി അറ്റ്മോസിലാണ് വേൾഡ് വൈഡ് റീ റിലീസായി എത്തുന്നത്. സൈബർ സിസ്റ്റംസ് ഓസ്‌ട്രേലിയ എന്ന വിതരണ കമ്പനിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.


