Mon. Nov 23rd, 2026

മലയാള സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർഹിറ്റുകളിലൊന്നായ ‘ദേവാസുരം’ സിനിമയുടെ തുടർച്ചയായി 2001-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘രാവണപ്രഭു’. മംഗലശ്ശേരി നീലകണ്ഠൻ എന്ന രാജാവിൻ്റെ ആർദ്രമായ മനസ്സും, വാശിയേറിയ ജീവിതവും, കാലാന്തരത്തിൽ മകൻ കാർത്തികേയനിലേക്ക് പകർന്നു കിട്ടിയ വീര്യവുമാണ് ഈ സിനിമയുടെ കാതൽ. റീ റിലീസ് ട്രെന്റിൽ കേരളത്തിലെ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഘോഷിച്ചത് മോഹൻലാൽ ചിത്രങ്ങളെയാണ്. ഏറ്റവും കൂടുതൽ റീ റിലീസിന് എത്തിയ പടങ്ങളും മോഹൻലാലിന്റേത് തന്നെയാണ്. ഒക്ടോബർ 10ന് ആയിരുന്നു രാവണപ്രഭു പുത്തൻ സാങ്കേതിക മികവോടെ പ്രേക്ഷകർക്ക് മുന്നിൽ വീണ്ടും എത്തിയത്. ഇപ്പോഴിതാ രാവണപ്രഭുവിന്റെ റീ റിലീസ് കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്.

സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 2.85 കോടിയാണ് നാല് ദിവസം കൊണ്ട് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിലും മികച്ച കളക്ഷ്ഷൻ ചിത്രത്തിന് ലഭിക്കുമെന്നാണ് ട്രാക്കർന്മാരുടെ വിലയിരുത്തൽ. മലയാളത്തിലെ റീ റിലീസ് ഓപ്പണിങ്ങിൽ രണ്ടാം സ്ഥാനത്താണ് രാവണപ്രഭു. 67- 70 ലക്ഷം വരെയാണ് ചിത്രം നേടിയതെന്നാണ് ട്രാക്കർമാരുടെ റിപ്പോർട്ട്. ഒന്നാം സ്ഥാനത്ത് മോഹൻലാലിന്റെ തന്നെ സ്ഫടികം ആണ്. ഈ രണ്ട് സിനിമകൾക്ക് പുറമെ ദേവദൂതൻ, മണിച്ചിത്രത്താഴ്, ഛോട്ടാ മുംബൈ എന്നിവയാണ് മോഹൻലാലിന്റേതായി റീ റിലീസ് ചെയ്യപ്പെട്ട സിനിമകൾ.