✍️ ലെജി കൃഷ്ണൻ
കേരളത്തിന്റെ ആരോഗ്യരംഗം വീണ്ടും ഞെട്ടലിലാണ്. പാലക്കാട് പല്ലശ്ശനയിലെ നാലാം ക്ലാസുകാരിയായ മകളുടെ കൈ, ഒരു എല്ലുപൊട്ടലിന് ചികിത്സ തേടിയതിനെത്തുടർന്ന് മുറിച്ചുമാറ്റേണ്ടി വന്ന വാർത്ത അത്രയേറെ ഭീകരമാണ്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥയും ചികിത്സയിലെ പിഴവുമാണ് ഒരു പിഞ്ചുകുഞ്ഞിന്റെ ഭാവിക്ക് മേൽ കരിനിഴൽ വീഴ്ത്തിയത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് കേരളത്തിലെ ചികിത്സാരംഗത്ത് ആവർത്തിക്കുന്ന ഗുരുതരമായ പിഴവുകളുടെയും ഉത്തരവാദിത്തമില്ലായ്മയുടെയും ഏറ്റവും പുതിയ ഉദാഹരണം മാത്രം. ഇനിയും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ, ഡോക്ടർമാരുടെ ചികിത്സാപ്പിഴവിന് ശക്തമായ ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമനിർമ്മാണം അനിവാര്യമായിരിക്കുന്നു.
സമീപകാലത്തായി നമ്മുടെ ആരോഗ്യരംഗത്ത് നിന്ന് കേൾക്കുന്ന വാർത്തകൾ ആശങ്കാജനകമാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവശസ്ത്രക്രിയക്കിടെ ഹർഷിന എന്ന യുവതിയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം (കത്രിക) മറന്നുവെച്ച സംഭവം കേരളം മറന്നിട്ടില്ല. വർഷങ്ങളോളം വേദന തിന്ന് ജീവിക്കേണ്ടി വന്ന ആ അമ്മയുടെ ദുരിതത്തിനും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനും നാം സാക്ഷികളായതാണ്. കാല് മാറി ശസ്ത്രക്രിയ ചെയ്യുക, രോഗനിർണയത്തിൽ ഗുരുതരമായ പിഴവുകൾ വരുത്തുക, തെറ്റായ മരുന്ന് നൽകുക എന്നിങ്ങനെ പിഴവുകളുടെ പട്ടിക നീളുകയാണ്. ഓരോ തവണയും ഒരു പിഴവുണ്ടാകുമ്പോൾ അന്വേഷിക്കാൻ ഒരു കമ്മിറ്റിയെ നിയമിക്കുകയും റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യുന്നു. എന്നാൽ കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുന്നില്ല എന്നതാണ് സത്യം. ഇത് കൂടുതൽ അനാസ്ഥകൾക്ക് വളം വെക്കുകയാണ് ചെയ്യുന്നത്.
ഈ സാഹചര്യത്തിലാണ് ഡോ. വന്ദന ദാസിന്റെ ദാരുണമായ കൊലപാതകവും അതിനെത്തുടർന്നുണ്ടായ നിയമനിർമ്മാണവും നാം ഓർക്കേണ്ടത്. ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും നേരെയുള്ള അതിക്രമങ്ങൾ തടയേണ്ടത് അത്യാവശ്യമാണ്. ആ ലക്ഷ്യത്തോടെ സർക്കാർ കൊണ്ടുവന്ന “കേരള ആരോഗ്യപ്രവർത്തകരും ആരോഗ്യസ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശനഷ്ടവും തടയൽ) ഭേദഗതി നിയമം, 2023” ഡോക്ടർമാർക്ക് കൂടുതൽ സംരക്ഷണം നൽകി. ഡോക്ടർമാരുടെ സംഘടനകളുടെ സമ്മർദ്ദം ഈ നിയമത്തിന് പിന്നിലുണ്ടായിരുന്നു.
എന്നാൽ, ഈ സംരക്ഷണം ചില ഡോക്ടർമാർക്കെങ്കിലും രോഗികളോടുള്ള തങ്ങളുടെ അടിസ്ഥാനപരമായ ഉത്തരവാദിത്തത്തിൽ നിന്ന് വ്യതിചലിക്കാൻ ഒരു മറയായി മാറിയോ എന്ന് സമൂഹം സംശയിക്കുന്നു. ഡോക്ടർമാർ സംരക്ഷിക്കപ്പെടേണ്ടത് രോഗികളെ ചികിത്സിക്കാനാണ്, അല്ലാതെ ചികിത്സയിൽ പിഴവ് വരുത്തിയിട്ട് നിയമത്തിന്റെ പഴുതുകളിൽ അഭയം തേടാനല്ല.

നിലവിലെ നിയമവ്യവസ്ഥ അനുസരിച്ച്, ഒരു ചികിത്സാപ്പിഴവ് നടന്നാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരമോ ഉപഭോക്തൃ കോടതികളിലോ ആണ് ഒരു സാധാരണക്കാരന് നീതി തേടാൻ സാധിക്കുക. എന്നാൽ ഈ വഴികൾ അതീവ സങ്കീർണ്ണവും കാലതാമസം നേരിടുന്നതുമാണ്. ഒരു ഡോക്ടറുടെ പിഴവ് ശാസ്ത്രീയമായി തെളിയിക്കുക എന്നത് സാധാരണക്കാരന് ഏറെക്കുറെ അസാധ്യമാണ്. മെഡിക്കൽ ബോർഡുകളുടെയും വിദഗ്ദ്ധാഭിപ്രായങ്ങളുടെയുംനൂലാമാലകളിൽ പലപ്പോഴും നീതി നിഷേധിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ, നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമാണ്.
ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി പരിഗണിക്കേണ്ട ചില കാര്യങ്ങളുണ്ട്:
1.പുതിയ നിയമനിർമ്മാണം:
ചികിത്സാപ്പിഴവുകൾക്ക് മാത്രമായി ഒരു പ്രത്യേക നിയമം കൊണ്ടുവരണം. ഈ നിയമത്തിൽ ‘ചികിത്സാപ്പിഴവ്’ എന്താണെന്ന് വ്യക്തമായി നിർവചിക്കുകയും ഓരോ പിഴവിന്റെയും ഗൗരവമനുസരിച്ച് കഠിനമായ ശിക്ഷാ നടപടികൾ വ്യവസ്ഥ ചെയ്യുകയും വേണം. ഡോക്ടറുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശനമായ നടപടികൾ ഇതിന്റെ ഭാഗമാക്കണം.
2.ഉത്തരവാദിത്തം ഉറപ്പാക്കൽ:
പിഴവ് വരുത്തുന്ന ഡോക്ടറെ വ്യക്തിപരമായി ഉത്തരവാദിയാക്കണം. നിലവിൽ പലപ്പോഴും ആശുപത്രി മാനേജ്മെന്റിന്റെ തലയിൽ മാത്രം ഉത്തരവാദിത്തം കെട്ടിവെച്ച് ഡോക്ടർമാർ രക്ഷപ്പെടുന്ന സാഹചര്യം ഒഴിവാക്കണം.
3.സുതാര്യമായ അന്വേഷണ സംവിധാനം:
ചികിത്സാപ്പിഴവ് സംബന്ധിച്ച പരാതികൾ അന്വേഷിക്കാൻ ആരോഗ്യ വിദഗ്ധരും നിയമജ്ഞരും പൊതുപ്രവർത്തകരും ഉൾപ്പെടുന്ന ഒരു സ്വതന്ത്രവും സുതാര്യവുമായ സംവിധാനം രൂപീകരിക്കണം. ഈ സമിതിയുടെ റിപ്പോർട്ടിന്മേൽ കാലതാമസമില്ലാതെ നടപടി ഉറപ്പാക്കണം.
4.നഷ്ടപരിഹാരം:
പിഴവിന് ഇരയാകുന്ന രോഗിക്ക് എത്രയും പെട്ടെന്ന് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ടാകണം. ഒരു കുഞ്ഞിന്റെ കൈ നഷ്ടപ്പെട്ടാൽ പണം കൊണ്ട് ആ നഷ്ടം നികത്താനാവില്ല, പക്ഷേ ഭാവി ജീവിതത്തിന് ഒരു താങ്ങായി അത് മാറണം.
ദൈവതുല്യരായി കാണുന്ന ഡോക്ടർമാരിൽ നിന്ന് ഒരു പിഴവും ഉണ്ടാകാൻ പാടില്ല. എന്നാൽ മനുഷ്യസഹജമായ തെറ്റുകൾ സംഭവിക്കാം. പക്ഷേ, അശ്രദ്ധയും അനാസ്ഥയും മൂലം ഒരു ജീവിതം തകർക്കുന്നത് പൊറുക്കാനാവാത്ത കുറ്റമാണ്. ഡോ. വന്ദന ദാസിന്റെ ജീവൻ സംരക്ഷിക്കാൻ കഴിയാതിരുന്ന ഒരു വ്യവസ്ഥിതിയിൽ, ഡോക്ടർമാരുടെ സംരക്ഷണത്തിനായി നിയമം വന്നതുപോലെ, പല്ലശ്ശനയിലെ പിഞ്ചുകുഞ്ഞിന് നീതി ഉറപ്പാക്കാനും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും ശക്തമായ ഒരു നിയമം സർക്കാർ കൊണ്ടുവന്നേ മതിയാവൂ. രോഗിയുടെ ജീവനും അവയവങ്ങൾക്കും വിലകൽപ്പിക്കുന്ന ഒരു നിയമസംഹിതയാണ് ഇന്ന് കേരളത്തിന് ആവശ്യം.


