Tue. Jul 28th, 2026

✍️ ലിബി. സിഎസ്

2018-ൽ ശബരിമലയിൽ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്നുള്ള ചരിത്രവിധി സുപ്രീംകോടതി പ്രഖ്യാപിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ചരിത്രപരമായ ഈ വിധി പ്രഖ്യാപിച്ചത്.

1990-ൽ ദേവസ്വം കമ്മീഷണറായിരുന്ന എസ്. ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് സന്നിധാനത്ത് നടത്തിയതിന്റെ ചിത്രം പത്രങ്ങളിൽ വന്നതോടെയാണ് ശബരിമല സ്ത്രീ പ്രവേശനം കേസിന് തുടക്കം കുറിച്ചത്.

1990 സെപ്തംബർ 24ന് ചങ്ങനാശ്ശേരി സ്വദേശിയായ എസ് മഹേന്ദ്രൻ ഈ ചിത്രവുമായി ആദ്യ കേസ് കേരള ഹൈക്കോടതിയിൽ സമർപ്പിച്ചു. 1991 ഏപ്രിൽ 5ന് ശബരിമലയിലെ സ്ത്രീപ്രവേശനം നിരോധിച്ചുകൊണ്ട് ഹൈക്കോടതി വിധി പറഞ്ഞു.10 മുതൽ 50 വരെ പ്രായമുള്ള സ്ത്രീകളെയാണ് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയത്.

ഇതിനെതിരെ 2006-ൽ ഭക്തി പസ്രീജ, ഡോ. ലക്ഷ്മി ശാസ്ത്രി, പ്രേമ കുമാരി, അൽക്ക ശർമ്മ, സുധ പാൽ എന്നിവരുടെ നേതൃത്വത്തിൽ യങ് ലോയേഴ്സ് അസോസിയേഷൻ സുപ്രീം കോടതിയിൽ ഹർജി നല്‍കുകയായിരുന്നു. തുടർന്നായിരുന്നു ചരിത്രവിധി. സിപിഎം ന്റെ വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷനും വെറുതെ ഒരു രസത്തിന് കേസിൽ കക്ഷി ചേർന്നിരുന്നു.
ഏതു ക്ഷേത്രങ്ങളിലും എല്ലാവര്ക്കും പോകാവുന്നതാണെന്നും സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും അന്തിമ വിധിവരുന്നതിന് മുൻപ് തന്നെ സുപ്രീം കോടതി നിരീക്ഷണം നടത്തിയിരുന്നു.

ശാരീരികമായതോ ജൈവീകമായതോ ആയ അവസ്ഥകളുടെ പേരിൽ സ്ത്രീകളെ മാറ്റി നിർത്താൻ ആവില്ലെന്ന് അന്തിമ വിധിയിൽ സുപ്രീം കോടതി നിരീക്ഷിച്ചു. ശബരിമലയിൽ വിശ്വാസത്തിന്റെ പേരിൽ സ്ത്രീകളോട് വിവേചനം കാണിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി പറഞ്ഞു. 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാനാവില്ല എന്നത് അംഗീകരിക്കാനാവില്ലെന്നും വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കി. ഇത് ലിംഗ സമത്വത്തിനെതിരെയുള്ള കടന്നു കയറ്റമാണെന്നും വിശ്വാസത്തിന്റെ പേരിൽ അസമത്വങ്ങൾ അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

ഭരണഘടനാബഞ്ചിലെ അഞ്ച് ജഡ്ജിമാരിൽ ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രമാണ് എതിർ അഭിപ്രായം പ്രകടിപ്പിച്ചത്. ശബരിമലയിൽ ആരാധനയ്ക്കായി പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനമനുവദിക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. 1965 ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശന നിയമവകുപ്പായ 3 ബി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഈ വകുപ്പ് അനുസരിച്ചു ആർത്തവകാലയളവിൽ സ്ത്രീകൾക്ക് ശബരിമല എന്നല്ല കേരളത്തിലെ ഒരു ക്ഷേത്രത്തിലും കയറാനുള്ള അനുമതിയില്ല.10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ശബരിമല പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഭരണഘടനാലംഘനമാണെന്നു ആയിരുന്നു ഹർജിക്കാർ വാദിച്ചത്.

പ്രത്യേകവിഭാഗത്തിൽപെട്ട ക്ഷേത്രമല്ലാത്തതിനാൽ ശബരിമലയിൽ എല്ലാവർക്കും വിവേചനമില്ലാതെ പ്രവേശിക്കാൻ അനുവാദം നൽകുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്നാണ് ക്ഷേത്രത്തിൻറെ ഉടമസ്ഥരായ കേരള സർക്കാർ കോടതിയിൽ അഫിഡവിറ്റ് നൽകിയത്.

ക്ഷേത്രപ്രവേശനവിളംബരത്തിനുശേഷംവന്ന വിപ്ലവകരമായ എന്തോ സംഭവമാണ് സുപ്രീം കോടതിയിലൂടെ വന്നത് എന്നൊക്കെയാണ് വിധിവന്ന പിന്നാലെ രാജ്യത്തെ പ്രമുഖരെല്ലാം പ്രതികരിച്ചത്. കേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതി വിധി പൊതുവിൽ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സ്വീകാര്യമായിരുന്നു എന്ന് പിറ്റേന്നത്തെ പത്രങ്ങൾ എടുത്ത് പരിശോധിച്ചാൽ മനസിലാകും. എതിർക്കാൻ സാധ്യതയുണ്ടായിരുന്ന ബി.ജെ.പിയും ആർ.എസ്.എസ്സും ആദ്യമേ തന്നെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചതാണ്. വിധിവരുന്നതിന് മുൻപുതന്നെ ശബരിമലയിൽ സ്ത്രീകൾ കയറണമെന്ന് കേരളത്തിൽ ആദ്യമായി സംസാരിച്ചത് ഗുരു നിത്യചൈതന്യയതി ആണെങ്കിലും ഈ വിഷയം ചർച്ചയാക്കിയ ആദ്യ സംഘടന ആർഎസ്എസ് തന്നെയാണ്. ജന്മഭൂമി പത്രം ഉൾപ്പെടെ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.

പ്രത്യേക നിലപാടുകളൊന്നും ഇല്ലാത്ത കോൺഗ്രസ്സ് സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്നു എന്നായിരുന്നു വിധി വന്നയുടനെ പ്രസ്താവന ഇറക്കിയത്. വിധി നടപ്പിലാക്കാനുള്ള കരുത്ത് അന്നത്തെ ഇടതുപക്ഷ സർക്കാരിനുണ്ട് എന്ന് കേരളത്തിലെ പൊതുസമൂഹവും വിശ്വസിച്ചു. മൊത്തത്തിൽ വളരെ സുഗമമായി അതങ്ങ് നടപ്പിലാക്കപ്പെടുമായിരുന്നു. കാലങ്ങളായി നിലവിലുള്ള ഒരു ദുഷ്പ്രവണത നിയമത്തിന്റെ ഇടപെടലിലൂടെ ഇല്ലാതാവുന്നു എന്ന രീതിയിൽ കണ്ട് കേരളത്തിലെ ഹിന്ദു സമൂഹവും പൊതു സമൂഹവും അതിനോടൊപ്പം നിൽക്കുമായിരുന്നു. നിയമത്തിന്റെ കണക്കിലായതുകൊണ്ട് രാഷ്ട്രീയക്കാർ സന്തോഷത്തോടെ കൈ കഴുകി കാര്യം നടത്തിയേനെ.

എന്നാൽ ശബരിമലയുടെ കുത്തകാവകാശം സ്വയം ഏറ്റെടുത്ത രാഹുൽ ഈശ്വറെന്ന ‘ടെലിവിഷൻ അവതാരം’ മലയാളത്തിലെ ചില ദൃശ്യമാധ്യമങ്ങളുടെ സഹായത്തോടെ അയാളുടെ പ്രമോഷനായി ചെലവാക്കിയ പണത്തിൻറെ മഞ്ഞളിപ്പിൽ ചെറിയ സമയം കൊണ്ട് കാര്യങ്ങളെ കുഴച്ചു മറിച്ചു. ഈ വിഷയത്തിന്റെ വർഗീയ ധ്രുവീകരണ സാധ്യത അയാളും അതി ഹൈന്ദവരും തിരിച്ചറിഞ്ഞു. അതോടെ കോൺഗ്രസ്സും ബി.ജെ.പിയും മലക്കം മറിഞ്ഞു. കമ്മ്യൂണിസ്റ്റു വീടുകളിലെ ഹൈന്ദവ മനസ്സുകളും മറിച്ചു ചിന്തിച്ചു തുടങ്ങി. അതോടെ വോട്ടുബാങ്കിന്റെ മലീമസ ബുദ്ധി എല്ലായിടത്തും പ്രവർത്തനമാരംഭിച്ചു. തുടർന്ന് കേരളം കണ്ട ഏറ്റവും വലിയ ഫാസിറ്റ് വെല്ലുവിളിയും ശൂദ്രലഹളയും നാം കണ്ടതാണല്ലോ?

എന്നാൽ പിന്നീട് വർഷങ്ങൾ പിന്നിടുമ്പോഴും ആർഎസ്എസ് നെ മാത്രം അതിൻറെ പേരിൽ വിമർശിക്കുന്നവർ അതിനേക്കാൾ പിന്തിരിപ്പൻ നിലപാടെടുത്ത മറ്റു പുരോഗമന ലേബലുമായി നടക്കുന്ന സംഘടനകളെ ബോധ പൂർവ്വം വിസ്മരിക്കാനും ശബരിമല സ്ത്രീപ്രവേശനത്തെ കുറിച്ച് മാത്രം നിശബ്ദത പാലിക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ ആകട്ടെ പുരോഗമനന്മാർ എല്ലാവരും മത്സരിച്ച് ആചാര സംരക്ഷകർ ആകുന്ന കോമഡി കാഴ്ചയാണല്ലോ നാം കാണുന്നത്.

ശബരിമല വിഷയത്തിൽ അന്ന് ഏറ്റവും പിന്തിരിപ്പൻ നിലപാട് എടുത്ത സംഘടന കോൺഗ്രസ് ആയിരുന്നു, ആർഎസ്എസ് ൽ ടിജി മോഹൻദാസിനെയൊക്കെ പോലുള്ള എതിർ ശബ്ദങ്ങൾ ഉണ്ടായിരുന്നു. കോൺഗ്രസിൽ അങ്ങനൊരു ശബ്ദം വലിയ പുരോഗമനകാരികളും നെഹ്റുവിയൻമാരുമായി നടിക്കുന്നവരിൽ നിന്നുപോലും ഉണ്ടായില്ല എന്നുമാത്രമല്ല, രാഹുൽഗാന്ധിയുടെ നിലപാടിന് വിരുദ്ധമായി ശൂദ്രലഹളക്കാർക്കൊപ്പം അവർ രംഗത്തിറങ്ങുകയും ബസ്റ്റാന്റിലിരുന്നു പാസാക്കിയ ആചാരസംരക്ഷണ ബിൽ എന്ന അശ്ലീലവുമായി തിരഞ്ഞെടുപ്പിനെ നേരിടാൻപോലും അവർക്ക് യാതൊരു ഉളുപ്പുമില്ലായിരുന്നു. കോൺഗ്രസിലെ പുരോഗമനകാരികളും നെഹ്റുവിയൻമാരുമൊന്നും ഈ ആചാരസംരക്ഷണ കോമഡി ബില്ലിനെതിരെ ഒരക്ഷരവും മിണ്ടിയില്ല.

സുപ്രീം കോടതിയിലെ കേസിൽ കക്ഷിചേർന്ന കേരളത്തിലെ ഏക ഫെമിനിസ്റ്റ് സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷൻ ഉൾപ്പെടെ മറ്റു ഫെമിനിസ്റ്റ് സംഘടനകളും ഫെമികളുമെല്ലാം വിധിവന്നശേഷം സംഘികളെ ചില വെല്ലുവിളികളൊക്കെ നടത്തിയ ശേഷം മാളത്തിലൊളിച്ചത് കേരളം കണ്ടതാണ്. അതിനു മുൻപ് അഗസ്ത്യാർ കൂടത്തിലെ ആദിവാസികളുടെ ആചാരം ലംഘിക്കുന്ന അത്രയും എളുപ്പമല്ല ശബരിമലയിലെ ബ്രാഹ്മണൻറെ ആചാരം ലംഘിക്കുക എന്നവർക്ക് മനസിലായി.

കേരളത്തിലെ വിദ്യാർഥിസംഘടനകൾ യുവജന സംഘടനകൾ മറ്റു സാമൂഹ്യ സാംസ്‌കാരിക നായകന്മാർ ആക്ടിവിസ്റ്റുകൾ എല്ലാം ആ വിഷയത്തിൽ എന്താണ് ചെയ്തതെന്നും, ഇപ്പോഴും അക്കാര്യത്തിൽ പാലിക്കുന്ന പവിത്ര നിശബ്ദതയും ആർഎസ്എസിനേക്കാൾ അധികം പുരോഗമന നാട്യക്കാർ ഉൾപ്പെടുന്ന കേരളം എത്രമാത്രം പുനരുത്ഥാന പാതയിൽ പിന്നോട്ടു സഞ്ചരിച്ചു കഴിഞ്ഞു എന്ന് വ്യക്തമാക്കുന്നവയാണ്.

സംഘിസം ഒരു ആശയമാണ്. അത് സംഘപരിവാർ മാത്രമല്ല പിന്തുടരുന്നത്. അതിനെ പുശ്ചിച്ചു തള്ളിയാൽ തീരുന്നതല്ല അത്. ചില ആശയങ്ങളാണ് ആത്യന്തികമായി മനുഷ്യനെ സംഘടിതമാക്കുന്നത്. ഇവിടെയാകട്ടെ അത് ലിംഗനീതിയും ആചാര സംരക്ഷണവും എന്ന രണ്ട് തട്ടുകളിലാണ് സംഘടനകളെ നിർത്തിയിരിക്കുന്നത് എന്നേയുള്ളൂ. കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മതാചാര സംരക്ഷണത്തിനൊപ്പമാണെന്നും തങ്ങൾ ഭരണഘടനയ്ക്കും മാനവികതയ്ക്കും ലിംഗനീതിയ്ക്കും എതിരാണെന്നും കൊടിയുടെ നിറം കവിയാണോ ചുവപ്പാണോ പച്ചയാണോ മൂന്ന് കളർ ഉള്ളതാണോ എന്ന ഭേദമില്ലാതെ ബോധ്യമാക്കിത്തരാൻ ആ വിധി ഉപകരിച്ചു. ജാതിയെ അഡ്രസ് ചെയ്യാൻ ഭയപ്പെടുന്നതുപോലെ തന്നെയാണ് കേരളത്തിലെ സകല സംഘടനകളും ശബരിമല സ്ത്രീപ്രവേശന വിധിയെക്കുറിച്ച് കുറിച്ച് മിണ്ടാൻ പോലും ഭയപ്പെടുന്നത്!

കേരളത്തിലെ മുഖ്യധാരയിലുള്ള എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവയുടെ വിദ്യാർത്ഥി – യുവജന പ്രസ്ഥാനങ്ങളും,യുക്തിവാദികളും, അതിബുദ്ധിമതികളായ ഫെമിനിസ്റ്റുകളും അധികവും സംഘിപ്പേടിമൂലം മാളത്തിൽ ഒളിച്ചെങ്കിലും കുറച്ചധികം പേർ അത്രയും ഭീകരാന്തരീക്ഷത്തിലും” കൊല്ലണം അപ്പാ അയ്യപ്പാ” എന്ന കൊലവിളിയുമായി നിൽക്കുന്ന ക്രിമിനലുകളുടെ മുന്നിലേക്ക്, ഒരാളെ തടയുമ്പോൾ അടുത്തയാൾ എന്നനിലയ്ക്ക് പിന്നാലെ പിന്നാലെ വന്നുകൊണ്ടിരുന്നു എന്നത് ചെറിയകാര്യമല്ല.

ഞാൻ രണ്ടു ഫെമിനിസ്റ്റുകൾ അവർ വരുമെന്നും കൂട്ടിന് ആരുമില്ലെന്നും പമ്പവരെ കൂട്ടുചെല്ലാൻ പറഞ്ഞു കബളിപ്പിച്ചതുകൊണ്ട് മാത്രം അവിടെ എ ത്തിപ്പെടുകയും പിന്നീട് സംഘികളോടുള്ള ഒരു വെല്ലുവിളി എന്ന നിലയിൽ മാത്രം ആ കൂട്ടായ്‌മയ്‌ക്കൊപ്പം അവസാനം വരെ തുടരുകയുമായിരുന്നെങ്കിലും പോയി തിരിച്ചുവരുമ്പോൾ മുതൽ യാതൊരു സാമൂഹ്യസുരക്ഷയുമില്ലത്ത അവസ്ഥയിലാവുകയായിരുന്നു.

ഞങ്ങൾ കടപ്പുറത്തെ വീട്ടിലേക്ക് മാറുന്നതുവരെ സുഹൃത്തുക്കൾ, ബന്ധുക്കൾ, അയൽവക്കക്കാർ എല്ലാവരും പേടിച്ചിട്ട് അകലുകയായിരുന്നു. ഞാൻ ശബരിമലയിൽ പോകാൻ ശ്രമിച്ചതിൻറെ പേരിൽ തങ്ങളും ആക്രമിക്കപ്പെടുമോ എന്ന് ഭയന്ന് മുൻ‌കൂർ ജാമ്യം എടുക്കാനായി സംസ്ഥാന കമ്മറ്റി അംഗമായിരുന്ന ഒരു യുക്തിവാദിനി അവർ എന്നെ അറിയുകപോലുമില്ലാത്ത തരത്തിൽ കൈരളി ടിവിയിൽ വന്ന് പറഞ്ഞത് “മുൻപെങ്ങോ യുക്തിവാദിനിയായിരുന്ന ഒരു സ്ത്രീ ശബരിമലയിൽ പോയതിൻറെ പേരിൽ ഞങ്ങളുടെ വീടും ആക്രമിക്കപ്പെടും, യുക്തിവാദികളായ സ്ത്രീകളാരും ശബരിമലയിൽ പോകാൻ പരിപാടിയില്ല. വിശ്വാസികൾക്ക് അവരുടെ വിശ്വാസം ഞങ്ങൾക്ക് ഞങ്ങളുടെ ‘വിശ്വാസം’ “എന്ന്. അങ്ങനെ എന്തെല്ലാം കോമഡികളും അതിനിടയിൽ കണ്ടു!.

“വിശ്വാസികൾക്ക് അവരുടെ വിശ്വാസം ഞങ്ങൾക്ക് ഞങ്ങളുടെ ‘വിശ്വാസം’ “എന്നത് സംഘനയുടെ നിലപാടാണോ അവരുടെ വ്യക്തിപരമായ നിലപാടാണോ എന്ന് അന്നത്തെ സംഘടനാ നേതൃത്വത്തോട് ചോദിച്ചപ്പോൾ അവർക്കും ചിരിയല്ലാതെ മറുപടി ഒന്നും ഉണ്ടായിരുന്നില്ല.

ഞാൻ ചെന്നതിനെത്തുടർന്ന് ലാത്തിച്ചാർജ്ജും ആചാരപരമായ ആദ്യത്തെ ‘നിലയ്ക്കലോട്ടവും’ പ്രതീഷ്‌വിശ്വനാഥിന്റെയും ടാർപ്പോളിൻ ഈശ്വറിന്റെയും അറസ്റ്റുമൊക്കെക്കഴിഞ്ഞു സംഘികൾ അയ്യപ്പ ഹർത്താൽ പരമ്പരയിലെ ആദ്യത്തെ അയ്യപ്പ ഹർത്താൽ പ്രഖ്യാപിക്കുകയും പോലീസ് അവിടെ 144 പ്രഖ്യാപിക്കുകയും ചെയ്തു. ഞാൻ അവിടെ നിൽക്കുമ്പോൾ തന്നെ ചേർത്തലയിലെ ഞങ്ങളുടെ ഓഫീസിൽ അയ്യപ്പഗുണ്ടകൾ അതിക്രമിച്ചുകയറി 4 ലാപ്പ് ടോപ്പുകൾ എറിഞ്ഞു തകർത്തു. ജനൽചില്ലുകൾ അടിച്ചുതകർത്തു 5 പേരെ പോലീസ് പിടികൂടിയെങ്കിലും ഞാൻ തിരിച്ചു വരുമ്പോൾ ആസിഡ് ബൾബ് എറിയുമെന്ന് അവർ വെല്ലുവിളിച്ചതിനാൽ പോലീസിനും ഭയമായി, എന്നോട് വീട്ടിലേക്ക് തിരിച്ചുവരുന്നത് സെയ്‌ഫ് അല്ലെന്നും സുരക്ഷിതമായ വേറേതെങ്കിലും സ്ഥലം പറഞ്ഞാൽ അവിടെക്കൊണ്ടാക്കാം എന്ന് പറയുകയും ഞാൻ ഒരു സ്ഥലം നിർദ്ദേശിക്കുകയുമായിരുന്നു. പിറ്റേന്നത്തെ ഹർത്താലും കഴിഞ്ഞാണ് ഞാൻ അവിടുന്ന് പോരുന്നത്. തിരിച്ചുവന്നപ്പോൾ മുതൽ വീട്ടിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

ബിന്ദു തങ്കം കല്യാണി ടീച്ചറൊക്കെ തിരിച്ചു ചെന്നപ്പോൾ കോഴിക്കോട്ടെ വാടകവീട്ടിൽനിന്നും ഇറക്കിവിട്ടു. മകളുമായി കേരളത്തിലെ ഒരു പ്രമുഖ ഫെമിനിസ്റ്റ് എൻജിഒ യുടെ സ്ഥാപനത്തിൽ അഭയം പ്രാപിച്ച അവരെ രാത്രിയായപ്പോൾ അവിടെനിന്നും ഇറക്കിവിട്ടു. അതിനിടയിൽ ടിവിയിലൊക്കെ ഫെമിനിസ ചർച്ചയ്ക്കുപോകുന്ന മറ്റൊരു പ്രമുഖ ഫെമിനിസ്റ്റ് വണ്ടിയിൽ ലിഫ്റ്റ് പോലും നൽകാൻ തയാറായില്ല. അവസാനം യുക്തിവാദിയായ മാണിപറമ്പത്ത് ആണ് അദ്ദേഹത്തിൻറെ പാലക്കാടുള്ള വീട്ടിൽ താമസിപ്പിച്ചത്. അങ്ങിനെ പോയ എല്ലാ സ്ത്രീകളും എങ്ങിനെയൊക്കെയോ അതിജീവിക്കുകയായിരുന്നു.

സ്ത്രീകളുടെ ആത്മാഭിമാനമുയർത്താൻ എന്ന പേരിൽ പ്രഖ്യാപിച്ച വിധി നടപ്പിലാക്കാൻ ശ്രമിച്ചതിന്റെ പേരിൽ എടുത്ത കള്ള കേസിൽ അന്നത്തെ സ്വയംപ്രഖ്യാപിത നവോത്ഥാന സർക്കാർ രണ്ടു സ്ത്രീകളെ ജയിലിൽ അടക്കുകയും ചെയ്തു🤣

കേരളമാണ് കൂടുതൽ അപരിഷ്‌കൃതരായ ആചാര സംരക്ഷകന്മാരുടെ സ്ഥലം എന്ന് വ്യക്തമാകാൻ ആ വിധി ഉപകരിച്ചു. ഇപ്പോൾ 7 വർഷം പിന്നിടുമ്പോൾ സ്ത്രീപ്രവേശന വിഷയത്തിൽ മാത്രമല്ല സമസ്ത മേഖലകളിലും പഴയ ഭ്രാന്താലയത്തിലേക്കുള്ള തിരിച്ചുപോക്കിലാണ് കേരളം.