ന്യൂഡൽഹി: പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീറിന്റെ “പാകിസ്ഥാൻ സമ്പദ്വ്യവസ്ഥ അവശിഷ്ടങ്ങൾ നിറഞ്ഞ ഒരു ഡംപ് ട്രക്ക് പോലെയാണ്” എന്ന പ്രസ്താവനയെ വിമർശിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. മുനീറിന്റെ പ്രസ്താവന ഒരു കുറ്റസമ്മതമായി താൻ കണക്കാക്കുന്നുവെന്ന് രാജ്നാഥ് പറഞ്ഞു. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ മെഴ്സിഡസ്, ഫെരാരി കാറുകളോട് ഉപമിച്ച മുനീറിന്റെ വാക്കുകൾ വെറുമൊരു തമാശയായി കാണുന്നില്ലെന്നും, ഇതിനു പിന്നിലെ ചരിത്രപരമായ സൂചനയിൽ ഇന്ത്യ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യക്ക് ആഗോള വിതരണ ശൃംഖലയെ ശക്തിപ്പെടുത്താൻ കഴിയുമെന്നും, ചൈന പ്ലസ് എന്ന ആശയത്തിന് ഏറ്റവും അനുയോജ്യമായ രാജ്യം ഇന്ത്യയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. സ്വാശ്രയ ഇന്ത്യ, ഇറക്കുമതി ബദൽ നയം മാത്രമല്ല മറിച്ച് ആഗോള നന്മയുടെ വികാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, ഇന്ത്യയുടെ പ്രതിരോധ നിർമ്മാണ മേഖലയിൽ നിക്ഷേപം നടത്താൻ അദ്ദേഹം വിദേശ കമ്പനികളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

