Thu. Oct 1st, 2026

ന്യൂഡൽഹി: വോട്ടർപട്ടികയിലെ ക്രമക്കേടിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ഇൻഡ്യ സഖ്യം. രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർപട്ടിക തട്ടിപ്പ് ആരോപണത്തെ ചർച്ചയാക്കാനും പ്രധാന വിഷയമായി ഉയർത്താനുമാണ് ഇപ്പോഴുള്ള ധാരണ. നാളെ ഇൻഡ്യ സഖ്യത്തിലെ 300 എംപിമാരെ പങ്കെടുപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് വൻ പ്രതിഷേധം സംഘടിപ്പിക്കും. നാളെ നടക്കുന്ന മാർച്ച് പാർലമെന്റിൽ നിന്ന് രാവിലെ 11.30നാണ് ആരംഭിക്കുന്നത്. കൂടാതെ ഈ മാർച്ചിന് രാഹുൽ ഗാന്ധിയാണ് നേതൃത്വം നൽകുന്നത്.

അതേസമയം മാർച്ചിന് ശേഷം നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിഷയം മുൻനിർത്തി വിവിധ ഭാഷകളിൽ തയ്യാറാക്കിയ പ്ലക്കാർഡുകളും നേതാക്കൾ ഉയർത്തും. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകളെ ഏറ്റെടുത്തിരിക്കയാണ് ഇൻഡ്യ സഖ്യത്തിലെ കക്ഷികൾ.

ഇത് സഖ്യത്തിന്റെ കെട്ടുറപ്പുയർത്തുമെന്നാണ് കരുതുന്നത്. കൂടാതെ എംപിമാർക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ അത്താഴ വിരുന്നൊരുക്കുന്നുണ്ട്. വിരുന്നിലും ഇക്കാര്യം ചർച്ചയാകും. മഹാരാഷ്ട്രയിൽ അഞ്ച് വർഷം കൊണ്ട് ചേർക്കുന്നതിലും അധികം വോട്ട് അഞ്ച് മാസം കൊണ്ട് ചേർത്തെന്നും, ഹരിയാനയിലും കർണാടകയിലും തെരഞ്ഞെടുപ്പ് തീയതി മാറ്റിയതിൽ സംശയമുണ്ടെന്നുമാണ് രാഹുൽ ഗാന്ധി വെളിപ്പെടുത്തിയിരുന്നത്.

‘മഹാരാഷ്ട്രയിൽ അഞ്ച് മണിക്ക് ശേഷം പോളിങ് കുതിച്ചുയർന്നു. 40 ലക്ഷം ദുരൂഹവോട്ടർമാർ വന്നു. സിസിടിവി ദൃശ്യങ്ങൾ 45 ദിവസം കൊണ്ട് നശിപ്പിച്ചു. ഇത് ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ വേണ്ടിയാണ്’ എന്നിങ്ങനെയാണ് ഡൽഹിയിലെ ഇന്ദിരാഭവനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ചേർന്ന് വോട്ട് മോഷ്ടിക്കുന്നുവെന്നും ഹരിയാനയിലും അട്ടിമറിയുണ്ടായെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.