Mon. Nov 23rd, 2026

ആലപ്പുഴ: ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള റാഷണലിസ്റ്റ് ഇന്റര്‍നാഷണല്‍’ എന്ന സംഘടനയുടെ സ്ഥാപകൻ സനൽ ഇടമറുകിനെതിരെ ആലപ്പുഴ സ്വദേശിനിയായ പ്രമീളാ ദേവി നൽകിയ വിസാ തട്ടിപ്പ് കേസിൻറെ വാറണ്ട് റദ്ദ് ചെയ്യാനായി 15,25000 രൂപ ഇന്ന് കോടതിൽ കെട്ടിവെച്ചു.

തുടർച്ചയായി കോടതിയിൽ ഹാജരാകാതെ വാറണ്ട് ആയതിനെത്തുടർന്ന് ഇന്റർപോൾ പോൾ നോട്ടീസിൻറെ അടിസ്ഥാനത്തിൽ പോളണ്ട് പോലീസ് അറസ്റ്റ് ചെയത് പോളണ്ടിലെ ജയിലിൽ കഴിയുകയാണ് പ്രതിയായ സനൽ ഇടമറുക്. ഇതേ കേസിൽ ഹെൽസിങ്കി ജില്ലാ കോടതി ഫെബ്രുവരി 25-ന് പുറപ്പെടുവിച്ച ഉത്തരവിൽ സനൽ ഇടമറുക് കുറ്റകാരനാണെന്ന് വിധിച്ചിരുന്നു. സനലിന് ഹെൽസിങ്കി കോടതി ശിക്ഷയും വിധിച്ചിരുന്നു. എന്നാൽ സനൽ ഈ കേസിൽ അപ്പീൽ നൽകിയിരിക്കുകയാണ്. ഇതിനിടയിൽ അദ്ദേഹം ആലപ്പുഴ കോടതിയിലെ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നെങ്കിലും ഇരുകോടതികളും വിചാരണ നേരിടാൻ ആവശ്യപ്പെട്ട് ഹർജികൾ തള്ളുകയായിരുന്നു.

എന്നാൽ ആലപ്പുഴ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ 15,25000 രൂപ കെട്ടിവെക്കാമെന്നും അറസ്റ്റ് വാറണ്ട് റദ്ദാക്കണമെന്നും ഉള്ള സനലിന്റെ അപേക്ഷ ഹൈക്കോടതി അനുവദിച്ചിരുന്നു. ഇതനുസരിച്ചാണ് ഇന്ന് പ്രതിയുടെ വക്കീൽ ആലപ്പുഴ സിജെഎം കോടതിയിൽ തുക കെട്ടി വെച്ചത്. കൂടാതെ മൂന്ന് മാസത്തിനുള്ളിൽ ആലപ്പുഴ സിജെഎം കോടതിയിൽ കീഴടങ്ങി വിസ്താരം നേരിടണമെന്നും ഇല്ലെങ്കിൽ പാസ്പോർട്ട് കണ്ടുകെട്ടുമെന്നും ഹൈക്കോടതിയുടെ വിധിന്യായത്തിൽ പറയുന്നു.

ഫിന്‍ലന്‍ഡില്‍ സ്ഥിരതാമസക്കാരനായ സനല്‍ ഇടമറുകിനെ പോളണ്ടിലെ വാര്‍സോ മോഡ്‌ലിന്‍ വിമാനത്താവളത്തില്‍വെച്ച് മാര്‍ച്ച് 28-ാം തീയതി പോളണ്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2018 ൽ ആണ്‌ കേസിന് ആസ്പദമായ സംഭവങ്ങൾ നടക്കുന്നത്.

2018-ൽ ഫിൻലാൻഡിലേക്ക് വിസ ഏർപ്പാട് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് സനൽ ഇടമറുകു പ്രമീള ദേവിയിൽ നിന്ന് 15 ലക്ഷം രൂപ കൈപ്പറ്റിയെന്നും എന്നാൽ വിസ നൽകുകയോ പണം തിരികെ നൽകുകയോ ചെയ്തില്ല എന്നാണ് കേസ്. എന്നാൽ സനൽ കോടതിയിൽ ഹാജരാകാതിരിക്കുകയും കോടതി വാറണ്ട് പുറപ്പെടുവിക്കുകയും പ്രതി വിദേശത്തായതിനാൽ 2020 ൽ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയുമായിരുന്നു.