Fri. Jul 31st, 2026

ബിലാസ്പുർ: ഛത്തീസ്ഗഡിലെ കന്യാസ്ത്രീമഠം സന്ദർശിച്ച് ഇടത് എം പിമാർ. ഡോ. ജോൺ ബ്രിട്ടാസ് , ജോസ് കെ മാണി, പി സന്തോഷ് കുമാർ എന്നിവരാണ് മഠം സന്ദർശിച്ചത്. ഇത് രണ്ടാം തവണയാണ് ഇടത് എംപിമാർ കന്യാസ്ത്രീമഠം സന്ദശിക്കുന്നത്. ഇത് വലിയൊരു പോരാട്ടമാണെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. ജാമ്യം കിട്ടി, കള്ളക്കേസിന്റെ എഫ്ഐആർ റദ്ദാക്കുന്നത് വരെ ഈ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതിനായി കന്യാസ്ത്രീകൾക്കൊപ്പം കൈകോർത്ത് നിൽക്കും. നാളെത്തെ വിധി എന്താണെന്ന് അറിയുന്നത് വരെ ഇവിടെ ഉണ്ടാകും എന്നും അദ്ദേഹം അറിയിച്ചു. ഈ പോരാട്ടം കന്യാസ്ത്രീകൾക്ക് നീതി ലഭിക്കാൻ വേണ്ടി മാത്രമല്ല, ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ വേണ്ടി കൂടിയാണ് എന്നും അദ്ദേഹം പറഞ്ഞു. ജാമ്യത്തെ എതിർക്കില്ലെന്നാണ് അമിത് ഷാ ഞങ്ങളോട് പറഞ്ഞത്. അപ്പോൾ ആഭ്യന്തര മന്ത്രിയുടെ വാക്കുകൾകൾക്ക്  വിലയില്ലെന്നാണോ മനസിലാക്കേണ്ടത് എന്നും അദ്ദേഹം ചോദിച്ചു.

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിര്‍ത്തിരുന്നു. ബിലാസ്പുരിലെ എന്‍ഐഎ കോടതിയിൽ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ ജാമ്യം നൽകുന്നതിനെ എതിര്‍ത്തത്. ജാമ്യാപേക്ഷയിൽ ശനിയാഴ്ച തന്നെ വിധി പറയും. കേരളത്തിലെ ബിജെപി നേതൃത്വത്തിന്‍റെ ഇടപെടലുണ്ടായിട്ടും ജാമ്യാപേക്ഷയെ എതിര്‍ക്കുന്ന നിലപാടാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ എന്‍ഐഎ കോടതിയിൽ സ്വീകരിച്ചത്.

എൻ ഐ എ നിയമത്തിലെ വകുപ്പുകള്‍ ചുമത്തി കന്യാസ്ത്രീകളെ വര്‍ഷങ്ങളോളം ജയിലിലടക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മണിപ്പൂര്‍, മഹാരാഷ്ട്ര, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമായ അക്രമം അരങ്ങേറുന്നു. ഇടതുപക്ഷസ്വാധീനം ശക്തമായി ഉള്ളതുകൊണ്ടാണ് കേരളത്തില്‍ സംഘപരിവാറിന് രാഷ്ട്രീയ ലക്ഷ്യം നേടാനാകാത്തത്. ഛത്തിസ്ഗഡിലെ പ്രതിപക്ഷം കോണ്‍ഗ്രസ്സാണ്.കോണ്‍ഗ്രസ് യാതൊരുവിധ പ്രതിഷേധവും വിഷയത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. കോണ്‍ഗ്രസിന്റെ കാലത്തും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് കോണ്‍ഗ്രസിന് കൃത്യമായ നിലപാട് സ്വീകരിക്കാന്‍ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു.