Sun. Sep 20th, 2026

ആലപ്പുഴ: പ്രിയ സഖാവിന്റെ അവസാനയാത്രയ്ക്ക് അന്ത്യാഭിവാദ്യമർപ്പിച്ച് ആലപ്പുഴ. വി എസ് അച്യുതാനന്ദന്റെ മൃത​ദേഹം പൊതു ദർശനത്തിനായി ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ​ഗ്രൗണ്ടിലെത്തിച്ചു. പാര്‍ടി ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതു ദർശനത്തിനു ശേഷമാണ് മൃതദേഹം ​ഗ്രൗണ്ടിലേക്ക് എത്തിച്ചത്. പതിനായിരങ്ങളാണ് ഇതിനകം വി എസിനെ കാണാനായി ​ഗ്രൗണ്ടിലെത്തിയത്. ആലപ്പുഴയിലെ വഴികളിലെല്ലാം വി എസിനെ കാണാനെത്തിയ ജനങ്ങൾ നിറഞ്ഞു. മുഖ്യമന്ത്രിയും പാർടി കേന്ദ്ര- സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും വിവിധ സംഘടനാ നേതാക്കള്‍, മത സാമൂഹ്യ നേതാക്കള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരും ​ഗ്രൗണ്ടിലുണ്ട്. മഴയത്തും നിലയ്ക്കാത്ത ജനപ്രവാഹമാണ് വി എസിനെ കാണാന്‍.

പാർടി ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന പൊതുദർശനത്തിൽ വിവിധ രാഷ്ട്രീയ – സാമൂഹിക- സാംസ്കാരിക പ്രവർത്തകർ വി എസിന് അന്ത്യാഞ്ജലി അർപ്പിച്ചു. പതിനായിരങ്ങളാണ് ഇവിടെ പ്രിയ നേതാവിനെ അവസാനമായി കാണാനെത്തിയത്. ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും തിരുവമ്പാടി ജങ്​ഷൻ, ജനറൽ ആശുപത്രി ജങ്​ഷൻ, കലക്​ടറേറ്റ്​ ജങ്​ഷൻ, ആലപ്പുഴ ബീച്ച്​ വഴിയാണ് റിക്രിയേഷൻ ഗ്ര‍ൗണ്ടിൽ എത്തിയത്. ഗ്ര‍ൗണ്ടിലെ പൊതുദർശനത്തിനു ശേഷം തിരുവമ്പാടി ജങ്​ഷൻവഴി​ മൃതദേഹം വിലാപയാത്രയായി വൈകിട്ട് പോരാളികളുറങ്ങുന്ന​ വലിയ ചുടുകാട്ടിൽ എത്തിക്കും. ഇവിടങ്ങളിൽ ക്രമീകരണങ്ങൾ പൂർത്തിയായി. രാവിലെ ഏഴോടെയാണ് വി എസിന്റെ വിലാപയാത്ര ജന്മനാടായ ആലപ്പുഴയിലേക്ക് പ്രവേശിച്ചത്.