കൊൽക്കത്ത: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാളി സംസാരിക്കുന്ന ജനങ്ങളെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് പ്രതിഷേധ മാർച്ച് നടത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിൽ നടന്ന പ്രതിഷേധ മാർച്ചിൽ, അഭിഷേക് ബാനർജി ഉൾപ്പെടെ തൃണമൂൽ കോൺഗ്രസിന്റെ എല്ലാ ഉന്നത നേതാക്കളും പങ്കെടുത്തിരുന്നു. ബിജെപി, ചി ചി”എന്ന മുദ്രാവാക്യങ്ങളുമായാണ് മഴയ്ക്കിടയിലും പ്രതിഷേധ മാർച്ച് സംഘം നടത്തിയത്. ഏകദേശം 1,500 പോലീസ് ഉദ്യോഗസ്ഥർ മുഴുവൻ സ്ഥലത്തും കാവൽ ഏർപ്പെടുത്തി.
റാലിക്ക് ശേഷം, മമത ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട്, തന്നെ തടങ്കൽപ്പാളയത്തിൽ അടയ്ക്കാൻ കേന്ദ്രത്തെ വെല്ലുവിളിച്ചു. ഒഡീഷയിൽ കുടിയേറ്റ തൊഴിലാളികളെ തടഞ്ഞുവയ്ക്കൽ, ഭാഷാപരമായ പ്രൊഫൈലിംഗ്, ഡൽഹിയിലെ കുടിയൊഴിപ്പിക്കൽ നടപടികൾ എന്നിവ ടിഎംസിയും ബിജെപിയും തമ്മിലുള്ള ഏറ്റവും പുതിയ സംഘർഷ വിഷയമായി മാറിയിരിക്കുകയാണ്. ഒഡീഷ ജാർസുഗുഡയിൽ 444 ബംഗ്ലാദേശി പൗരന്മാരെ കസ്റ്റഡിയിലെടുത്തതാണ് പ്രതിഷേധ മാർച്ചിന് കാരണമായത്. അവരിൽ 200 പേർ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണെന്ന് ടിഎംസി അവകാശപ്പെട്ടു.


