കൊച്ചി: വിവാഹം കഴിക്കുന്നതിനായി ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് കേരള ഹൈക്കോടതി പരോൾ അനുവദിച്ചു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഈ അസാധാരണമായ ആനുകൂല്യം നൽകിയത്.
‘സ്നേഹം അതിരുകൾ തിരിച്ചറിയുന്നില്ല. അത് തടസങ്ങളെ ചാടിക്കടക്കുന്നു, വേലികളെയും മതിലുകളെയും ഭേദിച്ച്, പ്രത്യാശയോടെ അതിൻറെ ലക്ഷ്യസ്ഥാനത്ത് എത്തുന്നു’ പ്രശസ്ത അമേരിക്കൻ കവി ആഞ്ചലോയെ ഉദ്ധരിച്ച് ജസ്റ്റിസ് പറഞ്ഞു. തടവുകാരൻറെ സ്വന്തം വിവാഹത്തിന് അടിയന്തര അവധി അനുവദിക്കാൻ ജയിൽ നിയമങ്ങൾ വ്യവസ്ഥ ചെയ്യുന്നില്ല എന്ന കാരണത്താൽ ജയിൽ അധികൃതർ ഈ വിഷയത്തിൽ പരോൾ നിഷേധിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.
എന്നാൽ, കോടതി അതിൻറെ അസാധാരണ അധികാരം വിനിയോഗിച്ച് 15 ദിവസത്തെ പരോൾ അനുവദിക്കുകയായിരുന്നു. തടവുകാരൻറെ വിവാഹം ശിക്ഷിക്കപ്പെടുന്നതിന് മുമ്പേ നിശ്ചയിച്ചിരുന്നതാണ്. എന്നാൽ, അയാൾക്ക് ജീവപര്യന്തം തടവ് ലഭിച്ചതിന് ശേഷവും, ആ പെൺകുട്ടി വിവാഹവുമായി മുന്നോട്ട് പോകാൻ നിർബന്ധം പിടിക്കുകയായിരുന്നു.
തുടർന്ന്, തടവുകാരൻറെ അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ‘ഈ കേസിനെ ഞാൻ ആ പെൺകുട്ടിയുടെ കണ്ണിലൂടെയാണ് നോക്കുന്നത്. തടവുകാരന് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചതിന് ശേഷവും അവളുടെ സ്നേഹം തുടരുന്നു’ എന്ന് കോടതി നിരീക്ഷിച്ചു. വിവാഹം ജൂലൈ 13 ഞായറാഴ്ച നിശ്ചയിച്ചിരിക്കുന്നതിനാൽ, നാളെ മുതൽ 15 ദിവസത്തേക്ക് ഇയാളെ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടു. ജൂലൈ 26 വൈകുന്നേരം നാല് മണിക്ക് മുമ്പായി തടവുകാരൻ ജയിലിൽ തിരിച്ചെത്തണം.
ശിക്ഷിക്കപ്പെട്ടയാളെ വിവാഹം കഴിക്കാൻ തീരുമാനിച്ച പെൺകുട്ടിയുടെ ഭാഗത്തു നിന്നാണ് താൻ ഈ കേസ് നോക്കിക്കാണുന്നതെന്ന് കോടതി വ്യക്തമാക്കി. ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിട്ടും പെൺകുട്ടിയുടെ സ്നേഹം തുടരുകയാണ്. അത്തരമൊരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ച ആ പെൺകുട്ടിയുടെ ധൈര്യത്തെ കണ്ടില്ല എന്നു നടിക്കാനാവില്ല. തന്റെ പങ്കാളി ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ ആണെന്ന് അറിഞ്ഞുകൊണ്ടാണ് അത്തരമൊരു തീരുമാനമെടുത്തത്. കോടതി ശിക്ഷിച്ചിട്ടും പെൺകുട്ടിയുടെ നിലപാട് മാറിയില്ല. ഭരണഘടനാപരമായ വിശേഷാധികാരം ഉപയോഗിച്ചുകൊണ്ട് പ്രശാന്തിന് 15 ദിവസത്തെ പരോൾ അനുവദിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി. പെൺകുട്ടി സന്തോഷവതിയാകട്ടെ എന്നും എല്ലാ അനുഗ്രഹങ്ങളും നൽകുന്നുവെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ വിധിന്യായത്തിൽ ആശംസിച്ചു.


