ന്യൂഡല്‍ഹി: ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഇന്ത്യ സഖ്യ പാര്‍ട്ടികളുടെ നിര്‍ദ്ദേശങ്ങളും ആശങ്കകളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. നോട്ടുനിരോധനം പോലെ ബീഹാറില്‍ വോട്ട് നിരോധനത്തിനുള്ള ശ്രമമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പിന്‍വാതിലിലൂടെ എന്‍ ആര്‍ സി നടപ്പാക്കാനുള്ള ശ്രമമാണിതെന്നും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. പാര്‍ട്ടികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറായില്ല. സ്‌പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ നടപ്പാക്കുന്നത് ഏത് സാറിന്റെ നിര്‍ദ്ദേശപ്രകാരമാണ്? നിയമപരമായി മുന്നോട്ടുപോകുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും. മഹാരാഷ്ട്രയിലേത് പോലെ വോട്ട് കച്ചവടമാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. 21 നിര്‍ദ്ദേശങ്ങള്‍ ആദ്യം മുന്നോട്ടുവച്ചിരുന്നു. ഇക്കാര്യത്തില്‍ ഒന്നും വോട്ട് പരിഷ്‌കരണത്തെ പറ്റി പറയുന്നില്ല. പലതവണ രാഷ്ട്രീയ പാര്‍ട്ടികളുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും പറയാത്ത വിഷയമാണ് തിരക്കിട്ട് നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള ഇന്ത്യ മുന്നണി നേതാക്കളുടെ യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


