Fri. Nov 20th, 2026

കോഴിക്കോട്: കോഴിക്കോട് സ്കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. പാറക്കൽ പുറായിൽ വീട്ടിൽ സജിത്തിനെ (32) പോക്സോ നിയമപ്രകാരം പന്തീരാങ്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഈ മാസം ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പതിനാലുകാരിയായ വിദ്യാർഥിനി പിതാവിന്റെ ഫോൺ സുഹൃത്തിന് കൈമാറാൻ പോയപ്പോഴായിരുന്നു സംഭവം.

പാറക്കുളം അയ്യപ്പമഠം റോഡിലെ പാർക്കിന് സമീപം വെച്ച് പ്രതിയായ യുവാവ് വിദ്യാർഥിനിയെ തടഞ്ഞുവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്ഐമാരായ ജോസ് വി.ഡിക്രൂസ്, ഹരിപ്രസാദ്, പ്രശാന്ത് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.