Mon. Nov 23rd, 2026

സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രമാണ് “ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള”. ചിത്രം ജൂൺ 20 ന് ആഗോള റിലീസായി എത്തും. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ. ഫാനീന്ദ്ര കുമാർ ആണ്. പ്രവീൺ നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സേതുരാമൻ നായർ കങ്കോൾ ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്.

അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങളായി എത്തുന്നത്. ഒരു ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ നായികാ വേഷം ചെയ്തു കൊണ്ട് മലയാളത്തിലെത്തുന്ന ഈ ചിത്രം ഒരു കോർട്ട് റൂം ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ഇതിന്റെ ടീസർ സൂചിപ്പിക്കുന്നത്.

അതേസമയം പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അനുപമ പരമേശ്വരൻ. അതിന് ശേഷം ഒരുപിടി വമ്പൻ തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ നായികാ വേഷങ്ങളിലൂടെ തെന്നിന്ത്യയിൽ മുഴുവൻ പ്രശസ്തയായി മാറിയിരുന്നു. പ്രേമത്തിന് ശേഷം ഏതാനും മലയാള ചിത്രങ്ങൾ ചെയ്തെങ്കിലും ഒരു വലിയ ഇടവേളക്ക് ശേഷമാണ് അതിശക്തമായ ഒരു കഥാപാത്രവുമായി ജെഎസ്കെയിലൂടെ താരം തിരിച്ചെത്തുന്നത്. നേരത്തേ പുറത്ത് വന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്ററും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സുരേഷ് ഗോപിയുടെ 253 മത് ചിത്രമായാണ് “ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള” പുറത്ത് വരുന്നത്.