Wed. Nov 25th, 2026

തിരുവനന്തപുരം: നിലമ്പൂർ വഴിക്കടവിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥി അനന്തു പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവം ദാരുണവും വേദനാജനകവുമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കുട്ടിയ്ക്ക് ഷോക്കേറ്റ സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന ഉണ്ടോ എന്നത് അന്വേഷണ ഏജൻസികൾ പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന സത്യം താമസിയാതെ തന്നെ എല്ലാവർക്കും ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ പ്രതി വിനീഷിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിന് കേരളത്തിലെ പ്രതിപക്ഷം തയ്യാറാകുന്നുവെന്നത് ഏറെ ഞെട്ടിക്കുന്ന കാര്യമാണ്. ഈ സമയത്ത് കുടുംബത്തിന്റെ ദുഃഖത്തോടൊപ്പമാണ് നാം നിൽക്കേണ്ടത്. ഇതിന്റെ പേരിൽ സമരാഭാസം നടത്തുന്നവരെ ജനം തിരിച്ചറിയുമെന്നത് തീർച്ചയാണെന്നും മന്ത്രി കൂട്ടിചേർത്തു.