Mon. Nov 23rd, 2026

മലപ്പുറം: പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പതിനഞ്ച് വയസുക്കാരൻ മരിച്ച സംഭവത്തിൽ യുഡിഎഫ് പ്രതിഷേധത്തിനെതിരെ പി വി അൻവർ രംഗത്ത്. ജില്ലാ ആശുപത്രി റോഡ് തടഞ്ഞുവെച്ച് പ്രതിഷേധിച്ചല്ല പ്രകടനപരത കാണിക്കേണ്ടത് എന്നും ഈ ആളുകളെ ഒന്നും താൻ മുൻപ് കണ്ടിട്ടേയില്ല എന്നും അൻവർ പറഞ്ഞു.

മനുഷ്യ വന്യജീവി സംഘർഷം എന്ന ആര്യാടൻ ഷൗക്കത്തിന്റെ പരാമർശത്തിനെതിരെയും അൻവർ രംഗത്തെത്തി. മനുഷ്യ വന്യജീവി സംഘർഷം എന്നൊന്നില്ലെന്നും വന്യജീവികൾ ഏകപക്ഷീയമായി മനുഷ്യരെ അക്രമിക്കുകയാണെന്നും അൻവർ പറഞ്ഞു. ഷൗക്കത്തിന്റെ വാക്കുകൾ സർക്കാരിനെ പിന്തുണയ്ക്കുന്നതാണെന്നും അദ്ദേഹം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും അൻവർ ആവശ്യപ്പെട്ടു.

അതേസമയം വനംമന്ത്രി ശശീന്ദ്രന്റെ പ്രസ്താവനക്കെതിരെയും അൻവർ രംഗത്തെത്തി. പൊലീസും സിസ്റ്റവും ഈ സർക്കാരിന്റെ കയ്യിലാണ്. ആ ഗൂഢാലോചന അന്വേഷിച്ച് ആളുകളെ അറസ്റ്റ് ചെയ്യണം. അല്ലെങ്കിൽ മന്ത്രി മാപ്പ് പറയണമെന്നും അൻവർ ആവശ്യപ്പെട്ടു. സർക്കാരിന്റെ ലക്ഷ്യം പശ്ചിമഘട്ടത്തിൽ നിന്ന് കർഷകരെ താഴെയിറക്കുക എന്നതാണെന്നും അൻവർ കുറ്റപ്പെടുത്തി.

സംഭവത്തിൽ അറസ്റ്റിലായ മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനേഷ് കുറ്റം സമ്മതിച്ചിട്ടുണ്ട്. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി നേരത്തെയും പന്നികളെ പിടികൂടാൻ ഇത്തരത്തിൽ കെണി ഒരുക്കിയിട്ടുണ്ട്.