Sat. Nov 21st, 2026

തിരുവനന്തപുരം: ഒഴിഞ്ഞ പുരയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊലപാതക സാധ്യത പരിശോധിച്ച് പൊലീസ്. അന്തരിച്ച മുരളി – സുധര്‍മ ദമ്പതികളുടെ മകളും അവിവാഹതയുമായ കരുമം സ്വദേശി ഷീജ(50)യുടെ മൃതദേഹമാണ് കരമന-കളിയിക്കാവിള പാതയ്ക്ക് സമീപം കൈമനത്തെ ഒഴിഞ്ഞ പുരയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഷീജയുടെ ആണ്‍സുഹൃത്ത് സജികുമാറിന് സംഭവത്തില്‍ പങ്കുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതു കണക്കിലെടുത്ത് കൊലപാതകസാധ്യത ഉണ്ടോ എന്നു വിശദമായി പരിശോധിക്കുകയാണ് പൊലീസ്.

ശാസ്ത്രീയപരിശോധനാ ഫലം കൂടി ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂവെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി പുരയിടത്തില്‍നിന്നു സ്ത്രീയുടെ നിലവിളിയും തീയും പുകയുമുയരുന്നത് പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ശബ്ദം കേട്ട് ഇവരെത്തിയപ്പോഴേക്കും ആളെ തിരിച്ചറിയാന്‍ കഴിയാത്തവിധം മൃതദേഹം പൂര്‍ണമായി കത്തിയിരുന്നു. ഇതിനിടെ, കരുമത്ത് നിന്ന് ഒരു സ്ത്രീയെ കാണാതായിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം ഷീജയുടെതാണെന്നു കണ്ടെത്തിയത്.

സജിയുടെ വീടിന്റെ തൊട്ടടുത്ത പുരയിടത്തിലാണ് ഷീജയുടെ മൃതദേഹം കണ്ടത്. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട സജികുമാറിന്റെ ഭീഷണിയെ തുടര്‍ന്ന് ഷീജ ജീവനൊടുക്കിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. കൊവിഡ് സമയത്താണ് സജികുമാറും ഷീജയും പരിചയപ്പെട്ടത്. ഷീജയുടെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയ സജികുമാര്‍, അതുകാട്ടി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഷീജയുമായുള്ള ഇയാളുടെ ഫോണ്‍ ചാറ്റില്‍ ഭീഷണി സംബന്ധിച്ച തെളിവുകളുണ്ട്. ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാമെന്ന് പറഞ്ഞ് സംഭവദിവസം ഷീജയെ ഇയാള്‍ വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.

അവിടെ വെച്ചുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ഷീജയ്ക്കു ജീവന്‍ നഷ്ടമായിരിക്കുന്നതെന്നതിനാല്‍ ഷീജ ജീവനൊടുക്കിയതാണോ അതോ അവരെ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇന്നലെ രാവിലെ ഇവരുടെ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ചിത്രങ്ങള്‍ കാട്ടി നിരന്തരം ഷീജയെ ഇയാള്‍ ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നെന്നും ശല്യം സഹിക്കാനാവാതെ ബന്ധത്തില്‍ നിന്ന് ഷീജ പിന്മാറിയതുമാകാം തര്‍ക്കത്തിന് കാരണമെന്നും ബന്ധുക്കള്‍ സംശയിക്കുന്നു. വീടിനടുത്ത് നിന്നും രണ്ട് കിലോമീറ്ററോളം ദൂരത്താണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടന്നതിനാല്‍ രാത്രി ഷീജ ഒറ്റയ്ക്ക് അവിടെ വരെ പോകാനിടയില്ലെന്ന് സഹാദരി ഷീബ പറയുന്നു. സജികുമാറിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908