കോട്ടയം: വഖഫ് ഭേദഗതി ബില്ലിലൂടെ കേന്ദ്ര സർക്കാർ മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചെന്ന് ജോസ് കെ മാണി. ഈ വിഷയത്തിൽ കേരള കോൺഗ്രസ്സിന് അന്നും ഇന്നും ഒരേ നിലപാടാണ്. പാർലിമെന്റിൽ ബില്ല് അവതരിപ്പിച്ചപ്പോൾ തന്നെ ഭേദഗതി നിർദേശങ്ങളിൽ മുനമ്പം പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ചട്ടരൂപവത്കരണം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ബില്ല് നിയമമാകുമ്പോൾ മുൻകാല പ്രാബല്യം ഇല്ലെങ്കിൽ മുനമ്പം നിവാസികൾക്ക് യാതൊരു ഗുണവും ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ സാന്നിധ്യത്തിൽ പാർലിമെന്റിൽ പറഞ്ഞതാണ്. ഇന്നത്തെ നിലയിൽ മുനമ്പത്തെ ജനങ്ങൾ തലമുറകളോളം കോടതികൾ കയറിയിറങ്ങിയാലും ഭൂപ്രശ്‌നത്തിന് പരിഹാരമുണ്ടാകില്ലെന്നതാണ് യാഥാർഥ്യമെന്നും ജോസ് കെ മാണി കോട്ടയത്ത് പ്രതികരിച്ചു.

