ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ നിർണായക നിർദ്ദേശങ്ങൾ പുറത്തിറക്കി സുപ്രീംകോടതി. വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കൾ ഡീ നോട്ടിഫൈ ചെയ്യരുതെന്നാണ് പ്രധാന നിർദ്ദേശം. ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കൾ അതല്ലാതാക്കരുത്. വഖഫ് കൗൺസിലിൽ എക്സ് ഒഫിഷ്യോ അംഗങ്ങൾ ഒഴികെയുള്ളവർ മുസ്സിംങ്ങൾ തന്നെയാകണം എന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കളക്ടർമാർക്ക് വഖഫ് ഭൂമികളിൽ അന്വേഷണം നടത്താം, അന്വേഷണം നടക്കുമ്പോൾ വഖഫ് സ്വത്തുക്കൾ അതല്ലാതാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഇന്ന് ഇടക്കാല ഉത്തരവിലേക്ക് സുപ്രീം കോടതി നീങ്ങിയെങ്കിലും ഹർജികളിൽ നാളെ കൂടി വാദം കേട്ട ശേഷം ഇടക്കാല ഉത്തരവിറക്കാം എന്ന് വ്യക്തമാക്കുകയായിരുന്നു. ഉപയോഗം വഴി വഖഫ് ആയ സ്വത്തുക്കൾ അതല്ലാതെ ആക്കിയാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ആശങ്കപ്പെടുന്നതായി കോടതി അഭിപ്രായപ്പെട്ടു. നാളെ രണ്ടുമണിക്ക് കേസ് വീണ്ടും പരിഗണിക്കും. അതേസമയം, ഹർജിക്കാരിൽ മൂന്ന് അഭിഭാഷകർക്ക് മാത്രമേ വാദിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി. വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് മുർഷിദാബാദിലുണ്ടായ സംഘർഷത്തിലും കോടതി ആശങ്ക രേഖപ്പെടുത്തി.
ഹര്‍ജി പരിഗണിക്കവേ, കേന്ദ്ര സര്‍ക്കാറിനോട് നിര്‍ണായക ചില ചോദ്യങ്ങൾ സുപ്രീം കോടതി ചോദിച്ചിരുന്നു. ഹിന്ദു മത ട്രസ്റ്റുകളുടെ ഭാഗമാക്കാന്‍ മുസ്ലീങ്ങളെ അനുവദിക്കുമോയെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ചോദ്യമുന്നയിച്ചത്. വലിയൊരു വിഭാഗം മുസ്ലീങ്ങള്‍ വഖഫ് നിയമത്തിന്റെ പരിധിയില്‍ വരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞപ്പോഴായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.
ഇനി മുതല്‍ മുസ്ലീങ്ങളെ, ഹിന്ദു എന്‍ഡോവ്മെന്റ് ബോര്‍ഡുകളുടെ ഭാഗമാകാന്‍ അനുവദിക്കുമെന്നാണോ നിങ്ങള്‍ പറയുന്നതോയെന്നും അക്കാര്യം തുറന്നു പറയൂവെന്നും അദ്ദേഹം പറഞ്ഞു. നൂറ്റാണ്ട് മുമ്പ് വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കള്‍ ഏകപക്ഷീയമായി തരംമാറ്റാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇസ്ലാം ആചരിക്കുന്നവര്‍ക്ക് മാത്രമേ വഖ്ഫ് സൃഷ്ടിക്കാന്‍ കഴിയൂ എന്ന് സര്‍ക്കാരിന് എങ്ങനെ പറയാന്‍ കഴിയുമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു.

