Tue. Jul 28th, 2026

✍️ ചന്ദ്രപ്രകാശ് എസ് എസ്

കുമാരനാശാന് എസ് എൻ ഡി പി അവസാന വാക്കായിരുന്നില്ല. അതേസമയം ഗുരു എന്നതായിരുന്നു ആശാൻ്റെ അവസാനവാക്ക്. യോഗം വിട്ടിട്ടും ആശാൻ ഗുരുവിനെ വിട്ടില്ല. അവസാനം ഗുരുവും എസ് എൻ ഡി പി വിട്ടപ്പോൾ ഗ്രാമവൃക്ഷത്തിലെ കുയിലിലൂടെ “മുനിയിസദനം വെടിഞ്ഞു”വെന്ന് എഴുതിവെക്കാനും ആശാൻ മടിച്ചില്ല. ആശാനും, ഗുരുവും ‘വെറും ജാതിപ്രമാണിമാരുടെ കയ്യിൽ’ എസ് എൻ ഡി പി യുടെ നിയന്ത്രണമെത്തുന്നതിൽ അന്നേ സന്ദേഹിച്ചവരാണ്.

വാവൂട്ട് സംഘമായി ആരംഭിച്ച് എസ് എന്‍ ഡി പി യോഗമായിത്തീര്‍ന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ ആദ്യം മുതലുള്ള സെക്രട്ടറി കുമാരനാശാനായിരുന്നു. 16 കൊല്ലം അത് നീണ്ടുനിന്നു. അക്കാലത്ത് എസ് എൻ ഡി പിയുടെ പ്രവര്‍ത്തനമേഖലയിൽ പല പ്രശ്‌നങ്ങളും പ്രതിസന്ധികളുമുണ്ടായി. സ്ഥാനത്തുനിന്നും ആശാനെ പുകച്ചു പുറത്തു ചാടിക്കാൻ ചില കുബുദ്ധികൾ നടത്തിയ പ്രവര്‍ത്തനങ്ങൾ മഹാകവിയെ അസ്വസ്ഥനാക്കി.

യോഗത്തിന്റെ ആരംഭത്തിലെ ഇല്ലായ്മകളോടും വല്ലായ്മകളോടും പോരാടാനുള്ള കവിയുടെ ശ്രമത്തെ കണ്ടില്ലെന്ന് നടിച്ച് സ്വാര്‍ത്ഥലാഭത്തിനായി പ്രവര്‍ത്തിക്കുന്ന ഒരാളായി ഇത്തരക്കാർ ആശാനെ ചിത്രീകരിച്ചു. ഈ അന്ത:സംഘര്‍ഷങ്ങളെ ആവിഷ്‌ക്കരിക്കാനാണ് (അതോ ലഘൂകരിക്കാനോ ?) അദ്ദേഹം ‘ഗ്രാമവൃക്ഷത്തിലെ കുയില്‍’ എഴുതിയത്.

1918 ജനുവരി 14 ന് രചന തുടങ്ങി 1918 ജൂണ്‍ 13ന് പൂര്‍ത്തിയായി. ഗ്രന്ഥത്തിന്റെ മുഖവുരയിലെ
വാക്കുകള്‍ – ”വലിയ ആശംസയോടുകൂടി അല്ലെങ്കിലും ഇതിനെയും എന്റെ മറ്റു ചില കൃതികളുടെ കൂട്ടത്തില്‍ ഗണിച്ച് പ്രസിദ്ധപ്പെടുത്തിക്കൊള്ളുന്നു.മഹാജനങ്ങള്‍ യഥാര്‍ഹം ഇതിനെയും സ്വീകരിച്ച് പ്രോത്സാഹിപ്പിക്കുമാറാകണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു.”

രചനയ്ക്കു കാരണമായ പിന്നാമ്പുറക്കഥയെ മുഖവുരയില്‍ രേഖപ്പെടുത്തുന്നതിങ്ങനെ- ”സത്യസന്ധവും ധര്‍മ്മനിരതവുമായ അന്ത:കരണത്തെ കൃത്രിമമാര്‍ഗത്തില്‍ വിഷമിപ്പിക്കുന്ന ദുശ്ശക്തികളുടെ വര്‍ണനകളാല്‍ എല്ലാവര്‍ഗക്കാരുടെയും സാഹിത്യം ഏറെക്കുറെ നിബിഡമാണ്. അനവധി യോഗ്യരെ ഇന്നും ആ ദുശ്ശക്തികള്‍ വിഷമിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും സമ്മതിച്ചേതീരൂ.

കാലദേശങ്ങള്‍ക്കനുസരിച്ച് ഈ അനുഭവങ്ങള്‍ക്ക് നാനാത്വമുണ്ടെന്നുള്ളത് ശരിതന്നെ,എന്നാല്‍ സാധുവായ ‘ഗ്രാമവൃക്ഷത്തിലെ കുയിലി’ന്റെ അനുഭവവും ആ കോടിയില്‍പ്പെട്ടതാണ്. അതുകൊണ്ട് ഇതിലെ ദേവദൂതന്റെ സാന്ത്വനങ്ങള്‍ അങ്ങനെയുള്ള ഏതെങ്കിലും അന്ത:കരണങ്ങള്‍ക്ക് അല്പമെങ്കിലും ആശ്വാസം നല്‍കുമെങ്കില്‍ ഈ ചെറിയ കൃതി എഴുതുന്നതില്‍ ഞാന്‍ ചെലവഴിച്ച സമയം നിഷ്ഫലമായില്ലെന്നു കരുതാവുന്നതാണ്.”

ഉപജാപകവൃന്ദത്തിന്റെ കിംവദന്തികള്‍ മഹാകവിയുടെ മനസ്സിനെ എത്രമാത്രം വേദനിപ്പിച്ചുവെന്ന് ഈ വരികള്‍ വ്യക്തമാക്കുന്നുണ്ടല്ലോ. “ഉഗ്രവ്രതന്‍ മുനി വസിക്കുമോരൂരില്‍” എന്ന് ആരംഭിക്കുന്ന കവിതയിലെ ഉഗ്രമുനി ശ്രീനാരായണഗുരുവും മാവ് (വൃക്ഷം) എസ്എന്‍ഡിപി യും കുയില്‍ മഹാകവിയുമാണ്.

അക്കാലത്തെ യോഗം ശത്രുക്കള്‍(അതോ ആശാൻ്റെ ശത്രുക്കളോ?) അവസരം കിട്ടിയപ്പോഴെല്ലാം ആശാനെതിരെ ഒളിയുദ്ധം നടത്തി.സ്വന്തം സല്‍പ്പേരിനു കളങ്കമുണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നു മനസ്സിലാക്കിയ ആശാൻ് സെക്രട്ടറിപദം ഒഴിയാന്‍ നോക്കിയിട്ടും പല കാരണങ്ങള്‍ കൊണ്ടും അത് നടക്കാതെ കുറെക്കാലം കൂടി തുടർന്നുപോയി.

അന്‍പാലലിഞ്ഞ കുയിലിൻ്റെ പാട്ടുകേട്ട് മറ്റു പക്ഷികളും ഗ്രാമവൃക്ഷത്തില്‍ ചേക്കേറി.വൃക്ഷം താന്തപഥികര്‍ക്ക് തണലും നല്‍കി. ‘മൃത്യുഞ്ജയം കാവ്യജീവിതം’ എന്ന എം കെ സാനുമാഷിൻ്റെ ഗ്രന്ഥത്തില്‍, വാവൂട്ട് സംഘം എങ്ങനെയാണ് ശ്രീനാരായണ ധര്‍മ്മപരിപാലനയോഗമായി വളര്‍ന്നുവന്നതെന്നും, അക്കാര്യത്തില്‍ സെക്രട്ടറിയായ കുമാരനാശാന്‍ വഹിച്ച പങ്കും വളരെ ഭംഗിയായി വ്യക്തമാക്കുന്നുണ്ട്.ഇല കൊഴിഞ്ഞ് കരിഞ്ഞുനിന്ന ഒരു മരം പുതിയ താരും തളിരുമണിഞ്ഞ്, ആകാശ വിതാനത്തിലേയ്ക്ക് ശാഖകള്‍ പടര്‍ത്തിനില്‍ക്കുന്ന കാഴ്ച അദ്ദേഹം ഭംഗിയായി വിവരിക്കുന്നുണ്ട്.

കുയിലിനെ ആക്രമിക്കാന്‍ പകല്‍ കാക്കയും രാത്രി കടവാവലുകളും ശ്രമിച്ചുകൊണ്ടേയിരുന്നു. ശൃംഗാരഗായകന്‍, ജഡന്‍, ദുരഭിമാനി, കാപട്യക്കാരന്‍ തുടങ്ങിയ വാക്കുകളൊക്കെയാണ് ആശാനെതിരെ അന്ന് ശത്രുക്കൾ പ്രയോഗിച്ചത്. ഗുരുദേവനോടുള്ള ഭക്തിയും, സംസ്‌കാരവും കൊണ്ട് അത്തരക്കാരെ നേരിട്ടോ അല്ലാതേയോ എതിർക്കാൻ ആശാന്‍ തുനിഞ്ഞില്ല. “ദൈവം പരന്റെ നുണ കേള്‍ക്കയില്ല, സൗമ്യ! കൈവന്നിടും ശുഭവിഭൂതിനിനക്കുമേന്‍മേൽ” എന്ന് ആശാൻ വിശ്വസിച്ചു.

45 ആം വയസ്സിലെ വിവാഹം ആശാൻ്റെ സമുദായ ശത്രുക്കളും, പുറത്തുള്ളവരും അസൂയാലുക്കളും ആയുധമാക്കി. ചെയ്യരുതാത്തത് എന്തോ ആശാൻ് ചെയ്തു എന്ന കുറ്റമാരോപിച്ച് അവര്‍ ആശാനെ പഴിച്ചു. ”അരിയാഹാരം കഴിച്ചുപോന്ന ഒരാള്‍ അതുനിര്‍ത്തി ഗോതമ്പാഹാരം കഴിച്ചുതുടങ്ങിയതുകൊണ്ട് കുഴപ്പമില്ല” എന്ന് സഹജമായ നര്‍മ്മത്തോടെയുള്ള, ഗുരുവിന്റെ മറുപടി ഉണ്ടായിട്ടും.

വ്യക്തിപരമായും, രാഷ്ടീയമായും, സാഹിത്യപരമായുമുള്ള എതിര്‍പ്പുകളും ആശാന് വിവിധ കോൺകളിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ‘കുമാരനാശാന്‍’ എന്ന കൃതിയില്‍ കെ സുരേന്ദ്രന്‍ വിശദീകരിച്ചിട്ടുണ്ട്. ഗ്രാമവൃക്ഷത്തിലെ കുയിലിനെ പരിഹസിച്ച് ‘കുയില്‍ കുമാരന്‍’ എന്നൊരു കവിതപോലും അക്കാലത്തുണ്ടായി എന്ന് കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.

യോഗം സെക്രട്ടറിപദം ഒഴിഞ്ഞശേഷം വെറും ആറുവര്‍ഷം കൂടി ജീവിച്ചിരുന്ന ആശാന്‍, ‘മുനിവെടിഞ്ഞ സദനത്തില്‍നിന്നും’ അത്തലേതുമില്ലാത്ത സ്ഥലത്തേക്കു പറന്നുപോയി. ‘മോദസ്ഥിരനായങ്ങു വസിപ്പൂമല പോലെ’ എന്നതാണ് ആശാൻ്റെ ഗുരു.ആ വിശേഷണം ഗുരുവിന് മാത്രമല്ല എഴുതിയ ശിഷ്യനുമുള്ളതാണ്!