Fri. Nov 20th, 2026

ചേര്‍ത്തല: എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളാപ്പള്ളിക്ക് അനിതരസാധാരണ കര്‍മശേഷിയുണ്ടെന്നും ഒരുക്കിയത് ഉചിതമായ സ്വീകരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്തെ കുറിച്ചുള്ള വിദ്വേഷ നിലപാടിനെ തുടര്‍ന്ന് വെള്ളാപ്പള്ളിക്കെതിരെ പ്രതിഷേധം നിലനില്‍ക്കെയാണ് മുഖ്യമന്ത്രിയുടെ പുകഴ്ത്തല്‍. എസ് എന്‍ ഡി പി യോഗം ചേര്‍ത്തല യൂനിയനാണ് സ്വീകരണമൊരുക്കിയത്.

വെള്ളാപ്പള്ളി അസാധാരണ നേതൃപാടവും കര്‍മശേഷിയും കാണിച്ചു. സമൂഹത്തില്‍ ചിലര്‍ക്ക് മാത്രമേ ഇത്തരം അവസരം ലഭിക്കൂ. സാക്ഷാല്‍ കുമാരാനാശാന്‍ പോലും 16 വര്‍ഷമേ എസ് എന്‍ ഡി പി നേതൃസ്ഥാനത്ത് ഉണ്ടായിരുന്നുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറം ചുങ്കത്തറയിൽ വെള്ളാപ്പള്ളി നടേശൻ നടത്തിയ വിവാദ പ്രസംഗത്തെയും മുഖ്യമന്ത്രി പിന്തുണച്ചു. ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനോട് വിരോധമോ മമതയോ വച്ചുകൊണ്ട് പറഞ്ഞതല്ല. നിലവിലെ യാഥാർത്ഥ്യം വെച്ചുകൊണ്ട് വെള്ളാപ്പള്ളി പറഞ്ഞകാര്യങ്ങളാണ് അതെല്ലാം. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരായിട്ടാണ് വെള്ളാപ്പള്ളി സംസാരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആളുകളുടെ മനസ്സുകളിലേക്ക് നല്ലതുപോലെ കയറുന്ന രീതിയിലാണ് വെള്ളാപ്പള്ളി കാര്യങ്ങൾ അവതരിപ്പിക്കുന്നത്. നാടൻ ഭാഷയിൽ പറഞ്ഞാൽ സരസ്വതി വിലാസം അദ്ദേഹത്തിൻറെ ഭാഷയ്ക്കുണ്ട്. എല്ലാ ഘട്ടത്തിലും മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കാൻ ശ്രമിച്ച വ്യക്തിയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അടുത്തിടെ ചില വിവാദങ്ങൾ ഉയർന്ന വന്നത് ദൗർഭാഗ്യകരം. തെറ്റിദ്ധാരണകൾ പരത്താനുള്ള അവസരം അദ്ദേഹത്തിൻറെ പ്രസംഗത്തിന്റെ ഭാഗമായി വന്നു, എന്നാൽ വെള്ളാപ്പള്ളിയെ അടുത്തറിയുന്നവർക്ക് അറിയാം അദ്ദേഹം ഒരു മതത്തിനും എതിരല്ലെന്ന്. രാഷ്ട്രീയ പാർട്ടിക്ക് എതിരെയാണ് അദ്ദേഹം പറഞ്ഞത്. ആ പാർട്ടിക്ക് വേണ്ടി ചിലർ പ്രസംഗം തെറ്റായി പ്രചരിപ്പിച്ചുവെന്നും ഏതിനെയും വക്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ചേർത്തലയിൽ നടന്ന എസ്എൻഡിപി യോഗത്തിൻ്റെയും എസ്എൻ ട്രസ്റ്റിൻ്റെയും തലപ്പത്ത് മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശനെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരസ്യ പിന്തുണ.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913, 6235729908