Tue. Jul 28th, 2026

 ✍️ ചന്ദ്രപ്രകാശ് എസ് എസ്

1973 ഏപ്രിൽ 3ന് മാർട്ടിൻ കൂപ്പർ ന്യൂയോർക്കിലെ സിക്സ്ത് അവന്യുവിൽ നിന്നുകൊണ്ട് തന്റെ പോക്കറ്റിൽ‌ നിന്ന് ഒരു ഉപകരണം പുറത്തെടുത്തു. ക്രീം നിറത്തിലെ ആ വലിയ ഉപകരണത്തിലേക്ക് അയാൾ ഒരു നമ്പറടിച്ചു. എന്നിട്ടത് ചെവിയിൽ വച്ചു. നിരത്തിലൂടെ നടന്നുനീങ്ങിയവർ കൂപ്പറിനെ തുറിച്ചുനോക്കി. മോട്ടറോളയുടെ എൻജിനീയറായിരുന്ന കൂപ്പർ എതിരാളികളായ എടി ആൻഡ് ടി കമ്പനി മേധാവി ഡോക്ടർ ജോയലിനെ വിളിച്ചു.

എന്നിട്ട് പറഞ്ഞു – “കൈയിലൊതുങ്ങുന്ന, കൊണ്ടുനടക്കാവുന്ന, സ്വന്തം ഫോണിൽ നിന്നാണ് ഞാൻ നിങ്ങളെ വിളിക്കുന്നത് ” ലോകത്തിൽ വിപ്ലവം സൃഷ്‌ടിച്ച മോട്ടോറോള ഡൈന ടിഎസി 8000 എക്സ് ഫോൺ ആണ് ആദ്യത്തെ സെല്ലുലാർ ഫോൺ.ഒന്നര കിലോ ഭാരമുള്ള ഫോണിന് 10 ഇഞ്ച് നീളമുണ്ടായിരുന്നു.

10 മണിക്കൂറോളമെടുത്ത് ചാർജാകുന്ന ഫോണിന്റെ ബാറ്ററി ചാർജ് 25 മിനിറ്റ് നേരത്തെക്ക് മാത്രമാണ് നീണ്ടുനിന്നത്.പത്ത് വർഷങ്ങൾക്ക് ശേഷം 1983ലാണ് ഫോൺ വ്യാവസായികാടിസ്ഥാനത്തിൽ പുറത്തിറക്കിയത്. 1995 ജൂലൈയിൽ ഇന്ത്യയിലും പിറ്റേ വർഷം സെപ്റ്റംബറിൽ കേരളത്തിലും മൊബൈൽ ഫോൺ എത്തി.

ഇന്ത്യയില്‍ ആദ്യം മൊബൈല്‍ കോള്‍ ചെയ്തത് ജ്യോതിബസുവാണ്. ആ മൊബൈല്‍ ഫോണ്‍ വിളിക്ക് 2025 ജൂലൈ 31 ന് 30 വയസ് തികയും. കൊല്‍ക്കത്തയിലെ റൈറ്റേര്‍സ് ബില്‍ഡിംഗിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ദില്ലിയിലെ ടെലികോം മന്ത്രാലയത്തിന്‍റെ ഓഫീസായ സഞ്ചാര്‍ ഭവനിലേക്കായിരുന്നു ആ കോള്‍.ഇന്ത്യയിലെ കമ്യൂണിക്കേഷന്‍ വിപ്ലവത്തിന്‍റെ തുടക്കം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഫോണ്‍ കോളായിരുന്നു അത്.

അങ്ങേത്തലയ്ക്കൽ ഉണ്ടായിരുന്നത് അന്നത്തെ കേന്ദ്ര ടെലികോം മന്ത്രി സുഖ്റാം.1995 ലെ ജ്യോതി ബസുവിന്‍റെ ആദ്യ കോളില്‍ നിന്നും ഇന്ന് ഇന്ത്യ ഏറെ മുന്നേറി. മൊബൈല്‍ ടെക്നോളജി ഇന്ത്യയില്‍ അതിന്‍റെ അഞ്ചാം തലമുറ മാറ്റത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു.

തകഴിയെക്കുറിച്ചോർക്കാൻ വായനക്കാർക്ക് പലതുമുണ്ടാകും. തകഴിയും മൊബൈൽ ഫോണും തമ്മിൽ എന്ത് ബന്ധം എന്നല്ലേ ? മലയാളത്തിന്‍റെ ഇതിഹാസ സാഹിത്യകാരന്‍ തകഴി ശിവശങ്കരപിള്ളയാണ് ആദ്യമായി കേരളത്തില്‍ മൊബൈൽ ഫോണ്‍ കോള്‍ ചെയ്തത്.

1996 സപ്തംബര്‍ 17നായിരുന്നു ഈ പ്രധാന സംഭവം നടന്നത്. എറണാകുളം ഹോട്ടല്‍ അവന്യൂ റീജന്റില്‍ നടന്ന ഉദ്ഘാടനച്ചടങ്ങിലാണ് പിൽക്കാലത്ത് ഐഡിയ ആയി മാറിയ എസ്കോട്ടല്‍ സേവനം വഴി തകഴി ശിവശങ്കരപ്പിള്ള അന്നത്തെ ദക്ഷിണമേഖല വൈസ് അഡ്മിറൽ എ.ആര്‍ ടണ്ഠനുമായി മൊബൈൽ ഫോണിൽ സംസാരിച്ച് ഉദ്ഘാടനം ചെയ്തത്.ചടങ്ങില്‍ മാധവിക്കുട്ടിയും സംബന്ധിച്ചിരുന്നു.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913, 6235729908