Mon. Jul 27th, 2026

ന്യൂഡല്‍ഹി: എന്‍എസ്എസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ 2021 മുതല്‍ നിയമിച്ച 350 ഓളം തസ്തികകള്‍ സ്ഥിരപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദേശം. അധ്യാപക-അനധ്യാപക തസ്തികകള്‍ സ്ഥിരപ്പെടുത്താനാണ് പരമോന്നത കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കായി 60 തസ്തികകള്‍ മാറ്റിവച്ചിട്ടുണ്ട്. ഇതോടെ കഴിഞ്ഞ നാല് വര്‍ഷമായി നിയമനം സ്ഥിരപ്പെടുത്താന്‍ കാത്തിരുന്നവര്‍ക്ക് സര്‍ക്കാര്‍ ശമ്പളം ലഭിച്ചുതുടങ്ങും.

അതെസമയം, വിദ്യാലയങ്ങളിൽ റാഗിങ് സംഭവങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. റാഗിങ് വിരുദ്ധ നിയമങ്ങൾ നിലവിലുണ്ടായിട്ടും അതുമായി ബന്ധപ്പെട്ട കേസുകളില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, എസ്.മനു എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദേശം.

റാഗിങ് തടയണമെന്ന കോടതി ഉത്തരവുണ്ടായിട്ടും ഇതു സംബന്ധിച്ച് കൃത്യമായ നിയമനടപടികൾ എടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇതുമൂലം ഒട്ടേറെ റാഗിങ് കേസുകളാണ് ദിവസേന റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഫലപ്രദമായ റാഗിങ് വിരുദ്ധ നടപടികൾക്ക് കോടതി നിർദേശം നൽകണമെന്നും ഹർജിയിൽ പറയുന്നു. റാഗിങ് തടയുന്നതിനായി സംസ്ഥാന, ജില്ലാ തല റാഗിങ് വിരുദ്ധ നിരീക്ഷണ സമിതികള്‍ രൂപീകരിക്കണമെന്നതാണ് ഹർജിക്കാർ മുന്നോട്ടു വയ്ക്കുന്ന പ്രധാന നിർദേശം.