Mon. Nov 23rd, 2026

കോയമ്പത്തൂര്‍: വടകരയില്‍ കാറിടിച്ച് ഒന്‍പതുകാരി കോമയിലായ സംഭവത്തില്‍ പ്രതി ഷെജില്‍ പിടിയില്‍. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഷെജിലിനെ പിടികൂടിയത്. ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഉള്ളതിനാല്‍ ഇയാളെ വിമാനത്താവളത്തില്‍ തടഞ്ഞ് വെക്കുകയായിരുന്നു. തുടര്‍ന്ന് വടകര പോലീസിനെ വിവരം അറിയിച്ചു. പോലീസ് സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനായി കോയമ്പത്തൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രതിയെ വടകര പോലീസ് സംഘത്തിന് കൈമാറും.

2024 ഫെബ്രുവരിയിലാണ് ഷെജില്‍ ഓടിച്ച കാര്‍ ഇടിച്ച് ദൃഷാന എന്ന പെണ്‍കുട്ടിയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. വാഹനാപകടത്തില്‍ കുട്ടിയ്‌ക്കൊപ്പമുണ്ടായിരുന്ന മുത്തശ്ശി മരിച്ചിരുന്നു. അപകട ശേഷം ഇരുവരെയും ഷെജിലും ഒപ്പമുണ്ടായിരുന്നവരും ആശുപത്രിയിലെത്തിക്കാതെ രക്ഷപ്പെടുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കോമയിലായ ദൃഷാന എട്ട് മാസത്തോളം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.