✍️ ചന്ദ്രപ്രകാശ് എസ് എസ്
“സനാതനമൂല്യത്തെ വെല്ലുവിളിച്ച കോടിയേരി ഇപ്പോൾ നമ്മുടെ കൂടെയില്ല. എത്ര വേദന ഏറ്റുവാങ്ങി”
ശോഭ സുരേന്ദ്രൻ്റെ ഈ വാക്കുകൾ കേട്ടപ്പോൾ വാസ്തവത്തിൽ ഈ സ്ത്രീയോട് സഹതാപമാണ് തോന്നിയത്. എത്രമാത്രം രോഗാതുരമായ മനസ്സുമായാണ് അവർ ജീവിക്കുന്നത്. ‘രോഗത്തേയും മരണത്തേയും എങ്ങനെ സുഹൃത്തുക്കളാക്കാം’ എന്ന ടൈറ്റിലുള്ള ഞാൻ പലവട്ടം വായിച്ച യതിയുടെ ഒരു പുസ്തകം ഈയവസരം ഓർമ്മയിൽ വന്നു. അതിൽ അദ്ദേഹം യേശുക്രിസ്തു, നാരായണഗുരു,
ശ്രീരാമകൃഷ്ണൻ, രമണമഹർഷി തുടങ്ങിയ മനീഷികൾ എങ്ങനെയാണ് രോഗത്തേയും,
മരണത്തേയും സുഹൃത്തുക്കളാക്കിയതെന്ന് വരച്ച് കാട്ടുന്നുണ്ട്.
മേൽ പറഞ്ഞ പേരുകാരിൽ ക്രിസ്തു ഒഴിച്ച് ബാക്കി മൂന്നുപേരുടേയും മരണത്തിന് ഹേതുവായ കാരണം കോടിയേരിയെപ്പോലെ കാൻസറോ, അതുമായി ബന്ധപ്പെട്ട അനുബന്ധ രോഗങ്ങളോ ആണ്. കോടിയേരിയുടെ കാൻസർ രോഗവുമായി ബന്ധപ്പെടുത്തി സനാതനമൂല്യത്തെക്കുറിച്ചൊക്കെ
ശ്രീമതി ശോഭ വാചാലയാകുന്നു. സനാതനമെന്ന ചാതുർവർണ്യ-വർണാശ്രമ വ്യവസ്ഥയുടെ യഥാർത്ഥ മുഖം ഇതോടെ കുറച്ചൊന്നുമല്ല, അനാവൃതമായത്.
ഇക്കാലത്തും ശാസ്ത്രീയ യുക്തിയില്ലാതെ ഇക്കൂട്ടരൊക്കെ ഇതുപോലെ പലതും പുലമ്പുമ്പോൾ,
ശാസ്ത്രീയമായ യുക്തിയോടെയാണ് നാരായണ ഗുരു
“പുണർന്നുപെറുമെല്ലാമൊരിനമാം,പുണരാത്തത്
ഇന, മല്ലിനമാ മിങ്ങൊരിണയാർന്നൊത്തു കാൺമതും”
“മനുഷ്യരുടെ മതം വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല”എന്നതടക്കം കൃത്യമായ ശാസ്ത്രീയ ബോദ്ധ്യങ്ങൾ നിരത്തിയത്. ഇതിൽ ഒട്ടുമിക്കവയും കപടസനാതനത്തിന് നേർ വിപരീതമായിരുന്നു.
സനാതനത്തിൻ്റെ കൃത്യമായ ഏക മറുവചനവും ഗുരുവിൻ്റെതുതന്നെ. അതാണ് കപട സനാതനികൾക്ക് ഇന്നും മനസ്സിലാവാത്ത, ബോദ്ധ്യമില്ലാത്ത, പഠിച്ചാലും പിടികിട്ടാത്ത
“സോദരത്വേന”.
സനാതന മൂല്യത്തെ വെല്ലുവിളിച്ചാൽ കാൻസർ വന്ന് വേദനിച്ച് മരിച്ച് പണ്ടാരടങ്ങും പോലും. പ്രോസ്റ്റേറ്റ് ഡിസോർഡർ(ഇന്നത്തെ പ്രോസ്റ്റേറ്റ് കാൻസർ) മൂലം മൂത്രം തടസ്സപ്പെട്ടതിനെ തുടർന്ന് ഗുരുദേവൻ വളരെ പെട്ടന്ന് ക്ഷീണിതനായി.
പിന്നീടുണ്ടായ അതികഠിനമായ ശരീരവേദന ഗുരുവിനെ തളർത്തി. സ്വദേശികളും വിദേശികളും ഉൾപ്പടെ രണ്ട് ഡസനിലേറെ ഡോക്ടർമാർ ഗുരുവിന് പലവിധ ചികിത്സകളും ചെയ്തിട്ടും അതികഠിനമായ വേദനകൾ സഹിച്ചായിരുന്നു ഗുരുവിൻ്റെ അന്ത്യം.
ഗുരുവിൻ്റെ രോഗം നേരിൽ കണ്ട് കേരളത്തിൽ ഒരു യുക്തിവാദിയുണ്ടായി. അദ്ദേഹമാണ് നാരായണഗുരുവിന് ഏറ്റവും വേണ്ടപ്പെട്ട കുറ്റിപ്പുഴ കൃഷ്ണപിള്ള. ഒരു പീഡ എറുമ്പിനും വരുത്തരുതെന്ന് ആശിച്ച് ജീവിച്ച ഗുരു വേദനിച്ച് മരിച്ചത് നേരിൽ കണ്ടാണ് താൻ യുക്തിവാദി ആയതെന്ന് കുറ്റിപ്പുഴ അദ്ദേഹത്തിൻ്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്.
വിഖ്യാതനായ ബ്രിട്ടീഷ് സാഹിത്യകാരൻ സോമർസെറ്റ് മോം 1939 ൽ ഇന്ത്യയിൽ വന്നു. പണ്ഡിതരെയും എഴുത്തുകാരെയും കലാകാരന്മാരെയും കാണുന്ന കൂട്ടത്തിൽ അദ്ദേഹം രമണമഹർഷിയെയും സന്ദർശിച്ചു.കഠിനമായ യാത്ര നടത്തി രമണശ്രമത്തിലെത്തിയ ഡോക്ടർ കൂടിയായ സോമർസെറ്റ് മോം രമണ മഹർഷിയുടെ സവിധത്തിൽ വന്നമാത്രയിൽ തന്നെ ബോധക്ഷയം വന്ന് കുഴഞ്ഞുവീണു. ഒരു പുണ്യസങ്കേതത്തിലെത്തി,രമണമഹർഷിയെ കണ്ടതിൻ്റെ ആത്മീയ സാക്ഷാത്ക്കാരമാണ് ബോധക്ഷയമെന്ന് അന്ന് പലരും ഈ സംഭവത്തെ വാഴ്ത്തി. അന്ന് ആദ്യമായിട്ടല്ല അദ്ദേഹത്തിന് ഇതുപോലെ ബോധക്ഷയം ഉണ്ടാകുന്നത്. കൂടുതൽ ആയാസകരമായ പ്രവൃത്തികൾ ചെയ്താൽ ഹൃദയത്തിൽ ഡ്രയഫ്രം അമരുന്ന ഒരു അപൂർവരോഗത്തിന് അടിമയായിരുന്നു അദ്ദേഹം. ബോധക്ഷയത്തിൻ്റെ കാരണം സോമർസെറ്റ് മോം തിരുത്തിയിട്ടും, ലോകം അതൊന്നും അംഗീകരിച്ചില്ല. എല്ലാം അറിഞ്ഞ രമണമഹർഷി ഊറിച്ചിരിക്കുകമാത്രം ചെയ്തു.ഞാൻ ഇവിടെ സൂചിപ്പിക്കുന്ന നാരായണഗുരുവും, രമണമഹർഷിയും, രാമകൃഷ്ണ പരമഹംസരും സായിബാബയെപ്പോലെ അന്തരീക്ഷത്തിൽ നിന്നും വിഭൂതിയെടുത്തും, സമാന തട്ടിപ്പുകളൊന്നും നടത്താത്തവരാണ്.
1948 നവംബറിൽ രമണമഹർഷിയുടെ ഭൂജത്തിൽ ഒരു കാൻസർ മുഴ കണ്ടെത്തി. ഡോക്ടർ അത് നീക്കം ചെയ്തു. താമസിയാതെ മറ്റൊരു മുഴ. അതും നീക്കം ചെയ്ത് റേഡിയേഷൻ ചികിത്സ തുടർന്നു. പിന്നീട് മൂന്നാമത്തേയും നാലാമത്തേയും മുഴകൾ നീക്കം ചെയ്തെങ്കിലും എല്ലാം വിഫലമായി. അതികഠിനമായ വേദന സഹിച്ച് കാൻസർ ചികിത്സയുടെ അവസാന സ്റ്റേജിലാണ് രമണ മഹർഷിയുടെ അന്ത്യം.
അഞ്ചുവയസ്സുള്ളപ്പോൾ അന്നത്തെ ആചാരമനുസരിച്ച് 22 വയസ്സുണ്ടായിരുന്ന ശ്രീരാമകൃഷ്ണനെ ശാരദാമണി വിവാഹം ചെയ്തു. തുടർന്ന് ഇരുവരും സ്വഗൃഹങ്ങളിൽ വസിച്ചു.ശ്രീരാമകൃഷ്ണൻ ആദ്ധ്യാത്മിക പാതയിലേക്ക് പൂർണ്ണമായും തിരിഞ്ഞു. കാലം കടന്നുപോകവേ ശാരദ ഋതുമതിയായി.
അത് കഴിഞ്ഞ് ഏതാനും വർഷത്തിന് ശേഷം പതിനെട്ട് തികഞ്ഞപ്പോൾ, അവർ ഭർത്താവായ ശ്രീരാമകൃഷ്ണ പരമഹംസനെ തേടി ദക്ഷിണേശ്വരത്ത് എത്തി ഇണകളായി ജീവിതം ആരംഭിച്ചു.
ഒരുമിച്ചുള്ള ജീവിതത്തിനിടയിലെ ആദ്യ മാസമുറ സമയത്ത് അന്നത്തെ ആചാരമനുസരിച്ച് ഭർത്താവിനുള്ള ഭക്ഷണം പാകം ചെയ്യാൻ ശാരദാദേവി കൂട്ടാക്കിയില്ല.
ഈ സമയത്ത് സ്ത്രീകൾ അടുക്കളയിലോ പൂജാമുറിയിലോ പ്രവേശിക്കുന്ന പതിവ് അവരുടെ കുടുംബത്തിൽ ഉണ്ടായിരുന്നില്ല. അശുദ്ധിയാണ് കാരണം. പതിവിന് വിപരീതമായി ഭാര്യ ആഹാരം തയ്യാറാക്കാതിരുന്നത് ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ അദ്ദേഹം വിവരം ആരാഞ്ഞു. ആർത്തവമാണ്,അതിനാൽ അശുദ്ധിയാണന്നവർ മറുപടി നൽകി.
“എന്ത് അശുദ്ധി?
ശരീരത്തിൽ ഏത് ഭാഗത്താണ് അശുദ്ധിയുള്ളത് ?
മാംസത്തിൽ അശുദ്ധിയോ?
അതോ രക്തത്തിൽ അശുദ്ധിയോ?
ശ്രീരാമകൃഷ്ണൻ ഭാര്യയോട് ചോദിച്ചു. ശുദ്ധിയും അശുദ്ധിയുമൊക്കെ മനസ്സിലാണ് “
അതിനപ്പുറത്ത് ഒരു അശുദ്ധിയുമില്ല !
“ആത്മാവിൽ ശുദ്ധതയുണ്ടെങ്കിൽ ആർത്തവ സമയത്ത് ആഹാരം തയ്യാറാക്കുന്നതിനോ പൂജാമുറിയിൽ കയറി പൂജചെയ്യുന്നതിനോ ഈശ്വരനെ ധ്യാനിക്കുന്നതിനോ ഒരു അശുദ്ധിയും ഇല്ല” ഇങ്ങനെ പറയാൻ തക്കവണ്ണം വിശാലബോധവും വിശാലമനസ്കതയും, അറിവുവുമൊക്കെ അക്കാലത്തുതന്നെ ശാസ്ത്രബോധമുൾക്കൊണ്ട ശ്രീരാമകൃഷ്ണനുണ്ടായിരുന്നു. പ്രപഞ്ചസത്യം ഉൾക്കൊണ്ട് പിന്നീട് ഒരുമിച്ച് ജീവിച്ച് ഭർത്താവിൻ്റെ അന്ത്യകാലം വരെ അദ്ദേഹത്തെ അവർ ഭാര്യയെന്ന നിലയിൽ ശുശ്രൂഷിച്ചു.
ആർത്തവകാലം നോക്കാതെ അദ്ദേഹത്തിന് ഭക്ഷണമുണ്ടാക്കി വിളമ്പി. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.ഒരുമിച്ചുറങ്ങി.
ആർത്തവ സമയത്തും അവർ പൂജയും ആരാധനയും ധ്യാനവും ചെയ്തു.ഒരു സ്ത്രീയുടെ മുഴുവൻ ഭാവങ്ങളേയും ശ്രീരാമകൃഷ്ണൻ ശാരദാദേവിയിൽ ഉൾക്കൊണ്ടു.ഭാര്യ,അമ്മ, കാമുകി,സഹോദരി,
കൂട്ടുകാരി,ശിഷ്യ തുടങ്ങി വിവിധങ്ങളായ സ്ത്രീഭാവങ്ങൾ.
ഒരു തൊണ്ടവേദനയുടെ രൂപത്തിലാണ് രാമകൃഷ്ണ പരമഹംസരുടെ രോഗത്തിൻ്റെ തുടക്കം. തൊണ്ടയിൽ നിന്നും രക്തവും പഴുപ്പും വാർന്നു.തൊണ്ടരോഗം ക്രമേണ കാൻസറിൻ്റെ അവസാന സ്‌റ്റേജിൽ എത്തി. മനോഹരമായ ശബ്ദത്തിൽ പാടിയിരുന്ന അദ്ദേഹത്തിന് പിന്നീട് പാടാൻ കഴിഞ്ഞില്ല.”എൻ്റെ രോഗം ഭേദമാക്കൂ,എനിക്ക് പാടണം” എന്നദ്ദേഹം ഡോക്ടറോട് കേണപേക്ഷിക്കുന്നുണ്ട്. പലവിധ മത്സ്യങ്ങൾ രുചിയോടെ കഴിച്ചിരുന്ന അദ്ദേഹം അവയൊന്നും തൊട്ടുകൂട്ടാൻ പോലുമാകാതെ ശരീരം അസ്ഥിമാത്രമായി വില്ലുപോലെ വളഞ്ഞ് മരണമടയുകയായിരുന്നു.
കാൻസർ എന്ന രോഗത്തെയും, രോഗികളേയുമൊക്കെ സനാതനത്തിൻ്റെ പേരിൽ അധിക്ഷേപിച്ച്,
അവരൊക്കെ മരിച്ച് മണ്ണടിഞ്ഞ് കാണാൻ വ്രതം നോറ്റ് കാത്തിരിക്കുന്നവർ ഇന്നത്തെ കാൻസർ ദിനത്തിൽ ഇതൊക്കെ വായിക്കണമെന്ന് ഒരു നിർബന്‌ധവും ഇല്ല !


