Wed. Nov 25th, 2026

✍️ സുരേഷ്. സി.ആർ

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കായി പടനയിച്ചവരിൽ വ്യത്യസ്ത വ്യക്തിത്വംകൊണ്ട് ആഗോളശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയാണ് ഖാൻ അബ്ദുൾ ഗാഫർ ഖാൻ(1890 – 1988). ഗാന്ധിയുമായുണ്ടായിരുന്ന അടുപ്പവും അഹിംസ ഉൾപ്പെടെയുള്ള ഗാന്ധിയൻ ആശയങ്ങളിൽ അടിയുറച്ചുള്ള ജീവിതവും അദ്ദേഹത്തിന് ‘അതിർത്തി ഗാന്ധി’ എന്ന അപരനാമധേയം സമ്മാനിച്ചു.

‘ബാദ്ഷാ ഖാൻ’ എന്നും അറിയപ്പെട്ടിരുന്നു. പാക്കിസ്ഥാനിലെ പെഷവാറിലുള്ള ഉത്തമൻസായ് ഗ്രാമത്തിൽ ജനനം. യാഥാസ്ഥിക പുരോഹിതചിന്തകളെ അവഗണിച്ച് വിദ്യാഭ്യാസം നേടി. 1919-ൽ റൗലറ്റ് ആക്റ്റിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ച് ജയിലിലായി.1920-ലെ ഖിലാഫത്തിൽ പങ്കെടുത്ത് ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ജീവിക്കുക എന്ന നാണക്കേട് ഒഴിവാക്കാൻ ഇന്ത്യ വിട്ട് പോകണമെന്ന് നിർദ്ദേശിച്ചു. 1921-ൽ ഹൈസ്‌കൂൾ സ്ഥാപിച്ച് ശമ്പളം വാങ്ങാതെ അധ്യാപകനായി. സംസ്ഥാന ഖിലാഫത്ത് കമ്മിറ്റി പ്രസിഡന്റായതോടെ അറസ്റ്റിലായി. നല്ലനടപ്പ് ജാമ്യത്തിലനുവദിച്ചെങ്കിലും അത് നിരസിച്ചു.

പഷ്തൂൺ ഗ്രാമങ്ങളിൽ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി ‘ദാറൂൽ ഉലൂം’ എന്ന സംഘടന സ്ഥാപിച്ചു. ഈ പ്രവർത്തനങ്ങളിൽ സംശയാലുക്കളായ ബ്രിട്ടീഷ് ഭരണാധികാരികൾ ഇദ്ദേഹത്തെ അറസ്റ്റുചെയ്തു. ഇദ്ദേഹത്തിന്റെ ധീരതയിലും സ്വഭാവവൈശിഷ്ട്യത്തിലും ആകൃഷ്ടരായ പഷ്തൂണുകൾ ഇദ്ദേഹത്തെ ‘ഫക്ക്ര്‍-ഇ-അഫ്ഗാൻ’ (അഫ്ഗാൻകാരുടെ അഭിമാനഭാജനം) എന്ന് ബഹുമാനപുരസ്സരം വിശേഷിപ്പിച്ചു.
1928-ൽ പഷ്തൂൺ എന്ന മാസിക ഇദ്ദേഹം പ്രസിദ്ധീകരിച്ചുതുടങ്ങി. പക്ഷേ, ബ്രിട്ടിഷ് ഗവണ്‍മെന്റും 1947-നുശേഷം പാകിസ്താൻ ഗവണ്‍മെന്റും ഈ മാസിക പലതവണ നിരോധിച്ചു.

1929-ൽ ‘ഖുദായ് ഖിദ്മത്ഗാർ (ദൈവസേവകർ) എന്ന സംഘടന സ്ഥാപിച്ചു. പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഭാഗമായി ആ പ്രസ്ഥാനം ശക്തിപ്പെട്ടുവന്നു. ഇതിലെ അംഗങ്ങൾ ‘ചെങ്കുപ്പായക്കാർ’ എന്നറിയപ്പെടുന്നു.

1942-ൽ ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്തതിന് പോലീസ് തല്ലിച്ചതച്ച് വാരിയെല്ലുകൾക്ക് ക്ഷതമേറ്റു. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിൽ അംഗമായിരിയ്ക്കെ യാത്രാ ബത്ത വാങ്ങാത്ത ഏക കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗമായിരുന്നു ഗാഫർഖാൻ.

1946-ൽ ബ്രിട്ടനുമായി ഇന്ത്യൻ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുത്തു.
1947-ലെ ജനഹിത പരിശോധനയിൽ അബ്ദുൾ ഗഫാർ ഖാന്റെ അനുയായികൾ നിഷ്പക്ഷത പാലിച്ചു. പാകിസ്ഥാൻ വാദത്തെ ശക്തമായി എതിർത്ത ഖാൻ യഥാർത്ഥ മുസ്ലിം അല്ല എന്ന് പോലും അദ്ദേഹത്തിനെതിരെ ചിലർ ഫത്‌വ നല്‍കുകയുണ്ടായി.

പാകിസ്താന്റെ ആവിർഭാവത്തിനുശേഷം സ്വതന്ത്ര പഷ്തൂണിസ്താനുവേണ്ടി പ്രവർത്തിച്ച ഇദ്ദേഹം തടവിലാക്കപ്പെട്ടു. 1953-ൽ വിമോചിതനായി. പാകിസ്താൻ ഭരണഘടനാ നിർമാണസഭയിൽ തന്റെ സ്വതന്ത്ര പഷ്തൂണിസ്താൻ വാദം തുടർന്ന് ഉന്നയിച്ചു. 1956-ൽ ഇദ്ദേഹത്തെ വീണ്ടും അറസ്റ്റു ചെയ്തു. പിന്നീട് പല പ്രാവശ്യവും ജയിൽവാസം വരിച്ചിട്ടുണ്ട്. 1964 മുതൽ പാകിസ്താനു പുറത്ത് കാബൂളിൽ (അഫ്ഗാനിസ്താൻ) താമസിച്ച് പഷ്തൂണിസ്താനുവേണ്ടി തുടർന്ന് പ്രവർത്തിച്ചു.

1969-ൽ അബ്ദുൽ ഗഫാർ ഖാൻ ഗാന്ധി ശതാബ്ദി ആഘോഷങ്ങൾക്കിടയിൽ ഇന്ത്യ സന്ദർശിച്ച് വർഗീയ സൗഹാർദത്തിനുവേണ്ടി ‘ഇൻസാനി ബിരാദാരി’ എന്ന സംഘടന സ്ഥാപിച്ചു. 1970-ൽ അഫ്ഗാനിസ്താനിലേക്ക് മടങ്ങിപ്പോയി. 1970-നു ശേഷം പാകിസ്ഥാനിലെത്തിയ അവസരങ്ങളിലും പല തവണ തടവ് ശിക്ഷ അനുഭവിക്കേണ്ടിവന്നു.1969-ൽ നെഹ്രു അവാർഡും.1987-ൽ ഭാരത രത്‌നം നല്‍കിയും ഇന്ത്യ ആദരിച്ചു.