Tue. Nov 24th, 2026

✍️ സുരേഷ്. സി.ആർ

പ്രായത്തെ മറികടന്ന് ദുഃഖവും ഹാസ്യവും നിറഞ്ഞ മുത്തച്ഛൻ കഥപ്രാത്രങ്ങളിലൂടെ മലയാള ചലച്ചിത്ര പ്രേഷകർക്കിടയിൽ സ്ഥാനം നേടിയ നടനായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി(1922 – 2021). അവിചാരിതമായാണ് സിനിമയിലേക്കുള്ള പ്രവേശനം. പിന്നീട് മലയാളം കടന്ന് തമിഴിലും സാന്നിധ്യമറിയിച്ചു. കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു. 98-ാം വയസ്സിൽ കൊവിഡിനെ അതിജീവിച്ച വ്യക്തികൂടിയാണ്.

1996-ൽ 74-ാം വയസ്സിൽ ജയരാജിന്റെ ദേശാടന’ത്തിലെ മുത്തച്ഛൻ കഥാപാത്രമായാണ് സിനിമയിൽ സജീവമായത്. കമൽ ഹാസനൊപ്പം ‘പമ്മൽകെ സമ്മന്തം’, രജനികാന്തിനൊപ്പം ‘ചന്ദ്രമുഖി’, ഐശ്വര്യ റായിയുടെ മുത്തച്ഛൻവേഷത്തിൽ ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’, മലയാളസിനിമകളായ ‘രാപ്പകൽ’, ‘കല്യാണരാമൻ’, ‘ഒരാൾമാത്രം’ തുടങ്ങിയവയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കളിയാട്ടം, മേഘമൽഹാര്‍, നോട്ട്ബുക്ക്, ഫോട്ടോഗ്രാഫര്‍, ലൗഡ്സ്പീക്കര്‍, പോക്കിരി രാജ, മായാമോഹിനി തുടങ്ങി ഇരുപത്തഞ്ചോളം സിനിമകളുടെ ഭാഗമായി. കൈതപ്രം ദാമോദരൻ നമ്പൂതിരി സംവിധാനം ചെയ്ത ‘മഴവില്ലിന്നറ്റംവരെ’യാണ് ഒടുവിൽ അഭിനയിച്ച ചിത്രം.

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ കോറം പുല്ലേരി വാദ്ധ്യാരില്ലത്ത് ജനനം. പയ്യന്നൂർ ബോയ്സ് ഹൈസ്ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എ.കെ.ജി, ഇ.കെ.നായനാര്‍, സി.എച്ച്.കണാരന്‍, കെ.പി.ഗോപാലന്‍, കെ.പി.ആര്‍, എ.വി.കുഞ്ഞമ്പു, സുബ്രഹ്മണ്യ ഷേണായി, ടി.എസ്.തിരുമുമ്പ്, വിഷ്ണു ഭാരതീയന്‍, കേരളീയന്‍ തുടങ്ങി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കര്‍ഷക സംഘത്തിന്റെയും പലനേതാക്കള്‍ക്കും ഒളിസ്ഥലവും അഭയസ്ഥാനവുമായിരുന്നു ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ വാദ്ധ്യാരില്ലം.
ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവാണ്.