തിരുവനന്തപുരം: വിവാദമായ നെയ്യാറ്റിൻകര സമാധിയിൽ പുതിയ വഴിത്തിരിവ്. ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമെന്നാണ് വിലയിരുത്തൽ. പ്രാഥമിക പോസ്റ്റുമോർട്ടം പരിശോധനയിലാണ് ഈ കണ്ടെത്തൽ. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി.
ശരീരത്തില്‍ മുറിവുകളോ ക്ഷതങ്ങളോ ഇല്ല. വിഷം ഉള്ളില്‍ ചെന്നിട്ടില്ല. എന്നാല്‍ ആന്തരിക അവയവങ്ങളുടെ ശാസ്ത്രീയ പരിശോധനകള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. മരണ കാരണം വ്യക്തമല്ലെന്നാണ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ പ്രാഥമിക വിലയിരുത്തല്‍. രാസപരിശോധനാ റിപോര്‍ട്ട് കൂടി പുറത്തുവന്നതിന് ശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന് ഫോറന്‍സിക് ഡോക്ടര്‍മാര്‍ അറിയിച്ചു.
മരിച്ച ശേഷമാണ് സമാധിയിലിരുത്തിയെന്നാണ് വിവരം. മൃതദേഹത്തില്‍ പരുക്കുകള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ റേഡിയോളജി, എക്‌സറെ പരിശോധന നടത്തിയിരുന്നു. മൃതദേഹം ഇന്ന് നെയ്യാറ്റിന്‍കര മിംസ് മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച് നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. തുടര്‍ന്ന് നാളെ ഉച്ചക്ക് മൂന്നിന് ആചാര പ്രകാരം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
ഗോപന്‍ സ്വാമിയുടെ വിവാദ കല്ലറ ഇന്ന് രാവിലെയാണ് പൊളിച്ചത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം കല്ലറയില്‍ കണ്ടെത്തിയത്. വായ തുറന്ന നിലയിലായിരുന്നുണ്. വായില്‍ ഭസ്മവും മൃതദേഹത്തിന്റെ നെഞ്ചുവരെ പൂജാദ്രവ്യങ്ങള്‍ നിറച്ചിരുന്നു.


