Sun. Jul 26th, 2026

✍️ ലിബി. സി.എസ്

പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രത്തില്‍ പ്രതിഷ്‌ഠക്കുശേഷം ഒരിക്കല്‍ ശ്രീനാരായണഗുരു വീണ്ടും ഇവിടെ എത്തുകയുണ്ടായി. അന്ന്‌, ഗുരുവിനെ കാണാൻ എത്തിയെങ്കിലും വളരെ ദൂരെ മാറി നിന്ന തേവനെ തന്റെ അടുത്തേയ്ക്ക് വിളിച്ചുവരുത്തി ചേർത്തുനിർത്തി നീ തേവനല്ല ‘ദേവനാണ് ‘എന്ന് പറഞ്ഞ് അനുഗ്രഹിച്ചു. ഗുരുവിന്റെ ഉപദേശങ്ങള്‍ അദ്ദേഹത്തിന്‌ വഴിമാറി ചിന്തിക്കാനുള്ള കരുത്തായി നിലകൊണ്ടു.

വൈക്കം സത്യഗ്രഹ സമരത്തിന്റെ ഭാഗമായി പുറപ്പെട്ട ആദ്യ ജാഥയിൽ TK മാധവനൊപ്പം കൊടിപിടിച്ചു മുന്നിൽ നിന്നു നയിച്ച കറുപ്പിന്റെ കരുത്തായിരുന്നു ആമചാടിയിൽ തേവൻ എന്ന കണ്ണൻ തേവൻ. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ പെട്ട വേമ്പനാട്ടു കായലിലെ പെരുമ്പളം ദ്വീപാണ്‌ ആമചാടി തേവന്റെ ജന്മസ്ഥലം.

ടി കെ. മാധവവനും കണ്ണൻ ദേവനും അതിന് മുൻപേ ഒരുമിച്ച് ജയിലിൽ കിടന്നിട്ടുണ്ട്. പൂത്തോട്ടയിലെ സവർണരുടെ ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ ബലമായി കയറി ദർശനം നടത്തിയതിന്. ഈ സമരത്തെ പൂത്തോട്ട കേസ് എന്നറിയപ്പെടുന്നു. ഈ സമരമായിരുന്നു വൈക്കം സത്യാഗ്രഹത്തിന്‍റെ തുടക്കം എന്നു പറയാം. ഇതിന്‍റെ പേരിൽ അറസ്റ്റിലായ തേവൻ ജയിൽ മോചിതനായപ്പോൾ നേരേ വൈക്കം സത്യാഗ്രഹപ്പന്തലിലേക്കാണ് പോയത്.

ഒരു ദിവസം പൂത്തോട്ട ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദീപാരാധനക്ക്‌ കൈകൂപ്പിനിന്ന അമ്പലവാസികള്‍ക്കിടയിലൂടെ തേവന്റെ കൈപിടിച്ച്‌ ടി കെ മാധവന്‍ ശ്രീകോവിലിന്റെ മുന്നിലേക്ക്‌ നടന്നു കയറി. നേരിയ ഇരുളിന്റെ മറവില്‍ പെട്ടെന്ന്‌ ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. ഒരു നിമിഷം, എല്ലാം കലങ്ങി മറിഞ്ഞു. അശുദ്ധം, അശുദ്ധം എന്നു പറഞ്ഞുകൊണ്ട്‌ അവിടെയുണ്ടാ യിരുന്നവര്‍ നാലുപാടും ഒഴിഞ്ഞു മാറി. ദൈവം അശുദ്ധനാകാതിരിക്കാൻ പൂജാരിമാർ ശ്രീകൃഷ്‌ണ വിഗ്രഹവും ഇളക്കിക്കൊണ്ട് ഓടി. ആരേയും കൂസാതെ ക്ഷേത്രത്തില്‍ കയറിയ ഇവരെ എതിര്‍ക്കാന്‍ അവിടെയുണ്ടായിരുന്നവര്‍ക്ക്‌ കരുത്തുണ്ടായിരുന്നില്ല. ഒരു പക്ഷെ, അതുവരെ തീരുമാനത്തിലെത്താത്ത വൈക്കം സത്യാഗ്രഹത്തിന്റെ “ട്രയല്‍ റണ്‍” ആയിരുന്നു അത്‌. (കോൺഗ്രസ് അയിത്തോച്ചാടന പ്രമേയം പാസാക്കുന്നതിനും വൈക്കം സത്യാഗ്രഹത്തിനും മുൻപും ടികെമാധവൻ കോട്ടയം ജില്ലാ ജഡ്ജിക്ക് ഒരു പോസ്റ്റ്കാർഡിൽ കത്തെഴുതി അറിയിച്ചുകൊണ്ട് വൈക്കത്തെ വിലക്കപ്പെട്ട വഴിയിലൂടെ നടന്നിട്ടുണ്ട്.)

സവര്‍ണര്‍ അടങ്ങിയിരുന്നില്ല. ടി കെ മാധവനും തേവനും അറസ്റ്റ്‌ ചെയ്യപ്പെട്ടു. രണ്ടരവര്‍ഷത്തോളം രണ്ടുപേരും കോട്ടയം ജയിലില്‍ ശിക്ഷിതരായി കഴിഞ്ഞു. സവര്‍ണാധിപത്യത്തിന്റെ നെറുകയില്‍ അഗ്നിയായി കത്തിപ്പടരാനുള്ള ആവേശവുമായാണ്‌ അവര്‍ ജയില്‍ വിമോചിതരായത്‌.

വൈക്കം സത്യാഗ്രഹ സമര നേതാക്കള്‍ക്കൊപ്പം വീണ്ടും അറസ്റ്റ്‌ ചെയ്യപ്പെട്ട തേവനേയും കോട്ടയം സബ്‌ജയിലിലേക്ക്‌ കൊണ്ടുപോയി. ജയിലിലെ ക്രൂരമര്‍ദ്ദനവും ഇണ്ടംതുരുത്തി നമ്പൂതിരിയുടെ ഗുണ്ടകള്‍ ചുണ്ണാമ്പും കമ്മട്ടിപ്പാലും ചേര്‍ന്ന മിശ്രിതം കണ്ണിലൊഴിച്ചതിനാൽ ഉണ്ടായ കാഴ്‌ച മങ്ങലും കൂടിയായപ്പോള്‍ തേവന്‍ ആരോഗ്യപരമായി തളര്‍ന്നു. ഇക്കാലമത്രയും തേവന്റെ ഭാര്യയും കുട്ടികളും വൈക്കം ആശ്രമത്തിലാണ്‌ താമസിച്ചത്‌. ജയിലില്‍ നിന്നും തിരിച്ചെത്തിയ തേവന്‌ ആമചാടി തുരുത്തില്‍ കാണാനായത്‌, തന്റെ കൊച്ചു കുടിലിന്റെ തറ മാത്രമായിരുന്നു. ഓലയും തൂണും വാരിയുമൊക്കെ ഏതോ മേലാളക്കഴുകന്മാര്‍ കൊത്തിവലിച്ച്‌ കായലില്‍ താഴ്‌ത്തിക്കളഞ്ഞു. ആചാരം ലംഘിക്കുന്നവരെ സനാതനികൾ അന്നും കൈകാര്യം ചെയ്‌തിരുന്നത്‌ അങ്ങിനെയാണെന്ന് അറിയാവുന്നതുകൊണ്ടാണ് ശൂദ്രകലാപകാലത്ത് വീട്‌ നഷ്ടപ്പെട്ട് തെരുവിലാക്കപ്പെട്ടപ്പോഴും കുലുങ്ങാതിരുന്നത്.

എന്നാൽ വൈക്കം സത്യാഗ്രഹത്തിന്റെ 100 ആം വാർഷിക ആഘോഷത്തിൻറെ ഭാഗമായി പുതുക്കിപ്പണിത പെരിയാർ സ്മാരകത്തിലെ പ്രധാന സത്യാഗ്രഹികളുടെ ലിസ്റ്റിൽ ആമചാടി തേവൻ ഇല്ല. ഒന്നാം സ്ഥാനത്ത് വരേണ്ട ടികെ മാധവൻ രണ്ടാം സ്ഥാനത്തും മേനവൻ ഒന്നാം സ്ഥാനത്തുമായി. എന്തായാലും തമിഴ്‍നാട് സർക്കാർ ആയിരിക്കില്ലല്ലോ ഇതിന് പിന്നിൽ? ആരാണ് ആമചാടി തേവൻറെ ഓർമ്മകളെപ്പോലും ഇപ്പോഴും ഭയപ്പെടുന്നത്? എന്തുകൊണ്ടാണ് ചരിത്രത്തിൽ നിന്നും ഇതുപോലെ തിരസ്കരിക്കപ്പെടുന്നവർ ഒരു പ്രത്യേക സമുദായക്കാർ മാത്രം ആകുന്നത്?