Mon. Nov 23rd, 2026

✍️ ലിബി. സി.എസ്

നാരയണഗുരുവിൻറെ രണ്ട് തല്ലുകൊള്ളി ശിഷ്യന്മാരായിരുന്നു ആനന്ദതീർഥ സ്വാമിയും സഹോദരൻ അയ്യപ്പനും. രണ്ടുപേരും സനാതനികളുടെയും ഈഴവരുടെയും നല്ല തല്ലുകൊണ്ടിട്ടുണ്ട്.

ഗുരുവായൂരിലെ സനാതനികളുടെ മാത്രമല്ല വർക്കല ശിവഗിരി ധർമ്മസംഘം ട്രസ്റ്റിന്റെ പ്രസിഡന്റ് ആയിരിക്കെ ഈഴവരുടെ തല്ലുകൊണ്ട് അവശനായി ശിവഗിരിമഠത്തിൻറെ തന്നെ ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പ്പിറ്റലിൽ അഡ്മിറ്റാവുകയും. രാത്രി അവിടെയും സ്വാമി സുരക്ഷിതനല്ലെന്നും സ്വാമിയെ ഇവിടെവെച്ച് വധിക്കുമെന്നും വേറേതെങ്കിലും ഹോസ്പിറ്റലിലേക്ക് മാറാനും അദ്ദേഹത്തെ ചികില്സിച്ചുകൊണ്ടിരുന്ന ഡോക്ടർ നിർദ്ദേശിച്ചതനുസരിച്ച് താൻ പ്രസിഡന്റ് ആയ സ്ഥാപനത്തിൻറെ ആശുപത്രിയിൽ പോലും ജീവൻ സുരക്ഷിതമല്ലെന്ന് മനസിലാക്കി വർക്കല ഗവൺമെന്റ് ആശുപത്രിയിലേക്കും അവിടുന്നു പയ്യന്നൂരിലേക്കും ഓടേണ്ടിവന്ന ശ്രീനാരയണഗുരു നേരിട്ട് സന്യാസം നൽകിയ അവസാന ശിഷ്യൻ ആനന്ദ ഷേണായി എന്ന ആനന്ദതീർത്ഥ സ്വാമിയുടെ ജന്മദിനമാണ് ഇന്ന്. മന്നത്ത് അപ്പനെക്കാൾ മലയാളി മറന്നുകൂടത്തെ വ്യക്തിത്വം!

ശിവഗിരിയിൽനിന്നും സമുദായ പ്രമാണിമാരും അവരുടെ ശിങ്കിടികളായ ചില കാവിവേഷധാരികളും ചേർന്ന് അദ്ദേഹത്തെ തല്ലിയോടിക്കുകയായിരുന്നു. ഈഴവന്മാരെല്ലാം കൂടി തല്ലി ഓടിച്ച സ്വാമി പയ്യന്നൂരിലെത്തി ശ്രീനാരായണഗുരുവിൻറെ പേരിൽ തന്നെ വേറൊരു ആശ്രമമുണ്ടാക്കി. 1959ല്‍ ശ്രീനാരായണ ധര്‍മസംഘത്തിന്റെ പ്രസിഡന്റും മഠാധിപതിയുമായിരുന്ന ആനന്ദതീര്‍ഥന്‍. എസ്എന്‍ഡിപി യോഗവുമായും ശിവഗിരി മഠവുമായും കലഹിച്ച് പയ്യന്നൂരിൽ നാരായണ ഗുരുവിൻറെ പേരിൽ തന്നെ മറ്റൊരു ആശ്രമം ഉണ്ടാക്കിയെങ്കിലും 1974ല്‍ രാജിവയ്ക്കുന്നതുവരെ ശിവഗിരി ട്രസ്റ്റ് അംഗമായിരുന്നു.

ഉത്തര മലബാറില്‍ ആഞ്ഞടിച്ച നവേത്ഥാന കൊടുങ്കാറ്റിന്റെ പ്രഭവകേന്ദ്രമായിരുന്നു പയ്യന്നൂരിലെ ആനന്ദ തീർത്ഥ സ്വാമികളുടെ ശ്രീനാരായണ വിദ്യാലയം. ഈ വിദ്യാലയമുറ്റത്തെ ‘ഗാന്ധി മാവി’ന്റെ ഇലയനക്കങ്ങളിലുമുണ്ട് ചരിത്രത്തിന്റെ മര്‍മരങ്ങള്‍. പയ്യന്നൂരിലെ ശ്രീനാരായണ വിദ്യാലയം. ജാതിക്കെതിരായ പോരാട്ടവഴികളിലെ നിത്യസ്മാരകം കൂടിയാണ്. ദളിത് വിദ്യാർത്ഥികൾക്ക് മാത്രമേ ആ സ്‌കൂളിൽ അഡ്മിഷൻ നൽകിയിരുന്നുള്ളൂ. പയ്യന്നൂരിലും പരിസരങ്ങളിലുമുള്ള ദളിത് വിദ്യാര്‍ഥികള്‍ക്കുള്ള വീട്ടുവിദ്യാലയത്തിലെത്തുന്ന (റെസിഡൻഷ്യൽ സ്കൂൾ) കാറ്റിനും ചരിത്രത്തിന്റെ ചോരമണമുണ്ട്. ജാതിക്കോമരങ്ങളെ വെല്ലുവിളിച്ചതിന് അടിയേറ്റുവീണ പലതവണ സനാതനികളാൽ കൊലപ്പെടുത്താൻ ശ്രമിച്ച സ്വാമി ആനന്ദതീര്‍ഥന്റെ ചെറുത്തുനില്‍പ്പിന്റെ വീര്യമുണ്ട്.

ഗുരുവിന്റെ അവസാനത്തെ ശിഷ്യനും ശിവഗിരി മഠാധിപതിയുമായിരുന്ന ആനന്ദതീര്‍ഥന്റെ ഓര്‍മകള്‍ക്ക് എന്തുകൊണ്ടും തിളക്കമേറെയാണ്. അയിത്തോച്ചാടനം ജീവിതവ്രതമാക്കിയ പോരാളിയുടെ നിശ്വാസങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ശ്രീനാരായണവിദ്യാലയവും മുറ്റത്ത്, ഹരിജന്‍ സേവാസംഘത്തിന് ഫണ്ട് പിരിക്കാനെത്തിയപ്പോള്‍ ഗാന്ധിജി നട്ട മാവും പുതിയകാലത്തിനുള്ള താക്കീതും സന്ദേശവുമാണ്. 85വര്‍ഷംമുമ്പ് ഇവിടെയെത്തിയ ഗാന്ധിജി ആനന്ദതീര്‍ഥന്റെ ജാതിയെന്തന്നറിയാന്‍ ഒരു ശ്രമം നടത്തി. വെറുമൊരു കൌതുകത്തിന്. ഗാന്ധിജിക്ക് പക്ഷേ, ക്ഷമചോദിച്ച് പിന്‍വാങ്ങേണ്ടി വന്നു. അതാണ് ആനന്ദതീര്‍ത്ഥന്‍.

കീഴ്‌ജാതിക്കാർക്ക് നല്ല പേരുകൾ പോലും ഇടാൻ പാടില്ല എന്നായിരുന്നു വ്യവസ്ഥ. ചാമി, പൊക്കൻ, ചപ്പില, കൊട്ടൻ, മരത്തൻ, കൊറുമ്പൻ, പോടൻ, പോക്കിണൻ തുടങ്ങിയവയായിരുന്നു അധഃകൃതരുടെ പേരുകൾ. എന്നാൽ ആനന്ദതീർഥൻ ആശ്രമത്തിലെ ദളിത് കുട്ടികൾക്ക് പലതരത്തിൽ പേരിട്ടു. അങ്ങനെ ദാമോദര മാരാർ, പ്രഭാകര ശർമ, എൻ എ ഷേണായി, എൻ വി തമ്പുരാൻ, ജോർജ്, റഹിം തുടങ്ങി വിവിധ പേരുകാർ ആശ്രമത്തിൽ വളരാൻ തുടങ്ങി. ചക്ലിയ സമുദായത്തിലെ ‘മാലിംഗൻ’ പയ്യന്നൂർ സ്കൂളിൽ എത്തിയത് തമ്പുരാൻ എന്ന പേരുമായി ആയിരുന്നു.

ശ്രീനാരയണഗുരുവിൻറെ മറ്റുശിഷ്യന്മാരിൽ നിന്നും വ്യത്യസ്തമായി ഒന്നുകൂടി ചെയ്‌തു ആനന്ദതീര്‍ത്ഥന്‍. തൻറെ അടുത്ത് ശിഷ്യത്വം സ്വീകരിക്കാൻ സന്നദ്ധരായി വന്ന ഒരാൾക്കും സ്വാമി സന്യാസ ദീക്ഷ നൽകിയില്ല!

ചെല്ലുന്നിടത്തെല്ലാം അടി മേടിച്ച ശിഷ്യൻ! 1952 ജനുവരി നാലിന് സ്വാമി ആനന്ദതീർഥൻ തമിഴ്‌നാട്ടിലെ മധുര ജില്ലയിലെ മാങ്കുളം ഗ്രാമത്തിൽ എത്തി. അവിടെയുള്ള ദളിതരുടെ കുടിലിൽ അവരോടൊപ്പം ഭക്ഷണം കഴിച്ചു അന്തിയുറങ്ങി. രാവിലെ സ്വാമിയുടെ സാന്നിധ്യത്തിൽ ഗ്രാമത്തിലെ പൊതു കിണറ്റിൽനിന്ന് ദളിതർ വെള്ളമെടുത്തു. അവരെയുംകൂട്ടി തൊട്ടടുത്തുള്ള ബ്രാഹ്മണന്റെ ഹോട്ടലിൽ കയറി കാപ്പി കുടിച്ചു. അതി ക്രൂരമായ മർദനമാണ് സ്വാമിക്കുനേരെ ഉണ്ടായത്. ഇടതുകാൽ അടിയിൽ തകർന്നു. കണ്ണിന്‌ പരിക്കുപറ്റി. ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചാണ് ജീവൻ രക്ഷിച്ചത്.

ഗാന്ധിജിയെ കാണുന്നതിനായി സബര്‍മതിയിലേക്ക് കാല്‍ നടയായി സഞ്ചരിച്ച സ്വാമി പട്ടിക ജാതി ജനങ്ങളുടെ ചേരി പ്രദേശങ്ങളിലായിരുന്നു പലപ്പോഴും അന്തിയുറങ്ങിയിരുന്നത്. പൊതുവേ ദരിദ്രരായിരുന്ന അവര്‍ സവര്‍ണരെ ഭയന്ന് സ്വാമിജിക്ക് ഭക്ഷണവും വെള്ളവും പോലും നല്‍കിയിരുന്നില്ല. കടുത്ത വിശപ്പും ദാഹവും പട്ടിണിയും ശരീരത്തെ തളര്‍ത്തുമ്പോഴും സാമൂഹ്യ അവഗണനക്കെതിരെ ആഞ്ഞടിക്കുവാനുള്ള ഊര്‍ജം സംഭരിക്കുകയായിരുന്നു സ്വാമി ആനന്ദ തീര്‍ത്ഥ.

ഹിന്ദു മതത്തിനോടുള്ള ശക്തമായ വിമർശത്തിന്റെ ഭാഗമായി അംബേദ്കറോട് യോജിച്ചുകൊണ്ട് താഴ്ന്ന ജാതിക്കാർ ഹിന്ദുമതം വിട്ടുപോകട്ടെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

“ദൈവത്തെ അന്വേഷിച്ച്‌ ഞാൻ ഒരിക്കലും ക്ഷേത്രങ്ങളിൽ പോകാറില്ല” -സ്വാമി പറഞ്ഞു: “ക്ഷേത്രമാണ് അയിത്തമെന്ന അധർമത്തിന്‌ സംരക്ഷണമരുളുന്ന ഏറ്റവും ശക്തിയുള്ള സ്ഥാപനം”. എന്നാൽ, അദ്ദേഹം എല്ലാ ക്ഷേത്രത്തിലും പോയി. തനിച്ചല്ല, ദളിതരായ കുട്ടികളുമൊത്ത്‌. ഏതൊക്കെ ക്ഷേത്രങ്ങളിൽ ദളിതർക്ക് വിലക്കുണ്ടോ അവിടെയൊക്കെ സ്വാമി അവർക്കൊപ്പം പോയി. പല സ്ഥലത്തും മർദനത്തിന് ഇരയായി. അച്ഛൻ പ്രസിഡന്റായിരുന്ന ഗൗഡ സരസ്വത ബ്രാഹ്മണരുടെ തലശേരി നരസിംഹക്ഷേത്രത്തിൽനിന്നും സവർണരുടെ കടുത്ത മർദനമേറ്റു.

ഒടുവില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ബ്രാഹ്മണസദ്യയെ ചോദ്യംചെയ്തുകൊണ്ട് ഊട്ടുപുരയിൽ പ്രവേശിച്ചതിന് ജന്മം കൊണ്ട് നരഹമെന്നായിരുന്നെങ്കിലും പൂണൂൽ പൊട്ടിച്ചുകളഞ്ഞിരുന്നതിനാൽ ചെയ്യുന്നത് ബ്രാഹ്‌മണ ഹിംസയാണെന്ന് അറിയാതെ ചോകാ സ്വാമിയാണെന്ന് കരുതി സനാതനികളിൽ നിന്നും കിട്ടിയ ക്രൂരമായ മര്‍ദനമാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചത്.

ബ്രാഹ്മണൻ ആയിരുന്നു എന്ന് മനസിലായപ്പോൾ ബ്രാഹ്‌മണ ശാപം ഭയന്ന് അതിൻറെ പ്രാശ്ചിത്തമായിട്ടാണെന്ന് തോന്നുന്നു അതിൽ പ്രതിഷേധിച്ച്‌ കല്ലറ സുകുമാരൻ നയിച്ച ജാഥ ഗുരുവായൂരിലെത്തിയപ്പോൾ സംഘികൾ സ്വാമിയെ മാലയിട്ട് ആദരിച്ചത്.

1905 ജനുവരി 2നു ജനിച്ച സ്വാമി1987 നവംബര്‍ 21നാണ് വിടപറഞ്ഞത്.