✍️ ലിബി. സി.എസ്
ഇന്ന് കേരളത്തിലെ ഏറ്റവും പ്രബല സമുദായമായ (ആൾ ബലത്തിൻറെ കാര്യം അല്ല) നായന്മാരുടെ സമുദായ ആചാര്യൻ മന്നത്ത് പദ്മനാഭൻറെ ജൻമ ദിനമാണല്ലോ? തീർച്ചയായും കേരളത്തിലെ ഏറ്റവും വിജയം നേടിയ സമുദായനേതാവും അദ്ദേഹം തന്നെയാണ്. അദ്ദേഹത്തിൻറെ സമുദായമാണ് ഇന്ന് കേരളത്തിൻറെ സമസ്ത മേഖലകളും കയ്യടക്കി വെച്ചിരിക്കുന്നതും നിയന്ത്രിക്കുന്നതും, കേരളത്തിലെ സകല രാഷ്രീയ പ്രസ്ഥാനങ്ങളും അദ്ദേഹത്തിൻറെ സമുദായത്തിൻറെ നിയന്ത്രണത്തിലാണ്. അദ്ദേഹം പണ്ടുപറഞ്ഞ “ഞാനാണ് കേരളം” എന്ന പ്രസ്താവന ഏതാണ്ട് അന്വർത്ഥമായി തീർന്നിരിക്കുകയാണ്.
അതെല്ലാം അംഗീകരിക്കുമ്പോഴും അദ്ദേഹത്തെ കേരളത്തിൻറെ നവോത്ഥാന നായകനായി കൊണ്ടാടുന്നത് അക്രമം തന്നെയാണ് എന്നു മാത്രമല്ല മറ്റു നവോത്ഥാന നായകരെ അധിക്ഷേപിക്കലുമാണ്.
ഈ പ്രത്യേകതരം നവോത്ഥാന നായകൻറെ ചില മഹത് വചനങ്ങളും സദ് പ്രവർത്തികളും ചുവടെ ചേർക്കുന്നു:
“സംവരണം ആക്രമമാണ് അധർമ്മമാണ് അന്യായമാണ് “- മന്നത്ത് പത്മനാഭൻ
“ഈഴവരുടെ വംശ വിഛേദം വരുത്താതെ ഞാൻ അടങ്ങുകയില്ല ” -മന്നത്താചാര്യൻ (കരുനാഗപ്പളി പ്രസംഗം)
“ഈഴവർ പന്നിപെറ്റ സന്തതികളും മന്ദബുദ്ധികളുമാണ്. അവർക്ക് സഞ്ചാരസ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനവും അനുവദിച്ചത് പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു” -മന്നത്താചാര്യൻ (ശാസ്തമംഗലം പ്രസംഗം)
പിറ്റേ ദിവസത്തെ കേരളകൗമുദിയുടെ എഡിറ്റോറിയലിൽ കെ. സുകുമാരൻ ഇങ്ങെനെ എഴുതി ‘എൻറെ പേര് കെ സുകുമാരൻ, എൻറെ അച്ഛൻറെ പേര് സിവി കുഞ്ഞുരാമൻ, അദ്ദേഹത്തിൻറെ അച്ഛൻറെ പേര് ഞാറക്കൽ വാസുദേവൻ, അവരുടെയും അച്ഛന്മാരുടെ പേരുകൾ ആവശ്യമെങ്കിൽ തരാം. ഈ മന്നത്ത് പത്മനാഭൻറെ തന്ത ആരാണ്? താങ്കൾ പറഞ്ഞ പന്നിപെറ്റുകൂട്ടിയ ഈഴവർക്കെല്ലാം ഇതുപോലെ വീട്ടിൽ ചൂണ്ടിക്കാണിക്കാൻ ഒരു തന്തയുണ്ടാകും. താങ്കൾക്ക് അതുപോലുമില്ലല്ലോ?…..’
“ചാത്തൻ പുലയൻ മന്ത്രിയായിരിക്കുന്ന നാട്ടിൽ ജീവിക്കുവാൻ സാധ്യമല്ല ” -മന്നത്താചാര്യൻ (മുതുകുളം പ്രസംഗം)
“ഹിന്ദുക്കളുടെ ആലംബവും ആശാകേന്ദ്രവും ആർഎസ്എസ് ആണെന്നു” വരെ പറഞ്ഞിട്ടുണ്ട് ഈ നവോത്ഥാന നായകൻ.
മന്നത്തിൻ്റെ വംശീയവാദ പ്രസംഗങ്ങൾക്കെതിരെ കേരളകൗമുദിയിലെ താൻ കൈകാര്യം ചെയ്തിരുന്ന കോളത്തിലൂടെയും പ്രസംഗങ്ങളിലൂടെയും ശക്തമായ എതിപ്പ് രേഖപ്പെടുത്തിയിരുന്നത് സഹോദരൻ അയ്യപ്പൻ മാത്രമാണ്. സഹോദരൻ അയ്യപ്പനെ മന്നം വിരട്ടാനും ശ്രമിച്ചിരുന്നെങ്കിലും അയ്യപ്പൻറെ അടുത്ത് അതൊന്നും ഓടിയില്ല.
എൻ എസ് എസിൻ്റെ ചങ്ങനാശ്ശേരിയിൽ നടന്ന രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സവർക്കറെ മന്നത്ത് പത്മനാഭൻ മുഖ്യ അഥിതി ആയി ക്ഷണിച്ച് കൊണ്ട് വന്നു.1940 മെയ് 4 ന് ഡയറിയിൽ മന്നം ഇങ്ങനെ കുറിച്ചു ”നാലിനു സമ്മേളനം നിർവചനം നടന്നു. ഹിന്ദു സമ്മേളന അധ്യക്ഷനെ ചെങ്കോട്ട മുതൽ സ്വീകരിച്ചു. വഴിമധ്യേ പല സ്വീകരണങ്ങളും ഉണ്ടായി. സ്വാഗതസംഘം സവർക്കരെ ആഡംബരപൂർവ്വം സ്വീകരിച്ച് ഘോഷയാത്രയായി കൊണ്ടുവന്നു. മുനിസിപ്പൽ മംഗള പത്രം കൊടുത്തു.”
”നാലാം ദിവസം ബാരിസ്റ്റർ വിനായക ഭാമോദർ സവർക്കരുടെ ആഭിമുഖ്യത്തിൽ ഹിന്ദു മതസംമ്മേളനം നടന്നു.”- ചങ്ങനാശേരി പെരുന്നയിൽ നടന്ന രജത ജൂബിലി ആഘോഷവും പത്താം നായർ മഹാ സമ്മേളനത്തെയും കുറിച്ച് സ്വാതന്ത്ര്യ സമരത്തിൽ എന്ന പുസ്തകത്തിൽ ഇപ്രകാരം കാണുന്നു. “സവർക്കർക്ക് ഇന്ത്യയിലൊരിടത്തും ഇത്രയും ഗംഭീരമായ ഒരു സ്വീകരണമോ ഹിന്ദുമഹാസഭയ്ക്ക് ഇത്തരം വമ്പിച്ച ഒരു സദസ്സ് ലഭിച്ചിട്ടുണ്ടാവില്ല.” – മന്നത്തിൻറെ സമ്പൂർണ്ണ കൃതികൾ
മന്നം ആർ എസ് എസ് വളരാൻ ഉള്ള എല്ലാം സഹായങ്ങളും നൽകി പോന്നതിനെ കുറിച്ച് ആർഎസ്എസ് അഖില ഭാരത ബൗദ്ധിക്ക് പ്രമുഖ് ആയിരുന്ന ആർ ഹരി എഴുതുന്നു: “വടക്ക് ആഗമാനന്ദ സ്വാമികളെ പോലെ തെക്ക് മന്നമായിരുന്നു സംഘ വ്യാപനത്തിന് വളരെയേറെ സഹായിച്ചത് എന്നു പറഞ്ഞാൽ അത് കൃതജ്ഞത പ്രകാശനമേ ആകൂ…, മന്നം ചെയ്ത മറ്റൊരു സഹായം കോട്ടയത്തും ചങ്ങനാശേരിയിലും ആലപ്പുഴയിലും ആർഎസ്എസിന്റെ ശാഖ തുടങ്ങുന്നതിനു മുമ്പായി ചങ്ങനാശേരിയിലെ പെരുന്നയിൽ ഒരു ശാഖ തുടങ്ങിയിരുന്നു എന്നതാണ്. എൻഎസ്എസ് ആർഎസ്എസ് ബന്ധം മറ്റൊരു രീതിയിൽ കൂടി സംഘടനാപരമായി ബന്ധപ്പെട്ടിരിക്കുന്നു . ആർഎസ്എസ് കേരള പ്രാന്തത്തിന്റെ പ്രഥമ പ്രാന്തിയ സർ സംഘചാലകൻ എൻ ഗോവിന്ദമേനോൻ ആണ് എൻഎസ്എസിന്റെ പ്രസിഡണ്ടായി മാറിയത്.”

1958 ൽ എറണാകുളത്ത് നടന്ന ഗോൾവാക്കർ പങ്കെടുത്ത ആർഎസ്എസ് യോഗത്തിൽ അധ്യക്ഷൻ മന്നം ആയിരുന്നു. “ഒക്ടോബർ 13ന് ഗോൾവാക്കളുടെ സ്വീകരണയോഗം ഞാൻ അധ്യക്ഷൻ. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് വിമാനത്തിൽ. രണ്ടുമണിക്ക് അവിടെനിന്ന് എന്നെ കാറിൽ പ്രഭുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഗുരുജിയുമായി ഒന്നിച്ച് ടി ഡി ഹോളിൽ എത്തി. അവിടെ ചടങ്ങിൽ പങ്കുകൊണ്ടു. അഞ്ചുമണിക്ക് ആർഎസ്എസിന്റെ പൊതുയോഗം എൻറെ അധ്യക്ഷതയിൽ കൂടി. ഞാനും ഗുരുജിയും പ്രസംഗിച്ചു. രാത്രി എട്ടുമണിക്ക് അവസാനിച്ചു. ഗുരുജിയുടെ കൂടെ താമസിച്ചു” -മന്നം ഡയറി
1963 ഫെബ്രുവരി മൂന്നിന് “മദ്രാസ് മറീന ബീച്ചിൽ ആർഎസ്എസിന്റെ സമാപന യോഗത്തിൽ പങ്കെടുത്തു വലിയ പ്ലാറ്റ്ഫോറത്തിൽ അധ്യക്ഷത വഹിച്ചു മലയാളത്തിൽ പ്രസംഗം ചെയ്തു.” -മന്നം ഡയറി
ഭാരതീയ വിചാരകേന്ദ്രത്തിന്റെ കേരള വിചാരകേന്ദ്രമായിരുന്ന പി പരമേശ്വരൻ എഴുതുന്നു – “ശ്രീ ഗുരുജിയുമായി നിലനിന്നിരുന്ന ആത്മബന്ധം അവസാനിക്കുന്നത് മന്നം കഠിനമായി രോഗം ബാധിച്ചു ആസനാവസ്ഥയിലായിരുന്നു സന്ദർഭത്തിൽ ആയിരുന്നു. ആ സംഭവം ഗുരുഗോവാക്കർ എന്ന ജീവചരിത്ര ഗ്രന്ഥത്തിൽ ആർ ഹരി ഇങ്ങനെ കുറിക്കുന്നു “മെയ് മാസം ഒന്നിന് എറണാകുളത്തേക്ക് മടങ്ങും വഴി ചങ്ങനാശേരിയിൽ ജർജ ര ദേഹനായി ജീവിതസന്ധിയിൽ കഴിഞ്ഞുകൂടിയിരുന്ന വിവേകാനന്ദ ശിലാസ്മാരകസമിതിക്ക് ഏറ്റവും ദുർഘടം നിറഞ്ഞ കാലഘട്ടത്തിൽ വിക്രാന്തപൂർണ്ണമായ നേതൃത്വം കൊടുത്ത എൻഎസ്എസ് സ്ഥാപകനായ മന്നത്ത് പത്മനാഭൻ സ്വന്തം വസതിയിൽ പോയി കണ്ടു. രംഗം വീക്ഷിച്ചിരുന്ന കുടുംബാംഗങ്ങളുടെ നടുവിൽ നിന്ന് സ്വാമിജി ഗോൾവൽക്കർ (അങ്ങനെയാണ് മന്നം ഗുരുജിയെ വിശേഷിപ്പിരുന്നത്) സാഭിമാനം ആശ്വസിപ്പിച്ചു. അങ്ങ് എല്ലാംകൊണ്ടും പൂർണ്ണകാമൻ ആണ്. ഇംഗ്ലീഷും ഹിന്ദിയും കാര്യമായി അറിയാത്ത ആ ഭാരത കേസരിക്ക് പൂർണ്ണകാമൻ എന്ന വാക്കിൻറെ അർത്ഥം പൂർണമായും പിടികിട്ടി. ആമുഖം തെളിഞ്ഞു. രണ്ടുപേരും പരസ്പരം കൈപിടിച്ച് അഭിവാദ്യം ചെയ്തു.”
“ഹിന്ദു ധർമ്മസംരക്ഷണത്തിനും ദൃഢീകരണത്തിനും വ്യാപനത്തിനുമായി അവതാരം എടുത്ത് രാഷ്ട്രീയ സ്വയം സംഘത്തിൻറെ പോറ്റച്ചനായിരുന്നു മന്നം. സംഘം പിച്ചവെച്ച് നടക്കുവാൻ സഹായിക്കുകയും ചെയ്ത പ്രബലനായ വ്യക്തി മന്നത്ത് പത്മനാഭൻ ആയിരുന്നു. സംഘത്തിന് പറയത്തക്ക സ്ഥാപനങ്ങൾ ഒന്നുമില്ലാതിരുന്ന കാലത്ത് ക്യാമ്പ് നടത്തുവാനും മറ്റും സ്വന്തം സ്ഥാപനങ്ങൾ പോലെ സ്വാതന്ത്ര്യത്തോടുകൂടി ഉപയോഗിക്കാൻ അദ്ദേഹം എൻഎസ്എസ് സ്ഥാപനങ്ങൾ സന്തോഷത്തോടെ വിട്ടു നൽകി. സംസ്ഥാന അധ്യക്ഷനായിരുന്ന എൻ ഗോവിന്ദമേനോൻ സംഘത്തിന്റെയും സംസ്ഥാന അധ്യക്ഷനായി പ്രവർത്തിച്ചിരുന്നു. ആർഎസ്എസ് സർ സഘ് ചാലക് ആയിരുന്ന ഗുരുജി എന്ന് വിളിക്കുന്ന ഗോൾവൽക്കർ കോട്ടയത്ത് വരുമ്പോൾ താമസിച്ചിരുന്നത് അദ്ദേഹത്തിൻറെ വീട്ടിലായിരുന്നു. ഗുരുജി കേരളത്തിൽ വരുമ്പോഴൊക്കെ മന്നവുമായി കണ്ട് സംസാരിക്ക പതിവായിരുന്നു. മാത്രമല്ല അവർ സഹോദരന്മാരെ പോലെ ഒന്നിച്ച് ഉണ്ട് ഉറങ്ങി ആ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്തു. മന്നവും ആർഎസ്എസും തമ്മിലുണ്ടായിരുന്നത് ഒരിക്കലും പിരിയാൻ ആകാത്ത ആത്മബന്ധം തന്നെയായിരുന്നു. അദ്ദേഹം ഒരു സംഘ ബന്ധവും അനുയായിയും മാത്രമായിരുന്നില്ല. ഒരു സംഘ സ്വയംസേവകൻ തന്നെയായിരുന്നു.” (മന്നത്ത് പത്മനാഭനും ഹിന്ദു ഐക്യവും)
നായന്മാരുടെ മന്നത്താചാര്യൻ നേതൃത്വം നൽകിയ വിമോചന സമരത്തിലെ മഹത്തായ ചില മുദ്രാവാക്യങ്ങൾ ചുവടെ!
”വാടീ ഗൗരീ ചായ കുടി,
കേറിയിരുന്നൊരു ബീഡി വലീ…
ഗൗരിച്ചോത്തിയെ മടിയിലിരുത്തി
നാടുഭരിക്കും നമ്പൂരീ…
ഗൗരിപ്പെണ്ണേ മച്ചിപ്പെണ്ണേ
മക്കടെ വേദനയറിയില്ലേ…
ഗൗരീ നീയൊരു പെണ്ണല്ലേ
പുല്ലുപറിക്കാൻ പൊയ്ക്കൂടേ…
നാടുഭരിക്കാൻ അറിയില്ലെങ്കിൽ
വാടീ ഗൗരീ കയറുപിരിക്കാൻ…
എമ്മനും ഗൗരിയുമൊന്നാണേ
തോമാ അവരുടെ വാലാണേ…
നാടുഭരിക്കാനറിയില്ലെങ്കിൽ
ചകിരി പിരിക്കൂ ഗൗരിച്ചോത്തി.
അരിവാളെന്തിന് തോമാച്ചാ
ഗൗരിച്ചോത്തിയെ ചൊറിയാനോ…
ഗൗരിച്ചോത്തിയെ വേളി കഴിച്ചൊരു
റൗഡിത്തോമാ സൂക്ഷിച്ചോ…
ഗൗരിച്ചോത്തിയുടെ കടിമാറ്റാൻ
കാച്ചിയതാണീ മുക്കൂട്ട്!”
ആഹാ മഹത്തരമായ മുദ്രാവാക്യങ്ങൾ!🥲
“തമ്പ്രാനെന്ന് വിളിപ്പിക്കും,
പാളേൽ കഞ്ഞി കുടിപ്പിക്കും,
ചാത്തൻ പൂട്ടാൻ പോകട്ടെ
ചാക്കോ നാടു ഭരിക്കട്ടെ.”
ഈ സമരത്തിൽ പപ്പനാവനും സംഘവും വിജയിച്ചു, അന്നുമുതൽ ഇന്നുവരെ പപ്പനാവനേയും സംഘത്തേയും ഭയപ്പാടോടെയേ കേരളത്തിലെ സകല പാർട്ടികളും സമീപിച്ചിട്ടുള്ളൂ.
ഈ പപ്പനാവൻറെ അനുയായികൾക്ക് ആകപ്പാടെ ഒരു തിരിച്ചടി ഉണ്ടായത് രണ്ടാം ശൂദ്രലഹള കാലത്ത് മാത്രമാണ്. 2018 ലെ ശബരിമല സ്ത്രീപ്രവേശന വിധിയെ തുടർന്ന് അന്ന് ആർഎസ് എസ് നെയും കൂട്ടുപിടിച്ചു ‘കൊല്ലണം അപ്പാ അയ്യപ്പാ’ എന്ന മുദ്രാവാക്യവുമായി അവർ ആരംഭിച്ച ശൂദ്ര ആർത്തവ ലഹളയിൽ രാഹുൽ ഗാന്ധിയുടെ വാക്കുകൾ പോലും കേൾക്കാതെ ചെന്നിത്തല നായരും, അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻജി അടക്കമുള്ള കമ്യൂണിസ്റ്റ് ലേബലണിഞ്ഞ ഹിന്ദുത്വ വാദികളും, സർക്കാരും, സർക്കാരിന്റെ സംഘിനേതാവ് സിപി സുഗതനും വെള്ളാപ്പള്ളി നടേശനും പുന്നല ശ്രീകുമാറും നേതതൃത്വം കൊടുത്ത നവോത്ഥാന സമിതിയും എല്ലാം മലക്കം മറിഞ്ഞപ്പോൾ ഞങ്ങൾ കുറച്ചുപേർ വേറൊരു നവോത്ഥനകൂട്ടായ്മയുണ്ടാക്കി നടത്തിയ മുന്നേറ്റമാണ് 2019 ജനുവരി 2 ന് വിജയം വരിച്ചത്. അതിന് സർക്കാരിന്റെ നവോത്ഥാന സമിതിയുമായി യാതൊരു ബന്ധവുമില്ലായിരുന്നു. ബിന്ദു അമ്മിണിയോ കനകദുർഗ്ഗയോ ശബരിമലയിൽ പോയ മറ്റു സ്ത്രീകളോ സർക്കാറിന്റെ നവോത്ഥാന സമിതിയുമായി യാതൊരു ബന്ധവുമുള്ളവരല്ല. അവരെല്ലാം സ്ത്രീകളെ കയറ്റാതിരിക്കാനാണ് ആ സമിതികളൊക്കെ ഉണ്ടാക്കിയത്.

2019 ജനുവരി 2 ആരൊക്കെ മറന്നാലും ഒരിക്കലും എൻ എസ്എസ്എസ് മറക്കില്ല. ശൂദ്ര ആർത്തവ ലഹളയ്ക്ക് നേത്ര്യത്വം കൊടുത്ത എൻഎസ്എസ് ന് അവരുടെ സ്ഥാപകനേതാവ് ആയ മേൽപ്പറഞ്ഞ പ്രത്യേകതരം നവോത്ഥാന നായകൻറെ ജന്മ ദിന സമ്മാനമായി നൈഷ്ടീകം തകർത്ത സംഭവം ഒരിക്കലും സഹിക്കാവുന്നതല്ല.
2019 ജനുവരി 2 ലെ മന്നത്ത് പത്മനാഭൻറെ ബർത്ത്ഡേ ആഘോഷ പരിപാടികൾക്ക് ശേഷം ആഘോഷക്കമ്മറ്റി ഒരുമിച്ചുകൂടിയപ്പോൾ എടുത്ത ചിത്രങ്ങളിൽ ഒന്നാണ് ഇതോടൊപ്പം ഉള്ളത്…
പോളിറ്റ് ബ്യുറോ അംഗങ്ങളായ ശ്രേയസ്, സീന തുടങ്ങി ചിലരെല്ലാം എത്താൻ വൈകിയതിനാൽ അവൈലബിൾ പോളിറ്റ് ബ്യുറോ ആണ് കൂടിയത്🤣
എല്ലാവർക്കും മന്നം ജയന്തി ആശംസകൾ !


