തിരുവനന്തപുരം: ഉത്ര കൊലക്കേസിലെ പ്രതി സൂരജ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമിച്ചതായി കണ്ടെത്തി. സംഭവത്തില്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ പൂജപ്പുര പോലീസ് കേസെടുത്തു. തന്റെ പിതാവിന് ഗുരുതര അസുഖമാണെന്ന് പറഞ്ഞ് സൂരജ് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയായിരുന്നു. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതോടെ തട്ടിപ്പ് പൊളിയുകയായിരുന്നു.
ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവ് സൂരജ് ജീവപര്യന്തം കഠിന തടവ് അനുഭവിച്ചു വരികയാണ്. 2021 ഒക്ടോബര്‍ 13നാണ് കോടതി സൂരജിനെ 17 വര്‍ഷം തടവിനും ശേഷം കഠിന തടവിനും ശിക്ഷിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് സൂരജ് ഇപ്പോഴുള്ളത്. പരോളിന് സൂരജ് നേരത്തെ അപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പിതാവിന് ഗുരുതര അസുഖമുണ്ടെന്നും പരോള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സൂപ്രണ്ടിന് അപേക്ഷ നല്‍കുന്നത്.
ഡോക്ടറില്‍ നിന്ന് മൊഴിയെടുത്തപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തായത്. സര്‍ട്ടിഫിക്കറ്റ് നല്‍കിയത് താനാണെങ്കിലും അതില്‍ ഗുരുതര അസുഖമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഡോക്ടറുടെ വിശദീകരണം.
വ്യാജ രേഖയാണെന്ന് വ്യക്തമായതോടെ സൂരജിനെതിരെ ജയില്‍ സൂപ്രണ്ട് പൂജപ്പുര പോലീസില്‍ പരാതി നല്‍കി. ഡോക്ടറില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷം അതില്‍ ഗുരുതര രോഗമെന്ന് എഴുതി ചേര്‍ക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.


