Fri. Nov 20th, 2026

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പോലും ജില്ലാ കമ്മിറ്റി അംഗങ്ങള്‍ സംഘടനാ ജോലികള്‍ ചെയ്തില്ലെന്നും അത് സംസ്ഥാന കമ്മിറ്റിയുടെ പരിശോധനയില്‍ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന് പരമ്പരാഗത വോട്ട് കുറയുന്നത് ബിജെപിയുടെ വോട്ട് വര്‍ദ്ധനവാണെന്നത് പരിഗണിക്കണമെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. അതിനെ ആലങ്കാരിക പദപ്രയോഗങ്ങളിലൂടെ വിലയിരുത്തിയിട്ട് കാര്യമില്ല. ചര്‍ച്ചകള്‍ പുറത്തു വരുമെന്ന് കരുതി മിണ്ടാതിരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പരിശോധിച്ചു മറുപടി നല്‍കാന്‍ ജില്ലാ കമ്മിറ്റിക്ക് കൈമാറുന്ന മിക്ക പരാതികളിലും നടപടിയില്ല. ജില്ലാ സമ്മേളനത്തിലെ ചര്‍ച്ചക്ക് ശേഷമുള്ള മറുപടിയിലാണ് എം.വി ഗോവിന്ദന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

നവീന്‍ ബാബുവിന്റെ കുടുംബത്തിന് ഒപ്പമാണ് പാര്‍ട്ടി എന്ന് എം.വി ഗോവിന്ദന്‍ ജില്ലാ സമ്മേളനത്തില്‍ വ്യക്തമാക്കി. സിഐടിയു നേതാവ് മലയാലപ്പുഴ മോഹനന്‍ പാര്‍ട്ടി മേല്‍വിലാസം ഉപയോഗിച്ച് ശുദ്ധ അസംബന്ധം പറയുകയാണ്. നിലപാട് പറയാന്‍ മോഹനനെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടില്ല. അയാള്‍ സിപിഐ ആണെന്നാണ് ആദ്യം കരുതിയതെന്നും പിന്നീടാണ് പാര്‍ട്ടിയാണെന്നറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇ.പി ജയരാജനുമായി ബന്ധപ്പെട്ട വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്‌തെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവന അദ്ദേഹം നടത്തി. എല്‍ഡിഎഫ് കണ്‍വീനറെന്ന നിലയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ഇ.പി. വീഴ്ച്ച വരുത്തി. ഈ കാരണങ്ങളെല്ലാം വിലയിരുത്തിയാണ് അദ്ദേഹത്തെ ചുമതലയില്‍ നിന്നും മാറ്റിയതെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.