ആദ്യ സംവിധാന സംരംഭമായ ‘ബറോസ്’ തിയറ്ററുകളിലെത്തിയതിന്റെ സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍. ‘തികച്ചും വേറിട്ടൊരു സിനിമയാണ് ബറോസ്. ഒരു ചില്‍ഡ്രന്‍ ഫ്രണ്ട്‌ലി സിനിമയാണ്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും കാണാവുന്ന സിനിമ. എന്നെ സംബന്ധിച്ച് ഒരു നിയോഗമാണ് ഇത്, ഒപ്പം ഭാഗ്യവും. ഒരുപാട് നാള്‍ മുന്‍പ് തുടങ്ങിയതാണ്. റിലീസ് ആയതോടെ എനിക്കാണ് മോക്ഷം കിട്ടിയിരിക്കുന്നത്’, മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഒറിജിനല്‍ 3 ഡിയില്‍ ഒരുക്കപ്പെട്ടിരിക്കുന്ന ചിത്രത്തില്‍ സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്. 170 ദിവസത്തോളം ചിത്രീകരണം നടന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സന്തോഷ് ശിവന്‍ ആണ് ഛായാഗ്രഹണം.

