Tue. Jul 28th, 2026

✍️ചന്ദ്രപ്രകാശ് എസ് എസ്

നിർവൃതിപഞ്ചകവും, മുനിചര്യപഞ്ചകവും നാരായണ ഗുരുവിൻ്റെ കൃതികളാണ്. പഞ്ചകമെന്നാൽ അഞ്ച്. നാല് വരിയുള്ള അഞ്ച് പദ്യങ്ങൾ അടങ്ങിയതാണ് രണ്ടും. നാരായണഗുരു രമണമഹർഷിയെ സന്ദർശിച്ചിട്ട് അദ്ദേഹത്തെപ്പറ്റി എഴുതിയതാണ് മുനിചര്യപഞ്ചകം എന്ന നിലയ്ക്കാണ് നാരായണ ഗുരുവിൻ്റെ പേരിൽ പ്രചരിക്കുന്ന ഒട്ടേറെ സോഷ്യൽ മീഡിയ പേജുകളിൽ കാണുന്നത്. ഇത് തികച്ചും അവാസ്തവമാണ്.

‘മുനി’യെന്ന് കേട്ടപാടെ അത് രമണമഹർഷിയെന്ന ധാരണയിൽ ഗുരുവിൻ്റെ കൃതികളൊന്നും വായിക്കാത്തവരും, കപട ഗുരുഭക്തന്മാരുമാണ് ഇത്തരം അബദ്ധങ്ങൾ പ്രചരിപ്പിക്കുന്നതും വർണ്ണനകൾ എഴുതിവിടുന്നതും. ഇംഗ്ലീഷിൽ എഴുതിയ ചില ലേഖനങ്ങളിൽ പോലും ഈ പരാമർശമുണ്ട്. ‘ഗുരുവംശിയെന്നും ശ്രീനാരായണീയർ’ എന്നുമൊക്കെ മേലങ്കിയണിഞ്ഞ് ശ്രീനാരായണ ധർമ്മം പ്രചരിപ്പിക്കുന്നവരാണ് ഇത്തരം ‘അബദ്ധ പഞ്ചകങ്ങൾ’ സൃഷ്ടിക്കുന്നതും അസംബന്ധം പ്രചരിപ്പിക്കുന്നതും.

ഒരു മുനിയുടെ ചര്യ എങ്ങനെയായിരിക്കണം എന്ന് വിവരിക്കുന്ന അഞ്ച് പദ്യങ്ങളടങ്ങിയ കൃതിയാണ് മുനിചര്യപഞ്ചകം. രമണമഹർഷിയും കേരളവുമായി പൊക്കിൾക്കൊടി ബന്ധമാണ്. രമണ മഹർഷി വീടുവിട്ട് പോയപ്പോൾ വീട്ടുകാർ അദ്ദേഹത്തെ ആദ്യം തെരഞ്ഞത് തിരുവനന്തപുരത്താണ്. രമണ മഹർഷിക്ക് മലയാളം എഴുതാനും വായിക്കാനും നന്നായി അറിയാം.

തിരുവണ്ണാമലയിൽ വച്ചുള്ള നാരായണഗുരു- രമണമഹർഷി കൂടിക്കാഴ്ചയിലാണ് ‘നിർവൃതിപഞ്ചകം’ പിറന്നത്. നടരാജഗുരു രമണമഹർഷിയെ കണ്ട കാര്യം അദ്ദേഹത്തിൻ്റെ ആത്മകഥയിലുണ്ട്. രമണമഹർഷിയുടെ അന്ത്യനിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചവരിൽ ഒരാൾ ഗുരു നിത്യചൈതന്യ യതിയാണ്. അക്കാര്യം യതി വളരെ വിശദമായി ‘രോഗത്തേയും മരണത്തേയും സുഹൃത്തുക്കളാക്കാം’ എന്ന കൃതിയിൽ എഴുതിയിട്ടുണ്ട്.

നാരായണ ഗുരുവും രമണമഹർഷിയും 1916 ൽ രമണാശ്രമത്തിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതേ വർഷമാണ് തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് ‘ശ്രീനാരായണ സേവാശ്രമം’ എന്ന പേരിൽ ഒരു ആശ്രമം ഗുരുശിഷ്യനായ സ്വാമി ഗോവിന്ദാനന്ദ സ്ഥാപിച്ചത്. അതിൻ്റെ ഉദ്ഘാടനത്തിനായി നാരായണഗുരു ശിഷ്യന്മാരായ അച്യുതാനന്ദ, സുഗുണാനന്ദ,വിദ്യാനന്ദ തുടങ്ങിയവർക്കൊപ്പം കാഞ്ചീപുരത്തെത്തി.
മടക്കയാത്രയിലാണ് രമണാശ്രമം സന്ദർശിക്കുന്നത്. വളരെ രസകരവും, വിസ്മയകരവുമായ ഒരു കൂടിക്കാഴ്ചയാണ് അന്ന് ഇരുവരും തമ്മിൽ നടന്നത്.

അന്നേദിവസം ഗുരു സ്വാമി വിദ്യാനന്ദനു പറഞ്ഞുകൊടുത്ത് എഴുതിച്ചതാണ് ‘നിര്‍വൃതി പഞ്ചകം’
എഴുതിയതാകട്ടെ – രമണാശ്രമത്തിലെ സന്ദർശക ഡയറിയിൽ. ഇന്നും ആ ഡയറി ഒരു നിധിപോലെ രമണാശ്രമത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

ഡയറിയിൽ എഴുതി വർഷങ്ങൾ കഴിഞ്ഞശേഷമാണ് ഗുരുദേവ കൃതികൾ ക്രോഡീകരിച്ച വേളയിൽ അതുമായി ബന്ധപ്പെട്ടവർ രമണാശ്രമത്തിൽ ചെന്ന് നിർവൃതിപഞ്ചകം പകർത്തി എഴുതിയെടുത്തത്. രമണ മഹര്‍ഷി അനുഭവിക്കുന്ന നിര്‍വൃതിയുടെ ആഴം മനസ്സിലാക്കി അദ്ദേഹത്തിനുള്ള ആദരം ആയാണ് ‘നിര്‍വൃതിപഞ്ചകം’ ഡയറിയിൽ കോറിയിട്ടത്.

ഗുരുദേവന്‍ രമണാശ്രമം വിട്ട് പോകുന്നതിനു മുമ്പ് സ്വാമി വിദ്യാനന്ദ രമണ മഹര്‍ഷിക്ക് നേരിട്ട് സന്ദർശക ഡയറി കൈമാറുകയും രമണ മഹർഷി നിർവൃതിപഞ്ചകം വായിച്ച് ആഹ്ലാദം കൊള്ളുകയും ചെയ്തു. ആത്മോപദേശശതകം ഉൾപ്പടെ ഗുരുദേവ കൃതികളെല്ലാം വായിച്ചയാളാണ് രമണമഹർഷി. ചിലപ്പോൾ ആരെങ്കിലും വായിച്ച് കേൾപ്പിക്കും.

നിര്‍വൃതി പഞ്ചകം പേരു സൂചിപ്പിക്കും പോലെ ഒരാളിൻ്റെ പ്രശാന്താവസ്ഥയെക്കുറിച്ചുള്ള അഞ്ചു ശ്ലോകങ്ങളാണ്. അതിലെ ആദ്യ നാലു വരിയും, സാമാന്യാര്‍ത്ഥവും സൂചിപ്പിക്കാം.
കോ നാമ ദേശ: കാ ജാതി:
പ്രവൃത്തി: കാ കിയദ്വയ:
ഇത്യാദിവാദോപരതിർ-
യസ്യ തസൈവ നിർവൃതി

നാടേതാണ്, ജാതി ഏതാണ്, തൊഴിലെന്താണ്, വയസ്സെത്രയായി,ആർക്കാണോ ഇങ്ങനെയുള്ള ചോദ്യങ്ങൾ അവസാനിച്ചിട്ടുള്ളത് അവനുതന്നെയാണ് നിർവൃതി കൈവന്നിട്ടുള്ളത്. ഇതുപോലെ നാല് പദ്യങ്ങൾകൂടിയുണ്ട് നിർവൃതി പഞ്ചകത്തിൽ.

ശ്രീനാരായണ ഗുരുദേവ കൃതികൾ സമ്പൂർണ വ്യാഖ്യാനം 2 ൽ പ്രൊ ജി ബാലകൃഷ്ണൻ നായർ പേജ് 467 ൽ എഴുതിയത് ഇങ്ങനെ – ”ഗുരുദേവൻ തപസ്സാധനകൾ പൂർത്തിയാക്കി ജീവന്മുക്‌തനായി അരുവിപ്പുറത്ത് കഴിച്ചുകൂട്ടുമ്പോൾ രചിച്ചതാണ് മുനിചര്യപഞ്ചകം. ഗുരുദേവൻ 1916 ൽ രമണ മഹർഷിയെ സന്ദർശിച്ചപ്പോൾ രചിച്ചതാണീ കൃതിയെന്നൊരു തെറ്റിദ്ധാരണ എങ്ങനെയോ പരക്കാനിടയായിട്ടുണ്ട്. അന്ന് രമണാശ്രമത്തിലെ ഡയറിയിൽ എഴുതിച്ചേർത്ത കൃതി നിർവൃതിപഞ്ചകമാണ്”

വർഷങ്ങൾക്ക് മുമ്പേ പലരും മാറ്റിയ അബദ്ധധാരണയാണ് ഈ വർത്തമാന കാലത്തും ചില ‘ഗുരുവംശി’കളും കുറെ ‘ശ്രീനാരായണീയരും’ തുടർന്നുപോരുന്നത്. കഷ്ടമെന്നല്ലാതെ എന്ത് പറയാൻ.