✍️ചന്ദ്രപ്രകാശ് എസ് എസ്
മേരി ജോൺ കൂത്താട്ടുകുളം, മേരി ജോൺ തോട്ടം (സിസ്റ്റർ മേരി ബനീഞ്ജ) കൂത്താട്ടുകുളം മേരി എന്നിവർ പേരിലെ സാമ്യത കൊണ്ട് ചരിത്ര വിദ്യാർത്ഥികൾക്കിടയിലും,ചില സാഹിത്യ പ്രേമികളിലും അതുതാനല്ലയോ ഇത് എന്ന മട്ടിൽ സംശയം ജനിപ്പിക്കുന്നവരാണ്.
ആദ്യ രണ്ട് പേരുകാർ മലയാള സാഹിത്യത്തിൽ കവിതാലോകത്ത് ഒരു കാലത്ത് തിളങ്ങി നിന്ന നക്ഷത്രങ്ങളാണ്. കവിതയെഴുതിയ കന്യാസ്ത്രീയാണ് സിസ്റ്റർ മേരി ബനീഞ്ജയെന്ന മേരി ജോൺ തോട്ടം. കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകയായ പ്രമുഖ നേതാവാണ് പി ടി മേരിയെന്ന കൂത്താട്ടുകുളം മേരി. കവയിത്രി മേരി ജോൺ കൂത്താട്ടുകുളവും, കൂത്താട്ടുകുളം മേരിയും അടുത്ത ബന്ധുക്കളാണ്. കൂത്താട്ടുകുളം മേരിയുടെ മാതൃസഹോദരിയാണ് മേരി ജോൺ കൂത്താട്ടുകുളം.സി ജെ തോമസ് അമ്മാവനും.
മേരി ജോൺ കൂത്താട്ടുകുളത്തിൻ്റെ സഹോദരനാണ് സി ജെ തോമസ്. സർഗ്ഗാത്മക സാഹിത്യത്തിൻ്റെയും, കവിതയുടേയും മേഖലയിൽ വിഹരിക്കാൻ ജീവിതം ഉഴിഞ്ഞുവച്ച എഴുത്തുകാരിയായിരുന്നു മേരി. ഭാവതീവ്രത കൊണ്ട് വികാര സാന്ദ്രമാക്കിയ മേരി ജോൺ കൂത്താട്ടുകുളത്തിൻ്റെ കവിതകൾ ഒരു കാലത്ത് മലയാള പാഠപുസ്തകങ്ങളിൽ പതിവായി പ്രത്യക്ഷപ്പെട്ടിരുന്നു.നിർഭാഗ്യവശാൽ ഇന്ന് തീരെ കാണാറില്ല.
ദാമ്പത്യ ജീവിതത്തിന്റെ ഇരുണ്ട തടവറയില്‍ നിന്ന് പുറത്ത് വന്ന് കവിതയെയും ജീവിതത്തെയും ഒരുപോലെ മുറുകെപ്പിടിച്ച എഴുത്തുകാരിയാണ് മേരി ജോണ്‍ കൂത്താട്ടുകുളം. മനുഷ്യനോടും, പ്രകൃതിയോടും മറ്റ് ജീവജാലങ്ങളോടുമുള്ള ഉദാത്തമായ സ്നേഹവും ആരാധനയും നിറഞ്ഞതാണ് മേരി ജോൺ കൂത്താട്ടുകുളത്തിൻ്റെ കവിതകള്‍ ഏറെയും.

കൂത്താട്ടുകുളത്ത് വടകര യോഹന്നാന്‍ മാംദാന ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിവികാരി ചൊള്ളമ്പയില്‍ വീട്ടില്‍ യോഹന്നാന്‍ കോര്‍ എപ്പിസ്‌ക്കോപ്പയുടെയും പുത്തന്‍ കുരിശ് ഏഴക്കരനാട്ടെ അന്നമ്മയുടേയും മകളായി 1905 ജനുവരി 22 നു മേരി ജനിച്ചു.പന്ത്രണ്ടാമത്തെ വയസ്സില്‍ വിവാഹിതയായ (ഇന്നത്തെ നിലയ്ക്ക് ശൈശവ വിവാഹം) മേരി സ്വകാര്യമായി പഠിച്ചാണ് മലയാളം ഏഴാം ക്ലാസ്സും, ഹയറും പാസ്സായത്. തുടർ വിദ്യാഭ്യാസത്തിനും, സാഹിത്യാഭിരുചിക്കും യാതൊരുവിലയും കല്‍പിക്കാതെ അടുക്കളയ്ക്കുള്ളില്‍ തളച്ചിടാനുള്ള ഭര്‍ത്താവിന്റെയും, ഭര്‍ത്തൃവീട്ടുകാരുടേയും നീക്കം മേരിക്ക് സഹിക്കാനായില്ല.ഒരു ദിവസം രാത്രി ആരുമറിയാതെ മേരി സ്വന്തം വീട്ടിലേക്ക് തിരിച്ചു പോന്നു.ളോഹയൂരി പൗരോഹിത്യത്തിന്റെ ലക്ഷ്മണ രേഖയ്ക്കുള്ളില്‍ നിന്ന് രക്ഷപ്പെട്ട് ജീവിതം തിരിച്ചുപിടിച്ച സഹോദരന്‍ സി ജെയെപ്പോലെ. മേരിയുടെ തിരിച്ചുവരവ് കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായി.
ഭർത്തൃവീട്ടിലേക്ക് മേരിയെ തിരിച്ചെത്തിക്കാൻ വീട്ടുകാർ ആവോളം പണിപ്പെട്ടു. കുടുംബത്തിൻ്റെ സമ്മര്‍ദ്ദം മൂലം അവിടേക്ക് തന്നെ തിരിച്ചുപോകേണ്ടി വരും എന്ന അവസ്ഥ വന്നപ്പോൾ അതില്‍ നിന്ന് രക്ഷപ്പെടാന്‍ വെറും പതിനഞ്ച് രൂപയുമായി ആ പെണ്‍കുട്ടി തിരുവനന്തപുരത്തേക്ക് വണ്ടികയറി.
ഡോ പല്പുവിന്റെ മക്കളായ ആനന്ദലക്ഷ്മിയും, ദാക്ഷായണിയും മേരിയുടെ സുഹൃത്തുക്കളായിരുന്നു. തിരുവനന്തപുരത്ത് ആകെയുള്ള പിടിവള്ളി അതായതിനാൽ മേരി അഭയം തേടിയെത്തിയത് നന്തന്‍കോട്ടുള്ള പല്പു കുടുംബത്തിലേക്കായിരുന്നു. മക്കൾ വഴിയും നേരിട്ടും മേരിയുടെ പരിതാപകരമായ അവസ്ഥ മനസിലാക്കിയ ഡോ പല്‍പ്പു മേരിയെ സ്വന്തം മകളെപ്പോലെ സ്വീകരിച്ചു. പിന്നീടുള്ള മേരിയുടെ പഠിത്തമുൾപ്പടെയുള്ള സകല ചെലവുകളും വഹിച്ചത് ഡോ പല്പുവാണ്.
അവിടെ താമസിച്ചാണ് മേരി മലയാളം വിദ്വാന്‍ പരീക്ഷ പാസ്സായത്. തുടർന്ന് ഡോ പല്‍പ്പു തന്നെ മുൻകൈയെടുത്ത് മേരിക്ക് ഒരു അധ്യാപിക ജോലി തരപ്പെടുത്തിക്കൊടുത്തു. ഇക്കാലത്തെല്ലാം പഠനവും,വായനയും, എഴുത്തും ദിനചര്യപോലെ മേരി തുടര്‍ന്നു പോന്നു. പിന്നീട് അധ്യാപക ജോലിയുപേക്ഷിച്ച് തിരുവിതാംകൂര്‍ അഞ്ചല്‍ സര്‍വ്വീസില്‍ (പോസ്റ്റ് ഓഫീസ്) ചേര്‍ന്നു. അധ്യാപകജോലിയെ അപേക്ഷിച്ച് അക്കാലത്ത് അഞ്ചല്‍ ഡിപ്പാര്‍ട്ട്മെന്റിലുണ്ടായിരുന്ന ഉയര്‍ന്ന ശമ്പളവും, സ്‌ക്കൂളില്‍ പഠിപ്പിക്കുന്നതിനുള്ള അനാരോഗ്യവുമായിരുന്നു മേരിയെ അതിന് പ്രേരിപ്പിച്ചത്. 1960 ല്‍ പോസ്റ്റല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചശേഷം തിരുവന്തപുരത്ത് എം എന്‍ ലെയിനിലുള്ള വീട്ടില്‍ സഹോദരിയോടും കുടുംബത്തോടും ഒപ്പമായിരുന്നു മേരിയുടെ താമസം.
പ്രഭാതപുഷ്പം, ബാഷ്പമണികള്‍, അന്തിനക്ഷത്രം, പൂജാപുഷ്പം,അമ്മയും മകളും,കാറ്റ് പറഞ്ഞ കഥ, ചിരിക്കുന്ന കാട്ടാര്‍, കബീറിൻ്റെ ഗീതങ്ങൾ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.ഇതിന് പുറമെ നിരവധി ആനുകാലികങ്ങളിലും, വാര്‍ഷികപ്പതിപ്പുകളിലും, വിശേഷാൽ പ്രതികളിലും പ്രസിദ്ധീകരിച്ച ഒട്ടനവധി കവിതകളും മേരിജോണിന്റേതായിട്ടുണ്ട്.1996 ല്‍ കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു.
മാധവിക്കുട്ടിയ്ക്ക് (കമല സുരയ്യ) ഏറെ പ്രിയപ്പെട്ട എഴുത്തുകാരിയായിരുന്നു മേരി ജോൺ കൂത്താട്ടുകുളം. അമ്മ ബാലാമണിയമ്മയെ പോലെ മാധവിക്കുട്ടി മേരിയേയും കണ്ടു. തിരുവനന്തപുരത്ത് വച്ച് പലവട്ടം ഇരുവരും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
”മഞ്ഞു പെയ്യുന്ന ഹേമന്തസൗഭഗം
എൻ്റെ നാടിനെ പുൽകിയ വേളയിൽ
ആകമാനം തളിർത്തു മനോഹര –
ശ്യാമളാംഗിയായെൻ പനനീർച്ചെടി.”
മേരി ജോൺ കൂത്താട്ടുകുളമെന്ന പനനീർച്ചെടി 1998 ഡിസംബര്‍ 2 ന് വാടിവീണു.കവിതയ്ക്കും സാഹിത്യത്തിനുമായി ജീവിതം ഉഴിഞ്ഞ് വച്ച മേരിജോണ്‍ കൂത്താട്ടുകുളം ഇന്നും അനുവാചക മനസ്സിൽ ഒരു അഭൗമ പനനീർ ചെടിയായി പരിലസിക്കുന്നു.


