ന്യൂഡല്‍ഹി: ഓര്‍ത്തഡോക്സ് യാക്കോബായ തര്‍ക്കം പ്രശ്നം രമ്യമായി പരിഗണിക്കാന്‍ സമയം വേണമെന്ന് കേരളം. ആറ് മാസത്തെ സമയം കൂടി അനുവദിക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. സംസ്ഥാന ആഭ്യന്തര സെക്രട്ടറി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. തര്‍ക്കത്തില്‍ ഉള്ള പള്ളികള്‍ ഏറ്റെടുത്ത് നല്‍കുന്നത് ശാശ്വത പരിഹാരം ഉണ്ടാകില്ലെന്നും കേരളം കോടതിയില്‍ അറിയിച്ചു.
2017ലെ വര്‍ഗീസ് കേസുമായി ബന്ധപ്പെട്ട് വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ നടപടി വിശദീകരിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് സുപ്രിംകോടതി പറഞ്ഞിരുന്നത്. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ബലപ്രയോഗത്തിലൂടെ പള്ളികള്‍ പിടിച്ചെടുക്കുക, പള്ളികള്‍ കൈമാറുക എന്നതെല്ലാം അസാധ്യമായ കാര്യമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മനപൂര്‍വം വീഴ്ച വരുത്തിയിട്ടില്ലെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 43 പള്ളികളില്‍ മുപ്പതോളം പള്ളികള്‍ ഇതിനോടകം തന്നെ കൈമാറിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കി.

