Wed. Nov 25th, 2026

✍️ സുരേഷ്. സി.ആർ

സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയും മികച്ച ഗദ്യകാരനും മാതൃഭൂമി പത്രത്തിന്റെ സ്ഥാപകനും ഗ്രന്ഥകാരനുമാണ് കേശവമേനോൻ (1886 – 1978). മലേഷ്യയിലും സിംഗപ്പൂരിലും അധ്യാപകനായും അഭിഭാഷകനായും പ്രവർത്തിച്ചിട്ടുണ്ട്.

1916 -ൽ ആനിബസന്റിന്റെ ‘ഹോംറൂൾ’ ബന്ധപ്പെട്ടാണ് സ്വാതന്ത്ര്യസമരത്തിൽ ഇറങ്ങിയത്. 1920-ൽ ഗാന്ധി പുതിയ ആശയ കേന്ദ്രമായി ഉയർന്നുവന്ന നാഗ്പൂർ സമ്മേളനത്തോടെ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി.

സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ആശയാദർശങ്ങൾ ജനങ്ങളിലെത്തിക്കാനായാണ് കെ.മാധവൻ നായർ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, എ ആർ മേനോൻ തുടങ്ങിയവരുമായി ചേർന്ന് മാതൃഭൂമി പത്രം ആരംഭിച്ചത്.

1924-ൽ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റിലായി. ‘ബന്ധനത്തിൽ നിന്ന്’ എന്ന പുസ്തകം രചിച്ചത് ഇക്കാലത്താണ്. 1916 – ൽ മലബാർ ജില്ലാ കോൺഗ്രസിൽ സ്വയംഭരണം വേണമെന്ന പ്രമേയം അവതരിപ്പിച്ചത് കേശവമേനോനാണ്.

1951-ൽ നെഹ്റു അദ്ദേഹത്തെ ശ്രീലങ്കയിലെ ഇന്ത്യൻ ഹൈകമീഷണറായി നിയമിച്ചു.1956 ൽ ഐക്യകേരള സമ്മേളനത്തിന്റെ അധ്യക്ഷൻ കേശവമേനോനായിരുന്നു. 1959- മുതൽ പൂർണമായും അന്ധനായി. എഴുത്തുകാരൻ എന്ന നിലയിൽ ഉന്നത വ്യക്തിത്വമുണ്ട് കേശവമേനോന്.

1958-ൽ ‘കഴിഞ്ഞകാലം’ എന്ന ആത്കഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാഡമിയുടെയും 1969-ൽ ‘രാഷ്ട്രപിതാവ്’ എന്ന ജീവചരിത്രത്തിന് കേരള സാഹിത്യ അക്കാഡമിയുടെയും അവാർഡ് ലഭിച്ചു.

മാതൃഭൂമിയിൽ എഴുതിയ ‘നാം മുന്നോട്ട് ‘മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട പത്രപംക്തി ആയിരുന്നു.
സമകാലീനരായ ചില കേരളീയർ, ഭൂതവും ഭാവിയും, ബിലാത്തിവിശേഷം, ദ ഗ്രേറ്റ് ട്രയൽ, നവഭാരതശില്പികൾ, ജവഹർലാൽ നെഹ്റു, മഹാത്മാ ഗാന്ധി, ബാലഗംഗാധര തിലകൻ, പ്രഭാതദീപം, ജീവിതചിന്തകൾ എന്നിവ മുഖ്യ കൃതികളാണ്. 1966-ൽ പത്മഭൂഷൺ ലഭിച്ചു.