Mon. Nov 23rd, 2026

മലപ്പുറം: താന്‍ ആരുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് പി വി അന്‍വര്‍ എം എല്‍ എ. തനിക്ക് വന്ന ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തത്. തനിക്കെതിരെ ഇനിയും കേസുകള്‍ ഉണ്ടാകാനും അറസ്റ്റ് ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

താന്‍ വിളിച്ചാല്‍ ആയിരക്കണക്കിന് സഖാക്കള്‍ വരുമെന്ന് ഉറപ്പാണ്. എന്നാല്‍ അങ്ങനെ വിളിക്കാന്‍ സമയമായിട്ടില്ല. താന്‍ ഒരു ഫോണ്‍ ചെയ്താല്‍ മതി നിലമ്പൂരിലെ എല്‍ ഡി എഫ് പഞ്ചായത്തുകള്‍ താഴെ വീഴും. എന്നാല്‍ അതിന് സമയമായിട്ടില്ലെന്നും കൂടുതല്‍ പൊതുയോഗങ്ങളുമായി മുന്നോട്ടു പോകുമെന്നും അന്‍വര്‍ വ്യക്തമാക്കി. സി പി എമ്മിനെ വെല്ലുവിളിച്ചിട്ടില്ല. സര്‍ക്കാരിലും ഭരണതലത്തിലുമുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്.

ഇനി അങ്ങോട്ടുള്ള എല്ലാ പൊതുയോഗത്തിലും 50 കസേരകള്‍ വീതം ഇടും. കൂടുതല്‍ പൊതുയോഗങ്ങള്‍ നടത്തും. നാളെ കോഴിക്കോട് മുതലക്കുളത്ത് മാമി ആക്ഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന യോഗത്തില്‍ പ്രസംഗിക്കും. സെക്രട്ടറിയേറ്റിന് മുന്നില്‍ യോഗം നടത്തുമോയെന്ന് ഇപ്പോള്‍ പറയാനാകില്ല. അലനല്ലൂരിലെ യോഗത്തിനിടെ സംഘര്‍ഷം ഉണ്ടായത് തെറ്റിദ്ധാരണ മൂലമാണ്. സി പി എം പ്രവര്‍ത്തകരല്ല പ്രശ്നമുണ്ടാക്കിയത്.