കൊച്ചി: കളമശേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അഡ്വ. കൃഷ്ണ രാജിനെതിരെ പോലീസ് കേസെടുത്തു. അന്തരിച്ച സി പി എം നേതാവ് എം എം ലോറന്‍സിന്റെ മകള്‍ ആശയുടെ അഭിഭാഷകനായ അഡ്വ. കൃഷ്ണരാജ് പ്രിന്‍സിപ്പലിനെ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കിയെന്ന പരാതിയിലാണ് നടപടി. ആശയുടെ അഭിഭാഷക അഡ്വ.ലക്ഷ്മി പ്രിയയും പ്രതിയാണ്.
പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയെന്നും അതിക്രമിച്ച് ഓഫീസില്‍ കയറിയെന്നും കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിനു നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയായിരുന്നു സംഭവം. ആശാ ലോറന്‍സിന്റെ അഭിഭാഷകന്‍ കൃഷ്ണരാജ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് കളമശ്ശേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പോലീസില്‍ പരാതി നല്‍കി.
അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കാനാണ് ഇന്നലെ തീരുമാനിച്ചത്. കളമശേരി മെഡിക്കല്‍ കോളേജിലെ ഉപദേശക സമിതി യോഗത്തിന് ശേഷം ലോറന്‍സിന്റെ മൂന്ന് മക്കളെയും വിളിച്ചു വരുത്തി സമിതി നിലപാട് തേടിയിരുന്നു. എം എം ലോറന്‍സിന്റെ മൂന്നു മക്കളുടെയും വാദങ്ങള്‍ കേട്ട ശേഷമാണ് സമിതി തീരുമാനത്തിലെത്തിയത്. മൃതദേഹം വൈദ്യപഠനത്തിന് വിട്ടു കൊടുക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹമെന്ന് മകന്‍ സജീവന്‍ ആവര്‍ത്തിച്ചു.
മകളായ സുജാത കൃത്യമായി നിലപാട് പറഞ്ഞില്ല. പരാതിക്കാരിയും ഇളയ മകളുമായ ആശ ലോറന്‍സ് വീണ്ടും എതിര്‍പ്പറിയിച്ചു. എന്നാല്‍ സജീവനെ ശരിവെച്ച് സാക്ഷികളായ അഡ്വ. അരുണ്‍ ആന്റണിയും എബിയും നല്‍കിയ മൊഴി നിര്‍ണായകമായി. സാക്ഷികളെയും സമിതിയെയും ആശ ലോറന്‍സ് വിമര്‍ശിച്ചു.


