പത്തനംതിട്ട: പണം ആവശ്യപ്പെട്ട് കിട്ടാതെ വന്നപ്പോള്‍ വിദേശത്തുള്ള ഭാര്യയെ വരുതിയിലാക്കാന്‍ നാലര വയസ്സുള്ള മകളുടെ കഴുത്തില്‍ വടിവാള്‍ വെച്ച് ഭീഷണിപ്പെടുത്തിയ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കുറ്റൂര്‍ സ്വദേശി ജിന്‍സണ്‍ ബിജുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബിജുവിന്റെ ഭാര്യ നെസ്സി വിദേശത്ത് നഴ്സ് ആണ്. ഭാര്യയെ ഫോണില്‍ വിളിച്ച് ഇയാള്‍ നിരന്തരം പണം ആവശ്യപ്പെടാറുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച വിളിച്ച് 40,000 രൂപ ആവശ്യപ്പെട്ടു. കൊടുക്കാതിരുന്നപ്പോള്‍ അസഭ്യം പറഞ്ഞുകൊണ്ടുള്ള ശബ്ദ സന്ദേശം അയച്ചു. തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 11ഓടെ വീഡിയോ കോള്‍ ചെയ്ത ശേഷം, നാലര വയസ്സുകാരി ഇസ്സയുടെ കഴുത്തില്‍ വടിവാള്‍ വച്ച് ഭീഷണി മുഴക്കി. പിന്നീട് കുട്ടിയുടെ വലതു വാരിയെല്ലിന്റെ ഭാഗത്ത് വടിവാള്‍ കൊണ്ട് പോറലുണ്ടാക്കുകയും ചെയ്തു. ഭയന്നു നിലവിളിക്കുന്ന കുഞ്ഞിന്റെ ദൃശ്യം നെസ്സി മാതാപിതാക്കള്‍ക്ക് അയച്ചുകൊടുത്തു. തുടര്‍ന്ന് യുവതിയുടെ പിതാവ് പരാതി നല്‍കുകയും പോലീസ് ജിന്‍സനെതിരെ കേസെടുക്കുകയുമായിരുന്നു.
ജിന്‍സണ്‍ ബിജുവുമായി അടുപ്പത്തിലായിരുന്ന നെസ്സി, ബി എസ് സി നഴ്സിങ് കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം 2018 സെപ്തംബറില്‍ ഇയാളെ രജിസ്റ്റര്‍ വിവാഹം ചെയ്യുകയും കുറ്റൂരില്‍ താമസമാക്കുകയുമായിരുന്നു. മകള്‍ ഇസ്സയ്ക്ക് അഞ്ച് മാസം പ്രായമായപ്പോള്‍ നെസ്സി മുംബൈയില്‍ ജോലികിട്ടി പോയി. നാട്ടില്‍ ഡ്രൈവര്‍ ആയിരുന്ന ജിന്‍സണ്‍, വിദേശത്ത് പോകുന്നതിന് 50,000 രൂപ ഭാര്യയോട് നിരന്തരം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കളോട് പറഞ്ഞ് തുക നെസ്സി കൊടുപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് വിദേശത്തുപോയ ജിന്‍സണ്‍ മൂന്നുമാസം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തി. യുവതിയോട് നാട്ടിലെത്തി വേറെ ജോലി നോക്കാന്‍ ആവശ്യപ്പെട്ട് ഇയാള്‍ നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തി. നിവൃത്തികെട്ട് തിരികെ നാട്ടിലെത്തിയ യുവതി, ചെങ്ങന്നൂരുള്ള സ്വകാര്യ ആശുപത്രിയില്‍ ജോലിക്ക് പോയി. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വിദേശത്തേക്ക് വീണ്ടും ജോലികിട്ടി പോകുകയായിരുന്നു. പണം ആവശ്യപ്പെട്ട് ഫോണിലൂടെ ജിന്‍സണ്‍ ഭീഷണി തുടര്‍ന്നു. വിവരങ്ങള്‍ നെസ്സി മാതാപിതാക്കളെ യഥാസമയം അറിയിച്ചുകൊണ്ടിരുന്നു. എല്ലാമാസവും കൃത്യമായി യുവാവിന്റെ അക്കൗണ്ടില്‍ മകള്‍ പണം ഇട്ടുകൊടുക്കാറുണ്ടെന്നും പിതാവിന്റെ പരാതിയില്‍ പറയുന്നു. എന്നാല്‍ പിന്നെയും പണം ആവശ്യപ്പെട്ട് മകള്‍ക്ക് വീഡിയോ കാള്‍ ചെയ്യുക പതിവാണെന്നും പറയുന്നു. അങ്ങനെയാണ് കഴിഞ്ഞാഴ്ച 40,000 രൂപ ചോദിച്ചിട്ട് കൊടുക്കാത്തതിന് വ്യാഴാഴ്ച രാത്രി കുഞ്ഞിനോട് അതിക്രമം കാട്ടി വീഡിയോ കാള്‍ ചെയ്ത് ഭീഷണി മുഴക്കിയത്.
ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം പ്രതിയെ ഇന്നലെ സന്ധ്യയോടെ കസ്റ്റഡിയിലെടുത്തു. കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തുകയും ചെയ്തു.


