തിരുവനന്തപുരം: ലൈംഗികാരോപണക്കേസില്‍ എം മുകേഷ് എം എല്‍ എ ഉടന്‍ രാജിവെക്കേണ്ടെന്ന് സി പിഎമ്മില്‍ ധാരണ. എം മുകേഷിന്റെ വിഷയം സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ചയായി. എം മുകേഷ് നല്കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ എം എല്‍ എ സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ് പാര്‍ട്ടി തീരുമാനം. തന്നെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമങ്ങള്‍ നടന്നതായി മുകേഷിന്റെ കൈവശമുള്ള തെളിവുകളില്‍ സൂചനയുണ്ടെന്നാണ് പാര്‍ട്ടി കരുതുന്നത്.
സി പി ഐയും ആനിരാജയും വൃന്ദാ കാരട്ടും എല്ലാം സ്വീകരിച്ച നിലപാട് മുകേഷിന്റെ രാജിക്കായി സമ്മര്‍ദ്ദം സൃഷ്ടിച്ചെങ്കിലും ഉടനെ രാജിവേണ്ടെന്ന തീരുമാനത്തിലാണ് പാര്‍ട്ടി. സമാനമായ ആരോപണം ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ രാജിവച്ചിട്ടില്ല എന്നതിനാല്‍ പ്രതിപക്ഷത്തിന് ഈ വിഷയം ശക്തമായി ഉന്നയിക്കാന്‍ ആവില്ലെന്നും പാര്‍ട്ടി കരുതുന്നു.
പീഡന പരാതിയില്‍ തെളിവ് ശേഖരണത്തിന് എത്തിയ അന്വേഷണ സംഘത്തിന് പീഡനം നടന്നതായി പരാതി ഉയര്‍ന്ന ഫ്ളാറ്റിന്റെ താക്കോല്‍ മുകേഷ് കൈമാറിയിരുന്നില്ല. അന്വേഷണവുമായി സഹകരിക്കുമെന്ന് കോടതിയില്‍ മുകേഷ് ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് ഈ നടപടി. രാജിവയ്ക്കേണ്ട എന്ന നിലപാട് പാര്‍ട്ടി സ്വീകരിച്ചതോടെ ലൈംഗിക പീഡന പരാതിയെ നിയമപരമായി നേരിടാനുള്ള നീക്കത്തിലാണ് മുകേഷ്.

