കൊച്ചി: സംവിധായകന്‍ ഹരിഹരനെതിരെ ആരോപണവുമായി നടി ചാര്‍മിള. ഹരിഹരന്‍ അഡ്ജസ്റ്റ്‌മെന്റ് ചോദിച്ചുവെന്ന് സ്വകാര്യ ചാനലിനോട് സംസാരിക്കവേ ചാര്‍മിള പറഞ്ഞു. തന്റെ സൂഹൃത്തായ നടന്‍ വിഷ്ണുവിനോടാണ് താന്‍ അഡ്ജസ്റ്റ്‌മെന്റിനു തയ്യാറാകുമോ എന്ന് ചോദിച്ചത്. പരിണയം സിനിമയെടുക്കാന്‍ പോകുന്നു, വന്ന് പരിചയപ്പെടാന്‍ പറഞ്ഞു. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകില്ലെന്ന് പറഞ്ഞപ്പോള്‍ തനിക്കും വിഷ്ണുവിനും ആ സിനിമ നഷ്ടപ്പെട്ടുവെന്നും ചാര്‍മിള പറഞ്ഞു.
അര്‍ജുനന്‍ പിള്ളയും അഞ്ച് മക്കളും സിനിമാ സെറ്റില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ചാര്‍മിള ആരോപിച്ചു. പ്രൊഡ്യൂസറും പ്രൊഡക്ഷന്‍ മാനേജരും ചേര്‍ന്നാണ് പീഡനത്തിന് ശ്രമിച്ചത്. എന്റെയും അസിസ്റ്റന്റിന്റെയും സാരി വലിച്ചൂരാന്‍ ശ്രമിച്ചു. പുരുഷ അസിസ്റ്റന്റിനെ മര്‍ദിച്ചു. റിസപ്ഷനിസ്റ്റും പീഡന ശ്രമത്തിന് കൂട്ടുനിന്നു. മുറിയില്‍ നിന്ന് ഇറങ്ങിയോടിയാണ് പീഡന ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഹോട്ടലിനു പുറത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരാണ് രക്ഷപ്പെടുത്തിയത്.
അടുത്ത കാലത്ത് ഇല്ലാത്ത ഷൂട്ടിംഗിന് ബുക്ക് ചെയ്തും അഡ്ജസ്റ്റ്‌മെന്റ് ആവശ്യപ്പെട്ടുവെന്നും ചാര്‍മിള പറഞ്ഞു. മലയാള സിനിമയിലാണ് ദുരനുഭവങ്ങള്‍ കൂടുതല്‍. 28 പേർ മോശമായി പെരുമാറിയെന്നും ചാർമിള പറഞ്ഞു. വഴങ്ങാത്തതിനാല്‍ അവസരങ്ങള്‍ കുറഞ്ഞുവെന്നും നടി പ്രതികരിച്ചു.
മോശമായി പെരുമാറിയവരിൽ സംവിധായകരും നിർമാതാക്കളും നടന്മാരുമുണ്ടെന്നും ചാർമിള പറഞ്ഞു. എന്നാൽ തൻ്റെ പല സുഹൃത്തുക്കളും പെട്ടുപോയെന്നും ദുരനുഭവമുണ്ടായ ആളുകളുടെ പേരുകൾ പറയുന്നില്ലെന്നും ചാർമിള പറഞ്ഞു. തനിക്ക് മകനുണ്ടെന്നും അതിനാൽ മറ്റു നടപടികളിലേക്ക് കടക്കുന്നില്ലെന്നും ചാർമിള കൂട്ടിച്ചേർത്തു. മലയാള സിനിമയിൽ നിന്ന് ഇതിനോടകം നിരവധി പേരാണ് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുന്നത്.


