Wed. Aug 12th, 2026

തിരുവനന്തപുരം: തുമ്പയില്‍ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച കാണാതായ സെബാസ്റ്റ്യന്‍ ആല്‍ബിയുടെ മൃതദേഹം രാജീവ് ഗാന്ധി നഗറിന് സമീപം കരയ്ക്കടിയുകയായിരുന്നു.

മീന്‍ പിടിക്കാനായി കടലിലേക്ക് പോകുന്നതിനിടെയാണ് വള്ളം അപകടത്തില്‍പ്പെട്ടത്. സെബാസ്റ്റ്യന്‍ കടലില്‍ ചുഴിയിലേക്കാണ് വീണത്. സംഭവസമയം അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റ് നാലുപേര്‍ നീന്തിക്കയറുകയായിരുന്നു.

സെബാസ്റ്റ്യനായി കഴിഞ്ഞ മൂന്ന് ദിവസമായി തിരച്ചില്‍ നടത്തിവരികയായിരുന്നു. മത്സ്യത്തൊഴിലാളികളുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും മറൈന്‍ എന്‍ഫോഴ്‌സ്മെന്റിന്റെയും തീരദേശ പോലീസിന്റെയും നേതൃത്വത്തിലായിരുന്നു തിരച്ചില്‍. ഇതിനിടെയാണ് മൃതദേഹം ഇന്ന് രാവിലെയോടെ തീരത്ത് അടിഞ്ഞത്.