തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ ഇരയായവര്‍ക്ക് സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തി ടൗണ്‍ഷിപ്പ് നിര്‍മ്മിച്ച് പുനരധിവാസം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വയനാട് ദുരന്തമേഖലയില്‍ മൃതദേഹം കണ്ടെത്താനുള്ള റഡാര്‍ സംവിധാനം ഉടനെത്തിക്കും. ഇതുപയോഗിച്ച് 16 അടി താഴ്ചയില്‍ വരെ ജീവന്റെ തുടിപ്പ് കണ്ടെത്താനാവും. ജീവന്റെ തുടിപ്പ് കണ്ടെത്താനുള്ള റഡാര്‍ സംവിധാനം ഇപ്പോള്‍ ഉണ്ട്.
ചാലിയാറില്‍ അടക്കം തെരച്ചില്‍ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരിച്ചറിയാന്‍ കഴിയാത്ത 67 മൃതദേഹങ്ങള്‍ പഞ്ചായത്തുകള്‍ സര്‍വ്വമത പ്രാര്‍ത്ഥന നടത്തി സംസ്‌കരിക്കും. വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണ്ണമായും നശിച്ചതിനാല്‍ പഠനത്തിന് ബദല്‍ സംവിധാനം ഒരുക്കും.
ചാലിയാര്‍ പുഴയില്‍ ഇപ്പോള്‍ കണ്ടെടുത്ത ശരീരഭാഗങ്ങള്‍ തിരിച്ചറിയുക വലിയ പ്രയാസമാണ്. ദുരന്തത്തില്‍ 30 കുട്ടികളടക്കം മരിച്ചു. 148 മൃതദേഹം കൈമാറി. 10,042 പേര്‍ 93 ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുകയാണ്. തെരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. ഇനി 206 പേരെ കണ്ടെത്താനുണ്ട്.
രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലാണ്. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് പലയിടത്തായി കുടുങ്ങിപ്പോയവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാനാണ് ആദ്യം ശ്രമിച്ചത്. പരമാവധി ജീവന്‍ രക്ഷിക്കാനായിരുന്നു ആദ്യത്തെ ശ്രമം. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കില്‍ അത് കണ്ടെത്തുകയെന്ന ലക്ഷ്യമായിരുന്നു ആദ്യത്തേതെന്നും അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യാന്‍ ധന സെക്രട്ടറിയുടെ കീഴില്‍ പ്രത്യേക ഉദ്യോഗസ്ഥ സംവിധാനം ഒരുക്കും. ദുരുപയോഗം തടയുന്നതിന്റെ ഭാഗമായി ദുരിതാശ്വാസ നിധി ക്യു ആര്‍ കോഡ് മരവിപ്പിച്ചു. പകരം നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്തി. എ.ഗീതയുടെ കീഴില്‍ ഹെല്‍പ് ഫോര്‍ വയനാട് സെല്‍ രൂപീകരിച്ചു. ഫോണ്‍9: 188940014, 9188940015.



