ഇടുക്കി: കുമളിയില്‍ കാറിന് തീപ്പിടിച്ച് മരിച്ച ആളെ തിരിച്ചറിഞ്ഞു. കുമളി കോഴിക്കോട്ടില്‍ റോയി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. അത്മഹത്യയെന്നാണ് പോലീസ് സംശയം. 66ാം മൈലിന് സമീപം തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത് . തീപ്പിടിച്ച ഉടന്‍ ബൈക്കില്‍ വരികയായിരുന്ന വനം വകുപ്പ് ജീവനക്കാരന്‍ ഇയാളെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും റോയി അതിന് വഴങ്ങിയില്ലെന്നു പറയുന്നു.
കുമളിയില്‍ നിന്നും കോട്ടയത്തേക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നും ആളുകള്‍ ഇറങ്ങി ഓടിയെത്തി മരക്കഷണം എടുത്ത് ഡ്രൈവിംഗ് സീറ്റിന്റെ ചില്ല് അടിച്ചു തകര്‍ത്ത് രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോഴേക്കും സീറ്റ് ബെല്‍റ്റ് കുടുങ്ങിയതിനാല്‍ റോയിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് ഫയര്‍ ഫോഴ്സ് സംഘം എത്തിയാണ് തീയണച്ചത് . അപ്പോഴേക്കും കാര്‍ കത്തി നശിച്ചിരുന്നു. സംഭവസ്ഥലത്ത് ഫോറെന്‍സിക് സംഘം പരിശോധന നടത്തി. റോയിക്കു സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് പോലീസ് വ്യക്തമാക്കുന്നത്.


