കണ്ണൂര്‍: എരഞ്ഞോളി ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ടയാളുടെ അയല്‍ക്കാരിയായ യുവതി. സ്ഫോടനം നടന്ന പ്രദേശത്ത് പതിവായി ബോംബ് നിര്‍മാണം നടക്കുന്നതായും പലതവണ പറമ്പുകളില്‍ നിന്ന് ബോംബ് കണ്ടെടുത്തിട്ടുണ്ടെന്നും ഇന്നലെ ബോംബ് സ്ഫോടനത്തില്‍ മരിച്ച വേലായുധന്റെ അയല്‍വാസി സീന പറഞ്ഞു. ഭയം കൊണ്ടാണ് ആരും ഇക്കാര്യങ്ങള്‍ പറയാത്തതെന്നും സഹികെട്ടാണ് ഇപ്പോള്‍ തുറന്നുപറയുന്നതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാര്ട്ടിക്കാര് ഇതിനുമുന്‍പും പലതവണ ബോംബ് എടുത്തുകൊണ്ടുപോയിട്ടുണ്ട്. ആളൊഴിഞ്ഞ വീടുകളെല്ലാം ഇവരുടെ ഹബ്ബാണ്. പലരും പേടിച്ചിട്ടാണ് മിണ്ടാതിരിക്കുന്നത്. മിണ്ടിയാല്‍ അവരുടെ വീടുകളില്‍ ബോംബ് എറിയും. പിന്നെ ജീവിക്കാന്‍ അനുവദിക്കില്ല. ഞങ്ങള്‍ സാധാരണക്കാരാണ.് ഇന്നലെ മരിച്ചത് ഒരു സാധരണക്കാരനാണ്. ഞങ്ങള്‍ക്ക് ഭയമില്ലാതെ ജീവിക്കണം. ഞങ്ങളുടെ കുട്ടികള്‍ക്ക് പറമ്പിലൂടെ കളിച്ച് നടക്കാന്‍ കഴിയണം- സീന മാധ്യമങ്ങളോട് പറഞ്ഞു.
പറമ്പില്‍ തേങ്ങ പെറുക്കാനായി എത്തിയ വേലായുധന് ഇന്നലെയാണ് സ്റ്റീല്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. തേങ്ങ പെറുക്കുന്നതിനിടെ കൈയില്‍ കിട്ടിയ സ്റ്റീല്‍ പാത്രം തുറക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സ്ഫോടനം.

