✍️ ചന്ദ്രപ്രകാശ് എസ് എസ്
കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യാക്കാരി അനസൂയ സെൻഗുപ്തയെപ്പറ്റി പലരും എഴുതുന്ന വിശേഷണങ്ങളിൽ വാരി വിതറുന്നത് മറ്റൊരു അനസൂയ സെൻഗുപ്തയുടെ സംഭാവനകളാണ്. സമൂഹത്തിലെ പാശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് വേണ്ടി ഇരുവരും പ്രവർത്തിക്കുന്നു എന്നതൊഴിച്ചാൽ രണ്ടുപേരും രണ്ട് വ്യത്യസ്ഥ വ്യക്തികളാണ്. ഒരാൾ സിനിമാമേഖലയിലാണ് പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിൽ, മറ്റൊരാൾ കവയിത്രിയും, എഴുത്തുകാരിയും, ഫെമിനിസ്റ്റും, ആക്ടിവിസ്റ്റുമാണ്.
നടി അനസൂയയുടെ നേട്ടം ആഗോള സിനിമ ഭൂപടത്തിൽ തന്നെ ഇന്ത്യയുടെ സുപ്രധാന നാഴികക്കല്ല് കൂടി അടയാളപ്പെടുത്തുന്നു. ആരാണ് നടി അനസൂയ സെൻഗുപ്ത?
മാറിയ കാലത്ത് നിരവധി സിനിമ നിർമ്മാതാക്കളും സംവിധായകരും സോഷ്യൽ മീഡിയയിൽ സജീവമാണ്. സോഷ്യൽ മീഡിയ പ്രൊഫൈലുകൾ നോക്കി പുതിയ അഭിനേതാക്കൾക്ക് അവർ അവസരം നൽകുന്നുണ്ട്. അത്തരത്തിൽ അവസരം ലഭിച്ച ഒരു നടിയാണ് അനസൂയ സെൻഗുപ്ത.
പ്രൊഡക്ഷൻ ഡിസൈനറിൽ നിന്നും നടിയായി മാറിയയാളാണ് അനസൂയ സെൻഗുപ്ത. അഞ്ജൻ ദത്തയുടെ 2009 ലെ മാഡ്ലി ബംഗാലിയിൽ സഹതാരമായി ആയിരുന്നു അരങ്ങേറ്റം. തുടർന്ന് 2013ൽ കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് മാറുകയും പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിക്കുകയും ചെയ്തു.മനോജ് ബാജ്പേയ്, അനുപം ഖേർ എന്നിവർ അഭിനയിച്ച സാത് ഉച്ചക്കി,അലി ഫസലിന്റെ ‘ഫോർഗെറ്റ് മി നോട്ട്’ തുടങ്ങിയ സിനിമകളിൽ പ്രൊഡക്ഷൻ ഡിസൈനർ എന്ന നിലയിൽ അവർ പ്രവർത്തിച്ചു. കൂടാതെ നെറ്റ്ഫ്ലിസ് ഷോ ‘മസബ മസാബ’യുടെ അണിയറയിലും അനസൂയ സെൻഗുപ്ത ഉണ്ടായിരുന്നു.
ഇങ്ങനെ ജീവിതം മുന്നോട്ടുപോകവേ മാനസികാരോഗ്യം തകർന്ന് അനസൂയ വിഷാദരോഗിയായി.ആരോഗ്യം വീണ്ടെടുക്കാൻ മുംബൈ വിട്ട് ഗോവയിലെത്തി. ആദ്യം അച്ഛൻ്റേയും പിന്നീട് ഭർത്താവ് യഷ് ദീപുവിൻ്റേയും സ്നേഹപരിചരണങ്ങളിൽ ജീവിതം തിരികെ പിടിച്ച അനസൂയ പഴയ ഇരുണ്ട കാലത്തേക്ക് തിരിഞ്ഞുനോക്കാതെയാണ് കാനിലും അഭിമാനമായത്.
ആരാണ് എഴുത്തുകാരി അനസൂയ സെൻഗുപ്ത?
നടി അനസൂയ സെൻഗുപ്തയെലോകമറിഞ്ഞത് ഈ വർഷം ഇന്നലെയാണ്. അതേസമയം എഴുത്തുകാരി അനസൂയ സെൻഗുപ്ത കാൽ നൂറ്റാണ്ട് മുമ്പേ ലോകമറിഞ്ഞ കവയിത്രിയും ആക്ടിവിസ്റ്റുമാണ്.
“Too many women
in too many countries
speak the same language of silence”
“വളരെയധികം രാജ്യങ്ങളിൽ നിരവധി സ്ത്രീകൾ നിശബ്ദതയുടെ ഒരേ ഭാഷ സംസാരിക്കുന്നു”.
ലോകമെമ്പാടുമുള്ള സ്ത്രീ വിമോചനത്തിൻ്റെ ആവശ്യകതയെക്കുറിച്ച് തൻ്റെ അഭിപ്രായം പ്രകടിപ്പിച്ചപ്പോൾ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും രാജ്യത്തിൻ്റെ പ്രഥമ വനിതയുമായിരുന്ന ഹിലാരി ക്ലിൻ്റൺ ചൊല്ലിയ കവിതയിലെ വരികളാണിത്.
1995 മാർച്ചിൽ അമേരിക്കൻ പ്രഥമ വനിതയായി ഇന്ത്യയിലെത്തിയപ്പോഴാണ് അന്നത്തെ ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായിരുന്ന 21 കാരി അനസൂയ സെൻഗുപ്ത എഴുതിയ കവിത ഹിലാരി ക്ലിൻ്റൺ ആദ്യമായി കേൾക്കുന്നത്.
ലോകത്തെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് വിജ്ഞാന സൗകര്യങ്ങൾ നിഷേധിക്കപ്പെടുന്നതിനെ ഉയർത്തിക്കാട്ടി അക്കാലത്ത് പ്രചരണം തുടങ്ങിയ അനസൂയ സെൻഗുപ്ത അന്നേ പ്രശസ്തയായിരുന്നു. കർണ്ണാടകയിലെ പോലീസിനെ കുറിച്ചുള്ള ഗവേഷണ പ്രബന്ധത്തിൽ പോലീസിൽ എങ്ങനെയാണ് ജാതീയത പ്രവർത്തിക്കുന്നതെന്ന് വിശകലനം നടത്തിയ ഫെമിനിസ്റ്റ് അക്കാലത്ത് കവിതകളും എഴുതിയിരുന്നു. ഹിലാരി ക്ലിൻ്റനെ ആകർഷിച്ച Silence എന്ന കവിതയിലെ വരികൾ തന്നെ അവരുടെ സ്ത്രീപക്ഷ നിലപാടിനെ സാധൂകരിക്കുന്നതാണ്.ഹിലാരി ക്ലിൻ്റൺ ഇന്ത്യയിലും ചൈനയിലെ ബീജിങ് സമ്മേളനത്തിൽ പങ്കെടുത്തപ്പോഴും പരാമർശിച്ചത് ഈ കവിതയാണ്.
2003 ൽ പ്രസിദ്ധീകരിച്ച ഹിലാരി ക്ലിൻ്റൻ്റെ ആത്മകഥയിലെ ഒരു അദ്ധ്യായം തന്നെ ഈ കവിതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്.അക്കാര്യം പുസ്തകത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.ഹിലാരി ക്ലിൻ്റനെ വളരെയധികം ആകർഷി അനസൂയ സെൻഗുപ്തയുടെ സൈലൻസ്(നിശബ്ദത)എന്നതിനെ ഉൾക്കൊണ്ട് “നിശബ്ദത ഇവിടെ സംസാരിക്കുന്നില്ല” എന്നാണ് ആത്മകഥയിലെ ഒരു അധ്യായത്തിൻ്റെ പേരുതന്നെ. എഴുത്തിന് പുറമെ അനസൂയ ഇപ്പോൾ സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള ലോകമറിയുന്ന ഒരു പ്രവർത്തക കൂടിയാണ്.
Silence(നിശബ്ദത) എന്ന കവിതയാകണം അനസൂയ സെൻഗുപ്തയെ പ്രശസ്തിയിലേക്ക് നയിച്ചത്.
ബാംഗ്ലൂർ കാരിയായ അനസൂയ ആക്ടിവിസ്റ്റ് സെലിബ്രിറ്റിയായും എഴുത്തുകാരിയായും ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്നു. ഓക്സ്ഫോർഡിൽ പൊളിറ്റിക്സിൽ ഡോക്ടറേറ്റിന് പഠിച്ച അനസൂയ അവിടേയും തൻ്റെ കഴിവ് പ്രകടിപ്പിക്കുകയുണ്ടായി.ഡൽഹി ലേഡി ശ്രീറാം കോളേജിൽ സാമ്പത്തിക ശാസ്ത്രം പഠിക്കുന്നതിനിടെയാണ് അനസൂയയോട് കവിതയെഴുത്തിൽ കേന്ദ്രീകരിക്കാൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടത്.
സ്ത്രീകളുടെ പ്രശ്നങ്ങളിൽ പോലീസിനെ കൂടുതൽ സെൻസിറ്റീവ് ആക്കുന്നതിനായി യുണിസെഫ് സ്പോൺസേർഡ് പ്രോഗ്രാമിൻ്റെ കൺസൾട്ടൻ്റായും അനസൂയ ജോലി ചെയ്തിട്ടുണ്ട്.
മുതിർന്ന ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഭിജിത് സെൻഗുപ്ത പിതാവും തിയേറ്റർ ആർട്ടിസ്റ്റും ആക്ടിവിസ്റ്റുമായ പൊയിൽ സെൻഗുപ്ത മാതാവുമാണ്. സാമൂഹിക നീതിയോട് പ്രതിബദ്ധതയുള്ള ഒരു കുടുംബത്തിൽ 1974 ൽ ബാംഗ്ലൂരിലാണ് അനസൂയ ജനിച്ചതും വളർന്നതും. ഇംഗ്ലീഷ്, ഹിന്ദി,കന്നഡ, തമിഴ്, ബംഗാളി, മലയാളം ഭാഷകളിൽ നൈപുണ്യമുള്ള എഴുത്തുകാരിയാണ് അനസൂയ.
മിസ്സിസ് ക്ലിൻ്റൻ്റെ ആത്മകഥ വിൽപ്പനയ്ക്കെത്തിയപ്പോൾ ഒരു നോൺ-ഫിക്ഷൻ പുസ്തകത്തിൻ്റെ ഏറ്റവും കൂടുതൽ വിറ്റുവരവ് എന്ന റെക്കോർഡ് സ്ഥാപിക്കുകയുണ്ടായി. ആദ്യ 24 മണിക്കൂറിനുള്ളിൽ 40,000 ത്തിലധികം പകർപ്പുകൾ വിറ്റഴിഞ്ഞു. അതിൻ്റെ കാരണങ്ങളിൽ ഒന്ന് അനസൂയ സെൻഗുപ്തയുടെ കവിതയാണെന്നത് നിഷേധിക്കാവുന്നതല്ല.

